1957: ശമ്പളവർധന പ്രയാസം, പരമാവധി 1000 രൂപ; ബജറ്റ് ചോർച്ച ന്യായീകരിച്ച് ഗവർണറും!

SHARE

കോട്ടയം∙ മൂന്നു മണിക്കൂർ 18 മിനിറ്റുമായി ഡോ.തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ് റെക്കോർഡായപ്പോൾ 58 മിനിറ്റുമായി കേരള സർക്കാരിന്റെ ആദ്യ ബജറ്റ്. 1957 ജൂൺ എട്ടിന് ധനമന്ത്രി സി.അച്യുതമേനോൻ നടത്തിയ ബജറ്റ് പ്രസംഗത്തിലെ വിശദവിവരങ്ങളുമായി പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രം കൗതുകമാവുന്നു. സ്കൂൾ പാചക തൊഴിലാളികളുടെ അലവൻസ് 50 രൂപ കൂട്ടിയതിനെപ്പറ്റിയാണ് ഇത്തവണത്തെ ബജറ്റ് പറയുന്നത്. എന്നാൽ 1957ലെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് പ്രൈമറി സ്കൂൾ അധ്യാപകരുടെ ശമ്പളം 40–120 രൂപയായി വർധിപ്പിക്കുമെന്നതായിരുന്നു. 

(കേരള ബജറ്റ് 2021: സമ്പൂര്‍ണ വിശകലനം)

കോളജ് ക്ലാസ്‌മുറികൾ ഡിജിറ്റൽവൽക്കരിക്കുന്നതിനെപ്പറ്റി തോമസ് ഐസക് പറഞ്ഞപ്പോൾ നാലാം ഫോറത്തിൽ ഭാഗികമായി ഫീസ് സൗജന്യമെന്ന പ്രഖ്യാപനമാണ് അച്യുതമേനോൻ നടത്തിയത്. 1957–58ലെ ബജറ്റിലെ വരവു ചെലവു കണക്കുകൾ ലക്ഷം രൂപയിലായിരുന്നു അവതരിപ്പിച്ചത്. ഇപ്പോഴത് കോടി രൂപയിലെത്തിയിരിക്കുന്നു. 1957–58ൽ സർക്കാർ പ്രതീക്ഷിച്ച വരുമാന വരവ് 2650.28 ലക്ഷം രൂപയാണ്. 2021–22ലാകട്ടെ 1,28,375.88 കോടി രൂപയും. ഇത്തവണ സർക്കാർ പ്രതീക്ഷിക്കുന്ന ചെലവ് 1,45,286 കോടി രൂപയുടേതാണ്. 1957–58ൽ അത് 2790.32 ലക്ഷവും!

തൊഴിൽ ഉറപ്പാക്കാൻ പ്രത്യേക ഡിജിറ്റൽ പദ്ധതി അടക്കം ഈ ബജറ്റിലും കേരള സർക്കാർ പ്രഖ്യാപിച്ചപ്പോൾ 1957ലും സമാനമായ തൊഴിൽപ്രശ്നം സംസ്ഥാനം നേരിട്ടിരുന്നു. ഇത്തവണ കോവിഡാണ് തൊഴിൽ പ്രതിസന്ധിക്കു കാരണമായതെങ്കിൽ 1957ൽ കേരളപ്പിറവിക്കു പിന്നാലെയുണ്ടായ അനിശ്ചിതത്വമാണ് സർക്കാരിനെ വിഷമത്തിലാക്കിയത്. 14.2 ലക്ഷം പേർക്ക് നിലവിലും വർഷം തോറും 1.1 ലക്ഷം പേർക്കും തൊഴിൽ കണ്ടെത്തുന്നതിനെപ്പറ്റിയാണ് ഒന്നാം ബജറ്റ് വേവലാതിപ്പെടുന്നത്.

ഇപ്പോഴും തൊഴിലില്ലായ്മയെന്ന പ്രതിസന്ധി കേരളത്തെ വേട്ടയാടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തവണ കാർഷിക മേഖലയിൽ 2 ലക്ഷവും കാർഷികേതര മേഖലയിൽ 3 ലക്ഷവും തൊഴിൽ അടുത്ത 5 വർഷത്തിനകം സൃഷ്ടിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയത്. 81 ലക്ഷം ആളുകൾ കേരളത്തിൽ കാർഷിക മേഖലയിലും 69 ലക്ഷം ആളുകൾ കാർഷികേതര മേഖലയിലും ജോലി നോക്കുന്നതായും അച്യുതമേനോന്റെ ആദ്യബജറ്റ് വ്യക്തമാക്കുന്നു.

നീല–വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ അരി 15 രൂപയ്ക്ക് ലഭ്യമാക്കുന്നതിനെപ്പറ്റിയാണ് ഐസക്കിന്റെ ബജറ്റ് വ്യക്തമാക്കിയത്. എന്നാൽ ആളൊന്നുക്ക് ശരാശരി 12 ഔൺസ് അരി വീതം ഒരു ദിവസം കണക്കാക്കിയാൽ പോലും വർഷത്തിൽ ഏകദേശം 14 ലക്ഷം ടൺ അരിയാണു കേരളത്തിനു വേണ്ടതെന്ന ആശങ്കയാണ് അച്യുതമേനോൻ പങ്കുവച്ചത്. കേരളത്തിൽ അന്ന് ആകെ ഉൽപാദിപ്പിക്കുന്നതാകട്ടെ 7 ലക്ഷം ടൺ അരിയും. അതുതന്നെ തീരെ അപര്യാപ്തമാണെന്നും അദ്ദേഹം പറയുന്നു. ഇന്നുപക്ഷേ കേരളം പറയുന്നത് സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന അരിയുടെ കണക്കാണെന്നു മാത്രം.

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് ഒരു സമിതി രൂപീകരിക്കുന്നതിനെപ്പറ്റി അച്യുതമേനോൻ പറയുന്ന കാര്യങ്ങളും ആദ്യ ബജറ്റിലുണ്ട്. നിലവിലെ സർക്കാരാകട്ടെ ജനുവരിയിൽ ലഭിക്കാനിരിക്കുന്ന ശമ്പള പരിഷ്കരണ റിപ്പോർട്ടിനെപ്പറ്റിയാണു പറയുന്നത്. ജീവനക്കാരുടെ ശമ്പളം ഏപ്രിലിൽ വർധിപ്പിക്കുമെന്നും! 1957ൽ പക്ഷേ സംസ്ഥാനത്തിന്റെ സാമ്പത്തികമായ കഴിവുകളുടെ പരിമിതി കാരണം ശമ്പളച്ചെലവ് ഇനിയും വർധിപ്പിക്കാൻ ഏറെ പ്രയാസമുണ്ടെന്നായിരുന്നു അച്യുതമേനോൻ വ്യക്തമാക്കിയത്. സ്റ്റേറ്റിലെ ഉദ്യോഗസ്ഥ ശമ്പളങ്ങൾക്ക് ഏറ്റവും കൂടിയത് 1000 രൂപ എന്ന പരിധി വയ്ക്കാനും സർക്കാർ അന്നു തീരുമാനിച്ചിരുന്നു. സാങ്കേതിക വൈദഗ്ധ്യവും മറ്റും ആവശ്യമായ ജോലികളിൽ മാത്രം ശമ്പളത്തിൽ നേരിയ വർധന വരുത്താമെന്നും മന്ത്രി പറയുന്നു.

വയനാട് മെഡിക്കൽ കോളജ് വൈകാതെ ആരംഭിക്കുമെന്ന് ഐസക് ബജറ്റിൽ ആവർത്തിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്രയുംപെട്ടെന്ന് അധ്യയനം ആരംഭിക്കുന്നതിനെപ്പറ്റിയാണ് അച്യുതമേനോൻ പറഞ്ഞത്. തിരുവനന്തപുരത്തെ സർക്കാർ പ്രസിൽനിന്ന് ബജറ്റ് ചോർന്നതിന്റെ പേരിലുള്ള വിവാദവും ആദ്യ ബജറ്റിലുണ്ടായിരുന്നു. ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും അന്ന് പ്രതിപക്ഷം ഉന്നയിച്ചു. ബജറ്റ് ചോർച്ച ധനമന്ത്രി സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഇതിനു ഗവർണർ ഡോ.ബി.രാമകൃഷ്ണറാവു നൽകിയ മറുപടി ഇന്നത്തെ ഗവർണർ–സർക്കാർ പോരാട്ടത്തിന്റെ സാഹചര്യത്തിൽ പ്രസക്തമാണ്. സർക്കാരിനെ പിന്തുണയ്ക്കുന്ന വാക്കുകളാണ് രാമറാവുവിന്റെ ഭാഗത്തുനിന്നുണ്ടായത്–‘ബജറ്റ് ചോർച്ച അത്ര പ്രാധാന്യമർഹിക്കുന്ന കാര്യമായി കരുതേണ്ട. നികുതി സംബന്ധിച്ച പുതിയ നിർദേശങ്ങൾ അച്ചടിക്കാതെ ധനമന്ത്രി അദ്ദേഹത്തിന്റെ കൈവശംതന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു...’ എന്നായിരുന്നു ഗവർണറുടെ വാക്കുകൾ!

English Summary: Interesting Facts About Kerala's First Budget in 1957

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.