ലൈസൻസികൾ ഇല്ലാതെ രണ്ടായിരം റേഷൻ കട: തീരുമാനം ഈ മാസം

ration-shop
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തു ലൈസൻസികൾ മരണമടയുകയോ ഉപേക്ഷിച്ചു പോകുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്ത രണ്ടായിരത്തോളം റേഷൻ കടകളുടെ നടത്തിപ്പ് ആർക്കു നൽകണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഈ മാസം ഉണ്ടായേക്കും.

നിലവിലുള്ള ലൈസൻസികൾക്ക് അധികമായി നടത്തിപ്പു ചുമതല നൽകിയാണു ഇപ്പോൾ ഈ കടകളുടെ പ്രവർത്തനം. സംസ്ഥാനത്താകെ 14,235 റേഷൻ കടകളാണു നിലവിലുള്ളത്. ഇവയ്ക്കു ലൈസൻസ് അനുവദിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ സുപ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കേരള റേഷനിങ് ഓർഡർ നടപ്പാക്കുന്നതിന്റെ ചുവടുപിടിച്ചാണു ഇത്തരം റേഷൻ കടകളുടെ ലൈസൻസും അനുവദിക്കുക.

സ്വയംസഹായ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ, ഗ്രാമപ്പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ, വിമുക്തഭടന്മാർ, വിദ്യാസമ്പന്നരായ തൊഴിൽരഹിത യുവാക്കൾ എന്നിവർക്കു റേഷൻ കട ലൈസൻസിനു മുൻഗണന നൽകാമെന്നാണു കേരള റേഷനിങ് ഓർഡറിന്റെ കരടിൽ പറയുന്നത്. ഇതിനു പുറമേ വ്യക്തിഗത ലൈസൻസും അനുവദിക്കാം.

1966ൽ നിലവിൽ വന്ന റേഷനിങ് ഓർഡർ പല തവണ ഭേദഗതി ചെയ്തിരുന്നുവെങ്കിലും സമഗ്രമായ പരിഷ്കരണം ആദ്യമാണ്. സംസ്ഥാനത്തു പ്രാഥമിക സഹകരണ സംഘങ്ങളും സൊസൈറ്റികളും മറ്റും മൂവായിരത്തോളം റേഷൻ കടകൾ ഒരു കാലത്തു നടത്തിയിരുന്നു. പിന്നീട് സൊസൈറ്റികളിലെ ഭരണസമിതികളുടെ കാര്യക്ഷമതയില്ലായ്മയും മറ്റു സാങ്കേതികപ്രശ്നങ്ങളും മൂലം നഷ്ടത്തിലായതോടെ പലരും റേഷൻ കട നടത്തിപ്പ് ഉപേക്ഷിച്ചു.

നിലവിൽ സൊസൈറ്റികൾ നടത്തുന്ന ഇരുനൂറോളം കടകൾ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ആദ്യമായി കഴിഞ്ഞ വർഷം തിരുവനന്തപുരത്തു ഒരു റേഷൻ കടയുടെ നടത്തിപ്പ് സിവിൽ സപ്ലൈസ് കോർപറേഷനു നൽകിയിരുന്നു. എന്നാൽ, പുതിയ റേഷൻ ഓർഡറിൽ ഇതു സംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

പട്ടികജാതി– വർഗ വിഭാഗങ്ങൾ, വികലാംഗർ തുടങ്ങിയവർക്കു റേഷൻ കട ലൈസൻസ് നൽകുന്നതിൽ മുൻഗണന നൽകണമെന്ന് ഏതാനും വർഷം മുൻപ് ഹൈക്കോടതി പ്രസ്താവിച്ച വിധിയുടെ അന്തസത്ത പൂർണതോതിൽ ഓർഡറിൽ പ്രതിഫലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റേഷൻ കടയ്ക്കുള്ള വ്യക്തിഗത ലൈസൻസിനായി 21 വയസ്സിനും 62 വയസ്സിനും ഇടയിലുള്ളതും അനാരോഗ്യമില്ലാത്തതുമായ ആർക്കും അപേക്ഷിക്കാമെന്നാണു പുതിയ ഓർഡറിലെ വ്യവസ്ഥ.

മറ്റു പ്രധാന വ്യവസ്ഥകൾ:
∙ റേഷൻ കട നിലനിൽക്കുന്ന വാർഡിൽ 3 വർഷമായി എങ്കിലും താമസിച്ചതിന്റെ രേഖ ഹാജരാക്കണം.
∙ രണ്ടു മാസത്തേക്കുള്ള റേഷൻധാന്യം സൂക്ഷിക്കാൻ പാകത്തിനു വിശാലമാകണം കടമുറികൾ.
∙ 10 ക്വിന്റൽ ഭക്ഷ്യസാധനങ്ങൾക്കായി 14 ചതുരശ്രയടി, ജോലി ചെയ്യാൻ 40 ചതുരശ്രടി, മണ്ണെണ്ണ സൂക്ഷിക്കാൻ 5 ചതുരശ്രയടി എന്നിങ്ങനെ സ്ഥലം വേണം.
∙ സോൾവൻസി തുക നിലവിലെ 30,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയിട്ടുമുണ്ട്.

വ്യാപാരികളുമായി ഇന്നു നിർണായക യോഗം

റേഷൻ ഓർഡറിലെ വിവിധ വ്യവസ്ഥകളെക്കുറിച്ചു റേഷൻ വ്യാപാരികളുടെ സംഘടന എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ അവരുടെ സംഘടനകളുമായി ഇന്നു മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയിൽ ചർച്ച നടത്തും. നാലു സംഘടനകളിൽ നിന്നായി രണ്ടു വീതം പ്രതിനിധികൾക്കു പുറമേ ഭക്ഷ്യവകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ഡയറക്ടർ, റേഷനിങ് കൺട്രോളർ തുടങ്ങിയവരും ഉച്ചയ്ക്കു 12 മണിക്കു നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.

നിലവിലെ വ്യാപാരികൾക്ക് ഇപ്പോഴത്തെ സോൾവൻസി തുക തന്നെ നൽകി ലൈസൻസ് തുടരാൻ അനുവാദം നൽകുക, വ്യക്തിഗത അപേക്ഷകരിൽ മുൻപരിചയത്തിനും പ്രായത്തിനും മുൻഗണന നൽകുക, മരണമോ അസുഖമോ മൂലം നിലവിലുള്ള ലൈസൻസിക്കു കട നടത്താൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കുടുംബാംഗത്തെ ലൈസൻസിയായി നാമനിർദേശം ചെയ്യാൻ അനുവദിക്കുക, പ്രത്യേക ന്യായവില ഷോപ്പിൽ 5 വർഷത്തെ പരിചയമുള്ള സെയിൽസ്‌മാന് താൽക്കാലിക ലൈസൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളാണു സംഘടനകൾ മുന്നോട്ടുവച്ചിട്ടുള്ളത്.

അവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം സിവിൽ സപ്ലൈസ് വകുപ്പ് അന്തിമ തീരുമാനമെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. ഏപ്രിൽ ഒന്നു മുതൽ പുതിയ റേഷനിങ് ഓർഡർ പ്രകാരമുള്ള നടപടികൾ പ്രാബല്യത്തിലാക്കാനാണു നീക്കം.

Content Highlights: Ration Shop Licence, Ration Card, Ration Shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA