ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ വലിയ വെട്ടിപ്പു നടന്നതായി എംഡി ബിജു പ്രഭാകർ. 2012–15 കാലയളവിൽ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി, വെട്ടിപ്പു നടത്തിയ ജീവനക്കാരിൽ ചിലർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ഷറഫിനെതിരെയും അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിനെതിരെ നടപടിയെടുക്കും. കെഎസ്ആർടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവർത്തന പദ്ധതികൾ സംബന്ധിച്ചും വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനു വേദിയായത്.

കെഎസ്ആർടിസി വലിയ പ്രതിസന്ധിയിലാണെന്നു എംഡി വ്യക്തമാക്കി. ടിക്കറ്റ് മെഷീനിൽ ചില ജീവനക്കാർ തട്ടിപ്പു നടത്തുന്നുണ്ട്. ബസുകളുടെ സ്പെയർ പാർട്സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസൽ വെട്ടിപ്പ് തുടരാനാണു ചിലർ സിഎൻജിയെ എതിർക്കുന്നത്. യാത്രക്കാർക്കു പഴയ ടിക്കറ്റു നൽകിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ജീവനക്കാരെ മൊത്തതിൽ ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി വ്യക്തമാക്കി.

കോർപറേഷനിൽ 7090 ജീവനക്കാർ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല, ഭാവിയിൽ ആളെ കുറയ്ക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കിൽ അടിമുടി അഴിച്ചുപണിവേണം. സ്ഥാപനത്തിനു ലാഭമില്ലെങ്കിൽ പുതിയ മാർഗങ്ങൾ തേടണം. ഇതുവരെ പോയ പാത ശരിയല്ലെന്നും വേറെ പാത മാറ്റിപിടിക്കണം എന്നുമാണ് ഇപ്പോഴുള്ള സൂചന. കെഎസ്ആർടിസിയിൽ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ ഡിടിഒമാർ തമ്മിൽ ഏകോപനമോ ഇല്ല. ജീവനക്കാർക്കിടയിൽ അഭിപ്രായ ഐക്യമില്ല. പ്രൈവറ്റ് ബസുകൾക്കു പിന്നിൽ പോയാൽ മതിയെന്നാണു ചിലരുടെ നിർദേശം.

ജനങ്ങൾക്ക് അനുയോജ്യമായ സമയത്ത് സർവീസ് നടത്താൻ കഴിയണം. അതിനാണ് കെ സിഫ്റ്റ് കമ്പനി രൂപീകരിക്കുന്നത്. കംപ്യൂട്ടറൈസേഷൻ നടപ്പിലാക്കും. സ്ഥാപനത്തെ നന്നാക്കാൻ പറ്റില്ലെങ്കിൽ രാജിവയ്ക്കുമെന്നും എംഡി പറഞ്ഞു. എംഡിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തി. ഇടതു സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയുടെ എംഡിയാകുന്ന ആറാമത്തെയാളാണ് ബിജു പ്രഭാകർ.

English Summary: KSRTC MD Biju Prabhakar against employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com