ADVERTISEMENT

തൃശൂർ∙ കിഴക്കേകോട്ട ജംക്‌ഷനിൽ റോഡ് കുറുകെ കടക്കുന്നതിനിടെ മുന്നോട്ടെടുത്ത കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് വലിച്ചുകൊണ്ടുപോയത് മുപ്പത് മീറ്ററോളം. ബൈക്കിന് മുന്നിൽ കുരുങ്ങിയ യാത്രികൻ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അഞ്ചേരി സ്വദേശി വേലൂക്കാരൻ വീട്ടിൽ സെബിൻ (20) ആണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

വ്യാഴാഴ്ച വൈകിട്ട് കിഴക്കേകോട്ടയിലായിരുന്നു ആളുകളെ സ്തബ്ദരാക്കിയ അപകടമുണ്ടായത്.  കിഴക്കേകോട്ടയിൽ പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് യാത്രികൻ സെബിനെ ജൂബിലി മിഷൻ ആശുപത്രി ഭാഗത്തുനിന്നും വരികയായിരുന്ന പാലക്കാട് സ്വദേശി ഓടിച്ചിരുന്ന മാരുതി കാർ ആണ് ഇടിച്ച് നീക്കിപ്പോയത്. വൈകുന്നേരമായതിനാൽ ജോലിക്കാരുടെ തിരക്കിലായിരുന്നു ജംക്‌ഷൻ. ബൈക്കുകളും മറ്റു വാഹനങ്ങളുമായി ഏറെയുണ്ടായിരുന്നു. മറ്റൊരു ബൈക്കിന് തൊട്ടുപിന്നിലായി കടന്നു പോയിരുന്ന ബൈക്ക് യാത്രികനെ കാത്ത് കിടന്നിരുന്ന കാർ വേഗത്തിൽ ഇടിച്ച് നീക്കുകയായിരുന്നു. 

കണ്ടു നിന്നവരെല്ലാം നിലവിളിയായി. ശബ്ദംകേട്ട് കാർ നിറുത്തിയത് ഏറെ മുൻപോട്ട് പോയതിനുശേഷമാണ്. ബൈക്ക് ഇടിച്ചിട്ടുവെങ്കിലും വീണ ബൈക്കിന് മുകളിലും കാറിന്റെ മുൻവശത്തോട് ചേർന്നും ബൈക്ക് യാത്രികൻ ഇരുന്നതാണ് മറ്റ് അപകടങ്ങളൊന്നുമില്ലാതിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർന്നതായിരുന്നു കാർ നിയന്ത്രണംവിടാൻ കാരണമായത്. 

അപകടത്തിന്റെ സിസിടിവി ദൃശ്യം (ഇടത്), സെബിൻ (വലത്)
അപകടത്തിന്റെ സിസിടിവി ദൃശ്യം (ഇടത്), സെബിൻ (വലത്)

ബൈക്കിന് ചെറിയ കേടുപാടുകളൊഴിച്ച് മറ്റൊന്നുമുണ്ടായില്ല. ബൈക്കിന്റെ കേടുപാടുകൾ തീർക്കാമെന്ന് കാറുകാരൻ അറിയിച്ചതോടെ ഇരുവരും ധാരണയിലെത്തി. മറ്റ് സാരമായ പരുക്കുകളൊന്നും അപകടത്തിലില്ലാത്തതും പരാതികളില്ലാത്തതിനാലും പൊലീസും കേസൊന്നുമെടുത്തില്ല. ഇതിനിടെ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തില്ലെങ്കിലും വൈറലാവുകയും ചെയ്തു.

രക്ഷപ്പെട്ടത് മാതാപിതാക്കളുടെ പ്രാർത്ഥന മൂലം: സെബിൻ

‘ഇലക്ട്രിക്കൽ ജോലികഴിഞ്ഞ് വരുമ്പോഴാണ് പിന്നിലുള്ള കാർ പെട്ടെന്ന് എന്റെ അരികിൽ ഉണ്ടായിരുന്ന ബൈക്കിൽ തട്ടിയത്. നിയന്ത്രണംവിട്ട കാർ എന്റെ ബൈക്കിലും ഇടിച്ചത് അറിഞ്ഞു. പിന്നെ എന്താണ് സംഭവിച്ചതെന്ന് ശരിക്കും മനസ്സിലായത് വിഡിയോ കണ്ടപ്പോഴാണ്. കാറ് ഇടിച്ചുനിരത്തി കൊണ്ടുപോകുന്ന ബൈക്കിന്റെ മുകളിൽ ഇരുന്ന് മുപ്പത് മീറ്ററോളം ദൂരം ഞാൻ മുന്നോട്ടുപോയി. 

കാർ നിർത്തിയപ്പോൾ ചാടിയിറങ്ങി രക്ഷപ്പെട്ടു. ദൈവാനുഗ്രഹം അല്ലെങ്കിൽ ഞാനിപ്പോൾ ജീവനോടെ ഉണ്ടാവില്ല. ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉള്ളവരാണ് ദൃശ്യം സിസിടിവിയിൽ റെക്കോർഡ് ആയ വിവരം പറഞ്ഞത്. ഈ ദൃശ്യം ഞാൻ അമ്മയെ കാണിച്ചു. അമ്മ തലയിൽ കൈവച്ച് ഇരുന്നു പോയി. ബൈക്കിന്റെ ചെയ്സ് അടക്കം വളഞ്ഞു പോയി. എനിക്ക് പക്ഷേ ഒരു പോറൽ പോലും ഇല്ല.’

Content Highlights: Road Accident, Thrissur News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com