മിശ്രവിവാഹിതരായ ദലിത് ദമ്പതികൾക്ക് 2.5 ലക്ഷം പിഴ, ക്ഷേത്രപ്രവേശന വിലക്ക്

Kanagaraj, Jayapriya
കനഗരാജ് – ജയപ്രിയ ദമ്പതികൾ. ചിത്രം: ട്വിറ്റർ
SHARE

ചെന്നൈ ∙ തമിഴ്‌നാട്ടിലെ തിരുപത്തൂരിൽ മിശ്രവിവാഹം ചെയ്ത ദലിത് ദമ്പതികൾക്കു പിഴയും ക്ഷേത്രപ്രവേശന വിലക്കും വിധിച്ച് ഖാപ് പഞ്ചായത്ത്. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതികളിൽപ്പെട്ട കനഗരാജ് (26) – ജയപ്രിയ (23) ദമ്പതികൾക്ക് എതിരെയാണു നടപടി. ഖാപ് പഞ്ചായത്തുകള്‍ വിവാഹങ്ങളില്‍ ഇടപെടുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു നേരത്തെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

ജയപ്രിയയുടെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നു പുല്ലൂർ ഗ്രാമത്തിൽനിന്ന് ഒളിച്ചോടിയ ഇരുവരും 2018 ജനുവരിയിൽ ചെന്നൈയിലാണു വിവാഹിതരായത്. ഡ്രൈവറായ കനഗരാജിനു കോവിഡ് ലോക്ഡൗണിൽ ചെന്നൈയിലെ ജോലി നഷ്ടപ്പെട്ടു. ഭാര്യയോടൊപ്പം പുല്ലൂരിലേക്കു മടങ്ങിയെത്തിയപ്പോഴാണു ദമ്പതികൾക്ക് 2.5 ലക്ഷം രൂപ പിഴ ഈടാക്കാൻ ഖാപ് പഞ്ചായത്ത് തീരുമാനിച്ചത്.

‘ഇതര ജാതിയിൽപ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് പിഴ അടയ്ക്കുന്നതു ഗ്രാമത്തിൽ സാധാരണമാണ്. 5,000-10,000 രൂപയാണ് അടപ്പിക്കാറുള്ളത്. എന്നാൽ ഞങ്ങൾക്കു വിധിച്ചതാകട്ടെ 2.5 ലക്ഷം രൂപയും. 25,000 വരെ നൽകാൻ തയാറായിരുന്നു, പക്ഷേ അവരതു സ്വീകരിച്ചില്ല. ഇതോടെ പിഴ നൽകേണ്ടെന്നു തീരുമാനിച്ചു. ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ എനിക്കും ഭാര്യയ്ക്കും ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു. ഞങ്ങൾ തിരിച്ചെത്തിയശേഷം രണ്ടുതവണ ഖാപ് പഞ്ചായത്ത് നടന്നു, പിഴ അടയ്ക്കണമെന്ന് അവർ നിർബന്ധം പിടിക്കുകയാണ്’– കനഗരാജ് പറഞ്ഞു.

തീരുമാനത്തിനെതിരെ പൊലീസ് സ്റ്റേഷനിൽ കനഗരാജ് പരാതി നൽകി. അന്വേഷണത്തിനിടെ, പിഴ പിൻവലിക്കാൻ തയാറാണെന്നു ഖാപ് പഞ്ചായത്ത് തലവന്മാരായ എല്ലപ്പനും നാഗേഷും സമ്മതിച്ചു. പക്ഷേ ഇപ്പോൾ വീണ്ടും പണം നൽകണമെന്ന് അവർ നിർബന്ധിക്കുകയാണെന്നു കനഗരാജ് ചൂണ്ടിക്കാട്ടി. ‘പിഴയൊന്നും ഈടാക്കിയിട്ടില്ല. ഇവരുടെ കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഗ്രാമത്തിൽ തടസ്സങ്ങളുണ്ടാക്കിയതിന് 500 രൂപ പിഴ ചുമത്തേണ്ടതാണ്. അവർ ദരിദ്രരാണെന്നറിയാം. ഇത്രയും വലിയ പിഴ പഞ്ചായത്ത് എങ്ങനെയാണ് ചുമത്തുക?’– എല്ലപ്പൻ ചോദിച്ചു.

അതേസമയം, കഴിഞ്ഞയാഴ്ച ഒരു ക്ഷേത്ര ചടങ്ങിനിടെ കനഗരാജിന്റെ ഭാര്യാപിതാവിനെ എല്ലപ്പനും കൂട്ടരും ആക്രമിച്ചിരുന്നു. ഇതേപ്പറ്റി കനഗരാജിന്റെ പരാതിയിൽ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കനഗരാജിനും കുടുംബാംഗങ്ങൾക്കുമെതിരെ എല്ലപ്പൻ നൽകിയ പരാതിയിലും എഫ്ഐആറുണ്ട്. പിഴ ചുമത്തിയതായി പൊലീസിൽ പരാതിയില്ലെന്നും രണ്ടു കൂട്ടരും തമ്മിൽ പണമിടപാട് നടന്നിട്ടില്ലെന്നും തിരുപത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് വിജയകുമാർ പറഞ്ഞു. 

English Summary: Dalit Couple Fined Rs 2.5 Lakh, Denied Temple Entry by Khap Panchayat for Inter-sect Marriage in TN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA