ADVERTISEMENT

തിരുവനന്തപുരം∙ അന്വേഷിച്ച അവയവതട്ടിപ്പു കേസുകളിൽ 90 ശതമാനത്തിലും ഏജന്റുമാരുടെ സാന്നിധ്യം കണ്ടെത്തി ക്രൈംബ്രാഞ്ച്. ആശുപത്രികൾ കേന്ദ്രീകരിച്ച് നൂറിലധികം ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംഘത്തലവനില്ല. മാഫിയയെന്നു വിശേഷിപ്പിക്കാനാകില്ലെന്നും ഏജന്റുമാർ ഒറ്റയ്ക്കൊറ്റയ്ക്കാണ് പ്രവർത്തനമെന്നും അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഡിജിപിക്കും ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും ഉടൻ കൈമാറും.

ഒരു വ്യക്തിയെ അപകടപ്പെടുത്തി അവയവം എടുക്കുന്ന തരത്തിലുള്ള കേസുകൾ അന്വേഷണത്തിൽ കണ്ടെത്താനായില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ ഇടപെടലും കണ്ടെത്തിയില്ല. ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനക്കേസുകളിൽ തട്ടിപ്പിനിരയായത് സാധാരണക്കാരാണ്. തൃശൂർ കൊടുങ്ങല്ലൂരിൽ മക്കളുടെ വിവാഹം നടത്താനും മക്കൾക്കു വിദേശത്തുപോകാനും അവയവങ്ങൾ ദാനം ചെയ്ത സ്ത്രീകളുണ്ട്. രണ്ടു മുതൽ 8 ലക്ഷം രൂപ വരെയാണ് ഇവർക്കു ലഭിച്ചത്. ഇടനിലക്കാർക്കു ലഭിച്ചത് 5 ലക്ഷം. അവയവം ദാനം ചെയ്തവരെയും ഏജന്റുമാരെയും തിരിച്ചറിഞ്ഞെങ്കിലും കേസുമായി മുന്നോട്ടുപോകുന്നതിനു തടസം നേരിടുന്നുണ്ട്. 

അവയവം ദാനം ചെയ്തവരാരും മൊഴി നൽകാൻ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൺ ഓർഗൻസ് ആക്ട് അനുസരിച്ച് കേസെടുത്താൽ അവയവം ദാനം ചെയ്തവരെയും സ്വീകരിച്ചവരെയും ഏജന്റുമാരെയും പ്രതിയാക്കേണ്ടിവരും. മറ്റു വകുപ്പുകളനുസരിച്ച് കേസെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. നിയമപരമായ നടപടികൾ കോടതിവഴി സ്വീകരിക്കാൻ ഡിഎംഇയ്ക്കാണ് അധികാരമെന്നതിനാലാണ് റിപ്പോർട്ട് അവർക്കും കൈമാറുന്നത്. 3 വർഷത്തിനിടെ നടന്ന അവയവദാനങ്ങളുടെ കണക്ക് ക്രൈംബ്രാഞ്ച് ആരോഗ്യവകുപ്പില്‍നിന്ന് ശേഖരിക്കുന്നുണ്ട്.

സംസ്ഥാനത്ത് മരണാനന്തര അവയവദാനവും ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനവും ഒരു കുടക്കീഴിലാക്കുന്നതിനു സൊസൈറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്ക് അംഗീകാരം നൽകൽ, ശസ്ത്രക്രിയയുടെ ചെലവ് പരിശോധിക്കൽ തുടങ്ങിയവ സൊസൈറ്റിയായിരിക്കും ചെയ്യുന്നത്. ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: Organ trafficking cases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com