ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സിപിഐയിൽനിന്നും ഏറ്റെടുക്കാനുള്ള സാധ്യതകൾ തേടി സിപിഎം. ഹരിപ്പാട് നൽകിയാൽ പകരം അരൂരാണ് വാഗ്ദാനം. നാട്ടിക നൽകിയാൽ പകരം മണ്ഡലം നൽകാമെന്ന തരത്തിലും ചർച്ചകൾ നടക്കുന്നു. നാലോളം സീറ്റുകൾ വച്ചുമാറാനുള്ള സാധ്യതകളുണ്ടെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്.

സിപിഎമ്മിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന വികാരം പ്രാദേശിക നേതൃത്വത്തിനുണ്ട്. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതും തദ്ദേശ തിരഞ്ഞെടുപ്പ് ജയവും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18,621 വോട്ടുകൾക്കാണ് സിപിഐയിലെ പി. പ്രസാദിനെ രമേശ് ചെന്നിത്തല പരാജയപ്പെടുത്തിയത്. 2011ൽ 5520 വോട്ടുകൾക്ക് സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ പരാജയപ്പെടുത്തി. അതിനു മുൻപു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ബി. ബാബുപ്രസാദ് 1886 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി ടി.കെ. ദേവകുമാറിനെ പരാജയപ്പെടുത്തിയത്. അതിനു മുൻപ് ദേവകുമാറിലൂടെ സിപിഎം നിലനിർത്തിയ മണ്ഡലമായിരുന്നു ഹരിപ്പാട്. 1982,1987 വർഷങ്ങളിലും ചെന്നിത്തല ഹരിപ്പാടുനിന്നും വിജയിച്ചിട്ടുണ്ട്.

ഔദ്യോഗിക സീറ്റു നിർണയ ചർച്ചകളിലേക്കു എൽഡിഎഫ് കടന്നിട്ടില്ല. ഈ മാസം അവസാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം ചേരും. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ ജാഥയുടെ കാര്യങ്ങൾ ചർച്ചയായേക്കും. രണ്ടു ജാഥകൾ നടത്താനാണ് ആലോചന. ഫെബ്രുവരി രണ്ടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മൂന്ന്, നാല് തീയതികളിൽ സംസ്ഥാന സമിതിയും ചേരും. സിപിഐ ദേശീയ എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങൾ ഈ മാസം 27, 28, 29 തീയതികളിൽ ചേരുന്നുണ്ട്. ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ സംസ്ഥാന എക്സിക്യൂട്ടിവും കൗൺസിലും ചേരും. ഇതിനു ശേഷമേ സ്ഥാനാർഥി ചർച്ചകൾക്കു വേഗംവരൂ.

English Summary : CPM to take over Ramesh Chennithala's haripad constituency from CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com