ADVERTISEMENT

പാലക്കാട് ∙ തിരഞ്ഞെടുപ്പ് ചെലവിന് ജനകീയ ഫണ്ട് സ്വരൂപിക്കാൻ ഇത്തവണ സിപിഎം രസീത് പിരിവിനില്ല. കേ‍ാവിഡ് കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങൾ മനസ്സറിഞ്ഞു തരുന്നതു വാങ്ങാൻ പാർട്ടി രണ്ടുദിനം നീളുന്ന ബക്കറ്റ് പിരിവ് നടത്തും. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞ് തൊട്ടുപിന്നാലെയുളള നിയമസഭാ തിര‍ഞ്ഞെടുപ്പിൽ നിശ്ചിത തുക ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരണം പ്രായേ‍ാഗികമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.

കീഴ്ഘടകങ്ങൾക്ക് തുക നിശ്ചയിച്ചുള്ള ഫണ്ട് ശേഖരണമാണ് സാധാരണ നടത്താറുള്ളത്. സർക്കാരിനും പാർട്ടിക്കുമുള്ള ജനകീയബന്ധം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യം കൂടി ഇത്തവണത്തെ ബക്കറ്റ് പിരിവിനുണ്ട്. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലുമായി 30നും 31നും നടത്തുന്ന തിരഞ്ഞെടുപ്പ് നിധിശേഖരണം രണ്ടാമത്തെ ഗൃഹസമ്പർക്കമായി മാറാനാണ് സാധ്യത.

ഏരിയാ കമ്മിറ്റി യേ‍ാഗങ്ങൾക്കുശേഷം മുഴുവൻ നേതാക്കളും പങ്കെടുക്കുന്ന ജനസമ്പർക്കം 24 മുതൽ 29 വരെ സംസ്ഥാനത്ത് നടക്കും. ഫണ്ടു ശേഖരണത്തിൽ ബ്രാഞ്ചുകൾക്ക് നിശ്ചിത തുക തീരുമാനിച്ചു നൽകുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇത്തവണത്തെ കലക്‌ഷന് എല്ലാ നേതാക്കളും പ്രവർത്തകരും മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങണമെന്നാണ് വ്യവസ്ഥ.

30ന് കടകളിലും സ്ഥാപനങ്ങളിലും 31ന് വീടുകളിലുമായി ഫണ്ട് ശേഖരണം നടത്തും. ബക്കറ്റിൽ, പാർട്ടിപ്രവർത്തകർ ആദ്യം തങ്ങളുടെ തങ്ങളുടെ വിഹിതം നിക്ഷേപിച്ചുവേണം നാട്ടുകാരെ സമീപിക്കാനെന്നാണു നിർദേശം. പാർട്ടി ശക്തിപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ഏരിയാ കമ്മിറ്റി യേ‍ാഗങ്ങൾക്കുശേഷം ലേ‍ാക്കൽ യേ‍ാഗങ്ങൾ ചേർന്ന് ബൂത്ത് കമ്മിറ്റികൾക്ക് രൂപം നൽകും. 30 നുള്ളിൽ മുഴുവൻ കമ്മിറ്റികളും ശക്തിപ്പെടുത്താനാണ് തീരുമാനം.

അടുത്തമാസം 3, 4 തീയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യേ‍ാഗത്തിൽ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണ, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമാകും. ഗൃഹസമ്പർക്കത്തിൽ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ്, ക്ഷേമ പെൻഷനുകൾ, ദൈനംദിന ജീവിതത്തിൽ സർക്കാരിൽനിന്നു ലഭിക്കേണ്ട മറ്റു സഹായത്തിന് തടസ്സം നേരിടുന്ന കാര്യങ്ങളും ചേ‍ാദിച്ചറിയും. അവ കുറിച്ചെടുത്ത് ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങൾ മുഖേന പരിഹരിക്കണമെന്നാണ് പ്രവർത്തകർക്ക് പാർട്ടി നിർദേശം.

English Summary: CPM will not collect election funds through receipt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com