ADVERTISEMENT

കൊല്ലം ∙ കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും കോൺഗ്രസും തുറന്ന പോരിലേക്ക്. പത്തനാപുരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കും. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വസതിയിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. പിന്നാലെ വൈകിട്ട് ചവറയിൽ  എംഎൽഎയുടെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു.

വാഹനം തടയാൻ ശ്രമിച്ചവരെ ഗണേഷ്കുമാറിന്റെ പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവർ മർദിച്ചു. കല്ലെറിഞ്ഞ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. 

ഗണേഷ്കുമാറിനെതിരെ പത്തനാപുരം കോക്കാട്ട് വെള്ളിയാഴ്ച പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും എംഎൽഎ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിലാണു സംഘർഷമുണ്ടായത്. ലാത്തിച്ചാർജിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഡിവൈഎസ്പിക്കും ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. തുടർന്ന് പ്രവർത്തകർ പുനലൂർ ‍– മൂവാറ്റുപുഴ സംസ്ഥാനപാത ഉപരോധിച്ചു. 

വൈകിട്ട് ദേശീയപാതയിൽ ചവറ ശങ്കരമംഗലത്തിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിനു കല്ലെറിഞ്ഞത്. ചില്ലുകൾ തകർന്നു.മറ്റൊരു വാഹനത്തിൽ എംഎൽഎയെ പിന്തുടർന്നിരുന്ന സംഘം കല്ലെറിഞ്ഞവരെ മർദിച്ചു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ളവരാണ് ആക്രമിച്ചതെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 

വെള്ളിയാഴ്ച എംഎൽഎക്കു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഇവരെ മർദിച്ച പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയും കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും ഇതേ സംഘം പ്രതിഷേധക്കാർക്കു നേരെ കയ്യേറ്റം നടത്തിയത്. കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് 11നു കൊട്ടാരക്കര കോൺഗ്രസ് ഭവനിലേക്കു മാർച്ച് നടത്തും. 

English Summary: Youth Congress workers attack MLA’s car, call hartal in Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com