ADVERTISEMENT

കൊച്ചി∙ സപ്ലൈകോ വഴി നൽകുന്ന അതിജീവനക്കിറ്റിനു വേണ്ടിയുള്ള കോട്ടൺ ബാഗിൽ സർക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കുറഞ്ഞത് എട്ടു കോടി രൂപ ചെലവഴിച്ച് കിറ്റിനു പുറത്ത് സർക്കാർ മുദ്ര പതിപ്പിക്കാനുള്ള തീരുമാനം.

അതിജീവനക്കിറ്റിനു വേണ്ടിയുള്ള 1.61 കോടി കോട്ടൺ ബാഗിനായി ക്ഷണിച്ച ടെൻഡറിലാണ് സർക്കാർ മുദ്ര നിർബന്ധമാണെന്നു വ്യക്തമാക്കുന്നത്. മാസങ്ങളായി നൽകി വരുന്ന കിറ്റിൽ ഇതുവരെയില്ലാത്ത വിധം സർക്കാർ മുദ്ര അടയാളപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

ബാഗിന്റെ ഇരുപുറത്തും സർക്കാർ മുദ്രയും സപ്ലൈകോ മുദ്രയും ഉണ്ടായിരിക്കണം. കേരള സർക്കാർ എന്ന് മലയാളത്തിൽ എഴുതണം. സപ്ലൈകോയുടെ ടാഗ്‌ലൈനായ ‘എന്നെന്നും നിങ്ങളോടൊപ്പം’ എന്ന വാചകവും ബാഗിനു പുറത്തു പ്രിന്റ് ചെയ്യണം. പ്രിന്റിങ്ങിനു പുറമേയുള്ള വിലയാണ് ടെൻഡറിൽ കാണിക്കേണ്ടത്. 

kit-1-tender

എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കുള്ള 57 ലക്ഷം കോട്ടൺ ബാഗുകൾക്കും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുള്ള 53 ലക്ഷം കോട്ടൺ ബാഗുകൾക്കും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലേക്കുള്ള 51 ലക്ഷം ബാഗുകൾക്കുമുള്ള ടെൻഡറാണ് കഴിഞ്ഞ ദിവസം സപ്ലൈകോ വിളിച്ചത്. 

ടെൻഡർ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. സപ്ലൈകോ നൽകുന്ന മാതൃകയിൽ സർക്കാർ മുദ്ര പ്രിന്റ് ചെയ്താണ് വിതരണക്കാർ ബാഗുകൾ നൽകേണ്ടത്.

∙പ്രിന്റിങ്ങിനായി 8 കോടി

കോട്ടൺ ബാഗിന്റെ ഇരു പുറങ്ങളിലും എംബ്ലം പതിക്കുന്നതിനായി ഏകദേശം 6 രൂപയാണു ചെലവു വരിക. കൂടുതൽ എണ്ണം ഒരുമിച്ചു പ്രിന്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ഉൾപ്പെടെ 1.61 കോടി കോട്ടൺ ബാഗുകളിൽ സംസ്ഥാന സർക്കാരിന്റെ ലോഗോ പതിപ്പിക്കാൻ ഏകദേശം 8 കോടി രൂപ ചെലവാകും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് ഈ അധികച്ചെലവ്.

kit-2-tender

കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ സർക്കാർ കേരളത്തിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും അവശ്യപലവ്യജ്ഞനങ്ങൾ ഉൾപ്പെടുന്ന അതിജീവനക്കിറ്റ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലമെത്തുമ്പോഴാണ് സർക്കാർ മുദ്ര പതിപ്പിച്ച ബാഗിൽ കിറ്റ് നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ഭക്ഷ്യക്കിറ്റ് വരും മാസങ്ങളിലും തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപനവുമുണ്ടായിരുന്നു.

∙വിതരണക്കാർക്ക് നൽകാനുള്ളത് 600 കോടി

കോട്ടൺ ബാഗ് വിതരണക്കാർ സ്വന്തം ചെലവിൽ സർക്കാർ എംബ്ലം പ്രിന്റ് ചെയ്യണമെന്നാണ് ടെൻഡറിലെ വ്യവസ്ഥ. ബാഗിന്റെ വിലയ്ക്കു പുറമേ ഈ ചെലവായ തുക പിന്നീട് സപ്ലൈകോ നൽകും. എന്നാൽ ഉൽപന്നങ്ങൾ നൽകുന്ന വിതരണക്കാർക്ക് സപ്ലൈകോ കോടികളാണ് ഇനിയും നൽകാനുള്ളത്. 600 കോടി രൂപയിലേറെയാണ് കുടിശിക. പിന്നിട്ട എട്ടു മാസത്തെ പണം വിതരണക്കാർക്കു നൽകാനുള്ളപ്പോഴാണ് 8 കോടിയുടെ അധികച്ചെലവ്.

Content Highlights: Supplyco, Kit, Tender

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com