ADVERTISEMENT

കൊൽക്കത്ത ∙ ബീര്‍ഭുമില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്ന സൂചനകൾക്കിടെ നിർണായക പദവി നൽകി പ്രതിരോധിച്ചു തൃണമൂൽ കോൺഗ്രസ്. പാർട്ടിയുടെ ജനകീയ മുഖമായ ശതാബ്ദിയെ ബംഗാൾ ഘട‌കത്തിന്റെ ഉപാധ്യക്ഷ ആയാണു നിയമിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂല്‍ നേതാക്കളെ കൂട്ടത്തോടെ പാളയത്തിലെത്തിക്കാനുള്ള ബിജെപി ശ്രമങ്ങളിൽ ശതാബ്ദിയും ഭാഗമാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ശതാബ്ദി പ്രതികരിച്ചു. പാർട്ടിയെ സംബന്ധിച്ച വിഷയം ഉന്നത നേതൃത്വത്തെ ബോധ്യപ്പെടുത്തിയാൽ അഭിസംബോധന ചെയ്യപ്പെടുമെന്നാണ് ഇതു തെളിയിക്കുന്നതെന്നും അവർ പറഞ്ഞു.

തന്റെ മണ്ഡലത്തിലെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാത്തതിൽ ശതാബ്ദിക്കു മാനസിക പ്രയാസമുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ശനിയാഴ്ച ഡൽഹിയിലേക്ക് പോകുമെന്നും സൂചനയുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവർ ഡൽഹി യാത്ര റദ്ദാക്കി. ‘ഞാൻ തൃണമൂലിനൊപ്പമാണ്. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. രാഷ്ട്രീയത്തിലേക്കു വന്നത് മമതയ്ക്കു വേണ്ടിയാണ്. ഞാൻ അവരോടൊപ്പമുണ്ട്’– ശതാബ്ദി പറഞ്ഞു.

English Summary: Days After Suspense Over Exit, Trinamool MP Shatabdi Roy Gets Key Party Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com