ADVERTISEMENT

കോഴിക്കോട് ∙ യൂണിയൻ നേതാവിനെതിരെ പരാതി നൽകിയതിനു പകവീട്ടലായി തനിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുന്നെന്നാരോപിച്ച് കെഎസ്ഇബി അസി. എൻജിനീയർ എൽ. ശ്രീലക്ഷ്മി നൽകിയ ഹർജിയിൽ ഇവർക്കെതിരായ തുടർനടപടി ഹൈക്കോടതി മരവിപ്പിച്ചു. ഹർജി 28ന് വീണ്ടും പരിഗണിക്കും.

കോഴിക്കോട് ഫറോക്ക് സെക്‌ഷനിൽ അസി. എൻജിനീയറായിരുന്ന ശ്രീലക്ഷ്മിയെ 2020 മാർച്ച് മൂന്നിന് ഓവർസീയറും യൂണിയൻ നേതാവുമായ പി.കെ. ജയചന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും ഹർജിക്കാരി പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായെങ്കിലും വഴങ്ങിയില്ല. എന്നാൽ ഫറോക്ക് സെക്‌ഷനിലെ 27 ജീവനക്കാർ ശ്രീലക്ഷ്മിക്കെതിരെ നൽകിയ പരാതിയിൽ 2020 ജൂണിൽ വിശദീകരണം തേടി. തുടർന്നു വിശദീകരണം തള്ളി കുറ്റാരോപണ മെമ്മോ നൽകിയെന്നും ഹർജിക്കാരി പറയുന്നു. യൂണിയൻ നേതാവിനെതിരെ നൽകിയ പരാതി കളവാണെന്നു മെമ്മോയിൽ പറയുന്നുണ്ടെന്നും ഹർജിയിലുണ്ട്. 

മെമ്മോയ്ക്കു നൽകിയ മറുപടി നിരസിച്ച കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകിയെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ പ്രീമൺസൂൺ മെയിന്റനൻസ് ചെയ്യുന്നതിനുവേണ്ടി അസി. എൻജിനീയർ ജീവനക്കാരുടെ ഡ്യൂട്ടി പുനഃക്രമീകരിച്ചു. ഇതിനു മുന്നോടിയായി ജീവനക്കാരുടെ യോഗവും നടത്തി. എന്നാൽ ഈ യോഗതീരുമാനത്തിനു വിരുദ്ധമായി യൂണിയൻ നേതാവ് താൻപറയുന്ന രീതിയിൽ ഡ്യൂട്ടിപുനഃക്രമീകരിക്കണമെന്നാവശ്യപ്പെടുകയായിരുന്നുവെന്നാണ് ഹർജിക്കാരി പറഞ്ഞത്.

ഇതു സംബന്ധിച്ച് ബോർഡ് വിജിലൻസ് അടക്കം എല്ലാവർക്കും പരാതി നൽകിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും നടപടി എടുത്തില്ല. മൂന്നു മാസത്തിനകം പരാതി പരിഹരിക്കണമെന്ന് ചട്ടം നിലനിൽക്കെ ഉന്നത ഉദ്യോഗസ്ഥർ നടപടി വൈകിപ്പിക്കുകയാണെന്നാണ് പരാതി ഉയർന്നത്. എന്നാൽ ജീവനക്കാരിക്കെതിരെ യൂണിയൻ നേതാവ് നൽകിയ പരാതിയിലാണ് ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ മെമ്മോ നൽകിയത്.

English Summary :KSEB engineer case

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com