വെറും 9 മാസം കൊണ്ട് കോവിഡ് വാക്സീൻ: ‘കുതിരലായത്തിൽനിന്ന്’ വിജയക്കുളമ്പ‍ടി

1200-adar-poonawalla
അദാർ പുനെവാല (Photo Courtesy - IANS)
SHARE

കോവിഡിനെ തുരത്താൻ ദൈവം ‘കുതിരപ്പുറത്ത് അയച്ച’ പോരാളികൾ; സൈറസ് പുനെവാലയും മകൻ അദാർ പുനെവാലയും. കേരളത്തിൽ ശനിയാഴ്ച വിതരണം ആരംഭിക്കുന്ന കോവിഷീൽഡ് വാക്സീനു പിന്നിൽ അര നൂറ്റാണ്ടു മുൻപു തുടക്കമിട്ട ഒരു അശ്വമേധത്തിന്റെ കുളമ്പടി ഉറഞ്ഞുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ കമ്പനികളിൽ ഒന്നിന്റെ ചരിത്രം കൂടിയാണത്.

പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച വാക്സീന്റെ 4.4 ലക്ഷത്തോളം ഡോസുകൾ കേരളത്തിലേക്കെത്തുമ്പോൾ ആ വിജയത്തിന്റെ കുളമ്പടിക്കഥ കേൾക്കാതെ പോകരുത് മലയാളികൾ. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന പേരു കേൾക്കുമ്പോൾ ഇതൊരു സർക്കാർ സ്ഥാപനമല്ലേ എന്നുതോന്നാം. എന്നാൽ ഡോ. സൈറസ് പൂനെവാലയും (79) മകൻ അദാർ പുനെവാലയും (40) ചേർന്നു നാട്ടിലും വിദേശത്തുമായി നടത്തുന്ന ഈ കുടുംബവ്യവസായം കോവിഡ് സൃഷ്ടിച്ച ഭീതിയുടെ വലകൾ ഭേദിച്ച് ജൈത്രയാത്ര തുടരുന്നു. അദാറിന്റെ നാൽപ്പതാം ജന്മദിനമായിരുന്നു ഇന്നലെ. അങ്ങനെ രാജ്യത്തിന് ഇതൊരു അമൂല്യ ജന്മദിന സമ്മാനവുമായി മാറി.

ലോകചരിത്രത്തിൽ ആദ്യമായി ഇത്രവേഗത്തിൽ ഒരു വാക്സീൻ എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് നാലായിരത്തോളം സീറം ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരുടെയും ഗവേഷകരുടെയും പുനെവാല കുടുംബത്തിന്റെയും വിജയമാണ്. ഒപ്പം മാനവരാശിക്കു പ്രതീക്ഷയുടെ പ്രതിരോധമരുന്നായും മാറി പുനെവാല.

കുതിരലായത്തിൽനിന്ന് ഒരു വിജയക്കുളമ്പ‍ടി

പന്തയക്കുതിരകളെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കുതിരപ്പന്തിയായിരുന്നു പുനെവാലമാരുടെ കുടുംബസംരംഭം. ഇതിനു പുറമേ, ടെറ്റനസിനുള്ള പ്രതിരോധ മരുന്നു നിർമാണത്തിന് കുതിരയുടെ സ്രവം നൽകുകയും ചെയ്തിരുന്നു. സ്വന്തം നിലയിൽ സ്രവം എടുത്തു കുപ്പികളിലാക്കി നൽകുന്ന സംവിധാനം തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത് അങ്ങനെയാണ്. എഴുപതുകളുടെ തുടക്കത്തിൽ ഇത്തരമൊരു ബിസിനസ് സംരംഭം വെല്ലുവിളിയായിരുന്നു.

Vaccination Drive India
Vaccination | Kochi
11
Show All
In pictures: Vaccination Drive India

പക്ഷേ അതേറ്റെടുത്ത സൈറസ് സഹോദരനുമായി ചേർന്ന് 5 ലക്ഷം രൂപ കടമെടുത്തു തുടങ്ങിയ കമ്പനി ഇന്ന് അറുപതിനായിരം കോടി രൂപയുടെ വ്യവസായ സാമ്രാജ്യമാണ്. 1974 ൽ ഡിടിപി വാക്സീനും പാമ്പുവിഷത്തിനെതിരായ മരുന്നും ഉൾപ്പെടെ ഉൽപാദിപ്പിച്ച് തുടങ്ങിയ സീറം തൊണ്ണൂറുകളിൽത്തന്നെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി. തുടർന്നു ലോകാരോഗ്യ സംഘടനയുടെ വാക്സീൻ പരിപാടികളിൽ പങ്കാളിയായി. തുടർന്നിങ്ങോട്ടു വളർച്ച മാത്രം. ഇന്നു പുനെവാലയെന്ന ശതകോടീശ്വരനെ ലോകം വിളിക്കുന്നു– ദൈവത്തിന്റെ സ്വന്തം മരുന്നുകച്ചടവക്കാരൻ.

ഏറ്റവും വലിയ കുതിരലായം

മുന്നൂറോളം പന്തയക്കുതിരകളുടെ പ്രൗഢിയുമായി, രാജ്യത്തെ ഏറ്റവും വലിയ ഈ കുതിരലായം ഇന്നും സീറം ക്യാംപസിൽ മുഖപ്പട്ടയണിഞ്ഞു വിരാജിക്കുന്നു. ‘ഒരു കപ്പ് ചായയുടെ വിലയിൽ കൂടരുത് വാക്സീനുകൾക്ക്. പാവങ്ങൾക്കു താങ്ങാവുന്നതാവണം മരുന്ന്. ലോകത്തെ മൂന്നു കോടി കുട്ടികളുടെയെങ്കിലും ജീവൻ രക്ഷിക്കാനായി’ എന്നാണ് മനുഷ്യസ്നേഹിയായ പുനെവാലയുടെ വാദം.

ലോകമെങ്ങുമുള്ള പാഴ്സികൾക്കു മാത്രം നൽകാനായി 60000 ഡോസ് കോവിഷീൽഡ് മാറ്റിവച്ചിരിക്കാണ് സമുദായസ്നേഹിയും ശരദ് പവാറിന്റെ സഹപാഠിയുമായ പുനെവാല.

1200-covishield-vaccine
കോവിഷീൽഡ് വാക്സീൻ അമൃത്‌സറിൽ എത്തിച്ചപ്പോൾ (Photo by NARINDER NANU / AFP)

മൈനസ് 20 ഡിഗ്രി തണുപ്പുള്ള സീറം ഗോഡൗണിൽ കോടിക്കണക്കിനു ഡോസ് വാക്സീനാണു സൂക്ഷിച്ചിരിക്കുന്നത്. ‘ലോകത്ത് എവിടെ പകർച്ചവ്യാധി വന്നാലും ആദ്യ അന്വേഷണം എത്തുന്നത് സീറത്തിലേക്കാണ്. 10 ദിവസത്തിനുള്ളിൽ മരുന്ന് എവിടെയും എത്തിക്കാൻ സീറത്തിനു കഴിയും.’– ഇ മെയിൽ സംഭാഷണത്തിൽ പുനെവാല വിശദീകരിച്ചു.

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസിന്റെ പ്രതിവർഷ ഉൽപാദനശേഷി ഏകദേശം 150 കോടി ഡോസാണ്. 100 കോടി കൂടി ഉൽപാദിപ്പിക്കാനുള്ള ശേഷിക്കായി പദ്ധതിയിടുന്നു. 170 രാജ്യങ്ങളിലാണ് സീറം ഉൽപാദിപ്പിക്കുന്ന വാക്സീൻ എത്തുന്നത്. ലോകത്തെ 70 ശതമാനം കുട്ടികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സീറം വാക്സീൻ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണു കണക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ക്യാംപസാണ് സീറം ഗവേഷണ കേന്ദ്രം. രൂപമാറ്റം വരുത്തിയ എയർബസ് എ 320 വിമാനമാണ് ജൂനിയർ പുനെവാലയുടെ പുതിയ ഓഫിസ്.

ഓക്സ്ഫഡിൽ മരുന്നു പഠനം ജനുവരി മുതലേ

കോവിഡ് തുടങ്ങിയ സമയത്തു തന്നെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട്, ഓക്സ്ഫഡ് വാക്സീൻ ഗ്രൂപ്പ് എന്നീ ഗവേഷണ വിഭാഗങ്ങളിലെ പ്രഫസർ സാറാ ഗിൽബർട്ട്, അഡ്രിയൻ ഹിൽ എന്നിവരുടെ നേതൃത്വത്തിൽ വാക്സീൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിന് ഓക്സ്ഫഡ് സർവകലാശാല തുടക്കമിട്ടിരുന്നു. ആംഗ്ലോ–സ്വീഡീഷ് മരുന്നു കമ്പനിയായ അസ്ട്ര സെനക്ക ആണ് ഈ സംരഭത്തിൽ ഓക്സ്ഫഡിന്റെ കൂട്ടാളി.

കോവിഡിനു കടിഞ്ഞാണിടാൻ ഒരു അതിവേഗ വാക്സീൻ എന്ന ആശയവുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരെ കാത്തിരിക്കുന്ന സമയം. മലേറിയയ്ക്ക് എതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്നുമായി ബന്ധപ്പെട്ടു സീറവും ഓക്സ്ഫഡും തമ്മിൽ നേരത്തേ ബന്ധപ്പെട്ടിരുന്നു. വാക്സീൻ നിർമാണ രംഗത്തെ പടക്കുതിരയായ സീറം അങ്ങനെയാണ് കോവിഷീൽഡ് ഉൽപാദനത്തിൽ പങ്കാളിയാകുന്നത്.

സീറം മാറ്റിവച്ചത് 3000 കോടി രൂപ

മനുഷ്യ ജനിതക ഘടനയോട് ഏറെ അടുത്തു നിൽക്കുന്ന സിംഹവാലൻ ഇനത്തിൽപ്പെട്ട കുരങ്ങുകളിലാണ് ഓക്സ്ഫഡ് ഇത് ആദ്യം പരീക്ഷിച്ചത്. തുടർന്ന് യുകെയിലെ 1077 ആളുകളിലേക്കു പരീക്ഷണം പുരോഗമിച്ചു. 3000 കോടി രൂപയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനായി മാറ്റിവച്ചത്. വാക്സീൻ പരീക്ഷണം പരാജയപ്പെട്ടിരുന്നെങ്കിൽ 1500 കോടി രൂപയെങ്കിലും പാഴാകുമായിരുന്നു.

വിവിധ ഗവേഷകരുമായി ചേർന്ന് അഞ്ചോളം വാക്സീനുകൾ ഉൽപാദിക്കുന്നതിനുള്ള ശ്രമത്തിലാണ് സീറം. വൈറസ് അധിഷ്ഠിതം, പ്രോട്ടീൻ അധിഷ്ഠിതം, വൈറൽ വെക്ടർ അധിഷ്ഠിതം, ന്യൂക്ലിക് ആസിഡ് അധിഷ്ഠിതം തുടങ്ങി വാക്സീനുകൾ പലതരത്തിലുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഭാരത് ബയോടെക്, സൈഡസ് കാഡില്ല, ഡോ. റെഡ്ഡീസ് ലാബ്, ബയോളജിക്കൽ ഇ, ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, അരബിന്ദോ ഫാർമ, ജെന്നോവാ ബയോ ഫാർമസ്യൂട്ടിക്കൽസ്, റിലയൻസ് ലൈഫ് സയൻസസ്, ഹെസ്റ്റർ ബയോസൻസസ്, മിൻവാക്സ് തുടങ്ങിയ ഇന്ത്യൻ ഫാർമസി കമ്പനികളും ഗവേഷണത്തിൽ സജീവമാണ്. ഇതിൽ സൈഡസും ഭാരത് ബയോടെക്കും ഇന്ത്യയുടെ സ്വന്തം വാക്സീൻ എന്ന ലക്ഷ്യവും മുന്നോട്ടു വയ്ക്കുന്നു.

വാക്സീൻ പലവിധം; ശേഷി 130 കോടി

അഞ്ചാംപനിക്കും ടെറ്റനസിനും പോളിയോയ്ക്കും ഉൾപ്പെടെ പ്രതിവർഷം 130 കോടി ചിമിഴുകൾ (വൈൽ) ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപിത ഉൽപാദന ശേഷി. പുണെ ഹദാപ്സറിലെ ഉൽപാദന കേന്ദ്രത്തിൽ വൈറസ് നിറഞ്ഞ സ്രവങ്ങളും മറ്റു കൈകാര്യം ചെയ്യുന്നതു യന്ത്രകൈകളാണ്. മനുഷ്യസ്പർശം അകറ്റി അണുബാധ ചെറുക്കാനാണിത്.

അതിവേഗ കുഴലിലൂടെ ഒഴുകിയെത്തുന്ന വാക്സീൻ മിനിറ്റിൽ 500 വീതം വൈലുകളിലേക്കു നിറച്ച് പുറത്തേക്കിറങ്ങുന്നു. പാക്കേജിങ്ങിലേക്കു നീന്തിയെത്തുന്ന കുപ്പികളിൽ പൊടിയുടെ ഒരു കണം പോലും ഇല്ലെന്ന് ഉറപ്പാക്കുന്നതു കണ്ണിനെ വെല്ലുന്ന ക്യാമറക്കണ്ണുകൾ.

പൊങ്ങൻപനി വാക്സീൻ 34 വർഷം കൊണ്ട്

പൊങ്ങൻപനിക്ക് (ചിക്കൻപോക്സ്) വാക്സീൻ വികസിപ്പിക്കാൻ 34 വർഷമെടുത്തു. ഗർഭാശയ (സെർവിക്കൽ) കാൻസറിനു 15 വർഷവും മുണ്ടിനീര് (മംപ്സ്,) അഞ്ചാംപനി, പോളിയോ എന്നിവയ്ക്ക് യഥാക്രമം നാലും ഒൻപതും ഏഴും വർഷവുമെടുത്തു വാക്സീനുണ്ടാക്കാൻ. പരീക്ഷണശാലയിൽനിന്നു ജനങ്ങളിലെത്താൻ കോവിഡ് വാക്സീൻ എടുത്തതു കേവലം 9 മാസം മാത്രം. പുതിയ വാക്സീൻ വികസിപ്പിക്കാൻ ശരാശരി 10 വർഷം വേണമെന്ന സങ്കൽപം തന്നെ കോവിഡ് പൊളിച്ചടുക്കി.

1200-covid-vaccine-india
അഹമ്മദാബാദിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിനായി കോവിഡ് വാക്സീൻ കയറ്റിവിടുന്നു (Photo by Sanjay KANOJIA / AFP)

യുഎസും യുകെയും കോടിക്കണക്കിനു ഡോളർ ഇറക്കി ഫാർമസി കമ്പനികളെ പ്രോത്സാഹിപ്പിച്ചിട്ടും കാര്യമായ സർക്കാർ ധനസഹായമില്ലാതെ ഇന്ത്യയിലെ വിവിധ സ്വകാര്യ ഫാർമ കമ്പനികൾ ഈ നേട്ടം കൊയ്തതു ചെറിയ കാര്യമല്ലെന്നു വിദഗ്ധർ പറയുന്നു.

ഇന്ത്യ: മൂന്നാം ലോകത്തെ വാക്സീൻ വല്യേട്ടൻ

ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സീൻ ഉൽപാദിപ്പിക്കുന്ന ലോകത്തിന്റെ വാക്സീൻ ഫാക്ടറിയായി (25 ശതമാനം) ഇന്ത്യ മാറുമെന്നാണ് ലോകാരോഗ്യ സംഘടനയും യുനിസെഫും വാക്സീൻ അലയൻസ് പോലെയുള്ള സംഘനടകളും പ്രതീക്ഷിക്കുന്നത്.

ലോകത്തെ പകുതിയോളം രാജ്യങ്ങൾ കാത്തിരിക്കുന്നത് ഇന്ത്യൻ വാക്സീൻ

കോവിഡിന് എതിരെ 12 വാക്സീനുകളാണ് ലോകവിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ 3 എണ്ണം ഇന്ത്യയുടെ സ്വന്തം. ആഗോള തലത്തിലേക്കു ഗവേഷണ മികവു സന്നിവേശിപ്പിക്കാൻ ഭാരതത്തിനു ലഭിച്ച അവസരം കൂടിയാണിത്. ലോകരാജ്യങ്ങൾക്കിടയിൽ സൗഹൃദത്തിന്റെയും മാനവികതയുടെയും രോഗശാന്തിയുടെയും ചിറകടിയായി ജിയോ– ഫാർമ എന്ന ഔഷധ നയതന്ത്രവും കുപ്പി തുറക്കുന്നു.

കറാച്ചിയിലെ കുട്ടികൾക്കിടയിൽ വ്യാപകമായ സന്നിപാതജ്വരത്തിനുള്ള വാക്സീൻ ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ തുടക്കമിട്ട ഗവി എന്ന ഗ്ലോബൽ വാക്സീൻ അലയൻസിലൂടെ നൽകുന്നത് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്കാണ്. കാരണം ഈ വാക്സീൻ ലോകത്ത് ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. പ്രധാനമന്ത്രി പറയുന്ന ആത്മനിർഭർ ഭാരത് അങ്ങനെ യാഥാർഥ്യമാകുന്നു. ബംഗ്ലദേശിനും മറ്റ് അയൽരാജ്യങ്ങൾക്കും ആവശ്യമായ കോവിഡ് വാക്സീനും നൽകുന്നതോടെ മേഖലയിലെ വൈദ്യരത്നമായി ഇന്ത്യ മാറിയാൽ അദ്ഭുതപ്പെടേണ്ടതില്ല. ഇതു സമാധാനത്തിലേക്കും കൂടി നയിച്ചാൽ രാജ്യത്തെ കാത്തിരിക്കുന്നതു ലോകത്തിന്റെ മരുന്നുപുര എന്ന പദവി. കോവിഡിനു മുൻപ് ഇവിടെ ഉൽപാദിപ്പിച്ചിരുന്ന മൂന്നിൽ രണ്ടു വാക്സീനും ഇന്ത്യ കയറ്റുമതി ചെയ്യുകയായിരുന്നു..

വരുന്നു, ഒറ്റത്തവണ മൂക്കിൽ ഒഴിക്കാവുന്ന വാക്സീൻ

ഈ വർഷം തന്നെ 400 കോടിയോളം കോവിഡ് വാക്സീൻ ഡോസാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ മൂക്കിൽ ഒഴിക്കാവുന്ന വാക്സീൻ ജൂണിൽ പുറത്തിറക്കാമെന്നാണ് ഭാരത് ബയോടെക്കിന്റെ അവകാശവാദം. മീസിൽസിന് (അഞ്ചാംപനി) എതിരെ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നിൽ മാറ്റം വരുത്തി വാക്സീനാക്കാനുള്ള ഒരുക്കത്തിലാണ് സൈഡെസ് കാഡില്ല എന്ന കമ്പനി. മനുഷ്യചരിത്രത്തിലെ ഏറ്റവും വിപുലമായ ഔഷധാന്വേഷണത്തിൽ പങ്കെടുത്ത് മുന്നൂറിലേറെ കോവിഡ് വാക്സീനുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണഘട്ടത്തിലുള്ളത്. മൂന്നാം ഘട്ടം പിന്നിടുന്ന വാക്സിനുകളിൽ മുക്കാൽ പങ്കും വിജയിക്കുമെന്നാണു നിഗമനം.

9 മാസത്തെ സമർപ്പിത ഗവേഷണം, ലോകോത്തര സാങ്കേതിക വിദ്യ, ഉൽപാദക–ഗവേഷക പങ്കാളിത്തം, മുതൽമുടക്ക്, മന്ത്രാലയ പിന്തുണ, ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെയും ബയോടെക്നോളജി വിഭാഗത്തിന്റെയും ഐസിഎംആറിന്റെയും അനുമതി എന്നിവയെല്ലാം ഈ പടയോട്ടത്തിൽ മുൻപന്തിയിലെത്താൻ ഇന്ത്യയിലെ സ്വകാര്യ മരുന്നുൽപാദകരെ സഹായിച്ചു. കസൗളിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയും ഇക്കാര്യത്തിൽ ഏറെ സഹകരിച്ചു. ഗവേഷണ മേഖലയെ ലോക്ഡൗണിൽനിന്നു മുക്തമാക്കിയെങ്കിലും ഏറെ പ്രയാസപ്പെട്ടാണ് പല അസംസ്കൃത വസ്തുക്കളും സംഘടിപ്പിച്ചത്.

പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി ചുമതലയേറ്റ പ്രിയ ഏബ്രഹാമും സംഘവും 11 തരത്തിലുള്ള കോവിഡ് ജനിതക വ്യതിയാനങ്ങൾ കണ്ടെത്തിയതും ഗവേഷണത്തിനു വെളിച്ചമേകി.

ബഹുരാഷ്ട്ര കമ്പനികളുടെ മൂന്നാംലോക അലർജി

ലോകത്തെ പ്രധാന ബഹുരാഷ്ട്ര മരുന്നു കമ്പനികളൊന്നും മൂന്നാം ലോകത്തെ ഉഷ്ണമേഖലാ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധിക്ക് വാക്സീൻ കണ്ടുപിടിക്കാൻ ശ്രമിക്കാറില്ല. കോവിഡിനെയും തുടക്കത്തിൽ അവർ ഗൗരവമായി എടുത്തില്ല. ഇത്തരം പനികളെപ്പറ്റി ഗവേഷണം നടത്തുന്നതിൽ അവർക്കു താൽപര്യവുമില്ല. കാരണം അതു വലിയ ലാഭമില്ലാത്ത മേഖലയാണെന്നതു തന്നെ. ശൈത്യരാജ്യങ്ങൾക്കു വേണ്ടി ഇൻഫ്ലുവൻസാ വാക്സീനുകൾ ഉൽപാദിപ്പിക്കുമെങ്കിലും പാവങ്ങൾക്കു വേണ്ടി ലോകാരോഗ്യ സംഘടനയും മറ്റും തയാറാക്കുന്ന സൗജന്യ രോഗപ്രതിരോധ വാക്സീൻ പദ്ധതികളി‍ൽ നിന്ന് ഇത്തരം ബഹുരാഷ്ട്ര കമ്പനികൾ വിട്ടുനി‍ൽക്കും. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇന്ത്യ സത്യത്തിൽ ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളുടെ മരുന്നുകടയാണ്.

വിവിധ വാക്സീനുകൾ: ഇന്ത്യയുടെ ഉൽപാദന ശേഷി

∙ ബിസിജി (ബാസിലസ് കാമറ്റെ ഗുറിൻ) 1836 ലക്ഷം ഡോസ്
∙ ഡിപിടി (ഡിപ്തീരിയ പെറ്റസിസ് ടെറ്റനസ്) 634 ലക്ഷം ഡോസ്
∙ ടിടി (ടെറ്റനസ് ടോക്സോയിഡ്) 3787 ലക്ഷം ഡോസ്
∙ ഒപിവി (ഓറൽ പോളിയോ വാക്സീൻ) 7778 ലക്ഷം ഡോസ്
∙ മീസിൽസ് –1550 ലക്ഷം ഡോസ്
∙ ടിഡി (ടെറ്റനസ് ഡിപ്തീരിയ) – 1200 ലക്ഷം ഡോസ്
∙ ഹെപ്പറ്റൈറ്റിസ് ബി– 860 ലക്ഷം ഡോസ്
∙ എംഎംആർ (മീസിൽസ് മംപ്സ് ആൻഡ് റുബെല്ലാ)– 513 ലക്ഷം ഡോസ്
∙ പെന്റാവാലന്റ് – 2565 ലക്ഷം ഡോസ്

English Summary: Coronavirus: Emotional moment for Serum Institute of India team For Their success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA