ADVERTISEMENT

മോസ്കോ∙ ബെർലിനിൽ നിന്ന് ചികിത്സ കഴിഞ്ഞ് തിരികെയെത്തിയ റഷ്യൻ പ്രതിപക്ഷ നേതാവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനിയെ പൊലീസ് അറസ്റ്റു ചെയ്തു. വിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന നവൽനി മോസ്കോ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കറുത്ത മുഖംമൂടി ധരിച്ച നാലു പൊലീസ് ഉദ്യോഗസ്ഥരാണ് നവൽനിയെ കൊണ്ടുപോയത്. വിമാനത്താവളത്തിൽ കാത്തുനിന്ന ഭാര്യ യുലിയയെ ആലിംഗനം ചെയ്ത് നിമിഷങ്ങൾക്കകം നവൽനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റ് ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് വകവയ്ക്കാതെയാണ് നവൽനി മോസ്കോയിൽ വിമാനം ഇറങ്ങിയത്. നവൽനിയുടെ അറസ്റ്റിനെ യുറോപ്യൻ യൂണിയൻ അപലപിച്ചു. നവൽനിയുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടുമെന്നും യുറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ ട്വിറ്ററിൽ കുറിച്ചു.

മോസ്കോയിലെ വിമാനത്താവളത്തിൽ നവൽനിയെ വരവേൽക്കാനായി നിന്ന അനുയായികളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നവൽനി നടത്തിയ സർക്കാർ വിരുദ്ധ ക്യാംപെയ്നുകൾക്കും വിമർശനങ്ങൾക്കുമുള്ള പ്രതികാര നടപടിയായിട്ടാണ് ഈ അറസ്റ്റെന്നാണ് വിമർശനം.

യാതൊരു കാരണവുമില്ലാതെയാണ് നവൽനിയെ അറസ്റ്റു ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആരോപണം. എന്നാൽ 2014 അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്നും ബാക്കി കോതി തീരുമാനിക്കുമെന്നുമാണ് അധികൃതരുടെ വാദം.

ഓഗസ്റ്റ് 20ന് സൈബീരിയയിൽ വച്ചാണ് നവൽനിക്ക് വിഷബാധയേറ്റത്. വ്‌ളാഡിമിർ പുടിന്റെ രൂക്ഷ വിമർശകനായ
അലക്‌സിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിഷബാധയെന്നായിരുന്നു ആരോപണം. റഷ്യയിലെ ചികിത്സയ്ക്കു പിന്നാലെ ജർമനിയിലെ ബെർലിനിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. നോവിചോക്ക് എന്ന വിഷപ്രയോഗം നടന്നുവെന്നു ജർമനി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ റഷ്യ വിശദീകരണം നൽകണമെന്ന ആവശ്യമുയർന്നെങ്കിലും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു റഷ്യയുടെ വാദം.

നവൽനിയെ വിഷരാസവസ്തു പ്രയോഗം മൂലം വകവരുത്താനുള്ള ശ്രമം ആദ്യമല്ല.2017ൽ പ്രക്ഷോഭത്തിനിടെ പുടിൻ അനുയായികൾ രാസവസ്തുവെറിഞ്ഞപ്പോൾ മുഖത്തു പൊള്ളലേറ്റു നവൽനിയുടെ വലതു കണ്ണിന്റെ കാഴ്ച താൽക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2019 ജൂലൈയിൽ നവൽനിക്ക് ജയിലിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വിഷ രാസവസ്തുപ്രയോഗം മൂലമാണെന്നു സംശയം ഉയർന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ പുടിനെതിരെ രംഗത്തിറങ്ങിയ നവൽനിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് വന്നതിനെത്തുടർന്നു പ്രാദേശികതലത്തിൽ അഴിമതിവിരുദ്ധ സമരങ്ങൾക്കു പിന്തുണ നൽകി വരികയായിരുന്നു

തനിക്കു ഭീഷണിയാകുമെന്നു കരുതുന്നവരെ വിഷം പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പുടിന്റെ ഭരണകാലത്തു പുതുമയല്ല.
∙ യുക്രെയ്‌ൻ പ്രസിഡന്റ് വിക്‌ടർ യൂഷ്‌ചെങ്കോയെ 2004ൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിഷം നൽകി വധിക്കാൻ ശ്രമം. പിന്നിൽ റഷ്യയെന്ന് ആരോപണം.

∙ പുടിന്റെ ഒട്ടേറെ രഹസ്യങ്ങൾ അറിയാമായിരുന്ന മുൻ റഷ്യൻ ചാരൻ അലക്‌സാണ്ടർ ലിത്വിനെങ്കോ 2006ൽ ലണ്ടനിൽ മരിച്ചു. റേഡിയോ ആക്ടീവ് പദാർഥമായ പൊളോണിയം ചേർത്ത ചായ കുടിച്ചപ്പോഴാണു വിഷബാധയേറ്റത്.

∙ 2018ൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനും മകൾ യുലിയയ്ക്കും നേരെ ലണ്ടനിൽ നോവിചോക് എന്ന ഉഗ്രരാസവിഷം പ്രയോഗിച്ചതു റഷ്യക്കാരാണെന്നു പൊലീസ് കണ്ടെത്തി.

English Summary: Kremlin Critic, Who Was Poisoned, Arrested After Returning To Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com