ADVERTISEMENT

പാലക്കാട്∙ സ്ഥാനാർഥി നിർണയത്തിനുളള അനൗപചാരിക ചർച്ചകൾ ആരംഭിച്ചിരിക്കെ സ്ഥാനാർഥികളെ കെട്ടിയിറക്കരുതെന്നും പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം നൽകണമെന്നും ബിജെപിക്കുള്ളിൽ ആവശ്യം. അതതു മണ്ഡലത്തിലുള്ളവർക്കു മുൻഗണന നൽകാനാണു പാർട്ടി കേന്ദ്രകമ്മിറ്റിയുടെയും നിർദ്ദേശം. സ്ഥിരം മത്സരിക്കുന്നവരെക്കാൾ യുവനേതാക്കളെ പരിഗണിക്കണമെന്നും പ്രധാന മണ്ഡലങ്ങളിൽ അനിവാര്യരും ജനപിന്തുണയുള്ളവരെയും മാത്രം സ്ഥാനാർഥികളാക്കണമെന്ന ആവശ്യവും ചർച്ചകളിൽ ഉയർന്നു. പിന്നാക്ക സമുദായങ്ങളിൽനിന്നുളളവർക്കും മതിയായ പ്രാതിനിധ്യത്തിനു നിർദ്ദേശമുണ്ട്.

മത്സരിക്കാൻ താൽപര്യമില്ലെന്നാണു കുമ്മനം രാജശേഖരന്റെ നിലപാടെങ്കിലും നേതൃത്വം അത് അംഗീകരിച്ചിട്ടില്ല. സംഘടനാ തീരുമാനമുണ്ടായാൽ അദ്ദേഹം നേമത്ത് സ്ഥാനാർഥിയാകാനാണു സാധ്യത. മുതിർന്ന നേതാവ് ഒ.രാജഗേ‍ാപാലിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കാർഷിക ബില്ലിനെതിരെയുള്ള പ്രമേയം അടക്കം വിഷയങ്ങളിൽ അദ്ദേഹം നിയമസഭയിൽ സ്വീകരിച്ച വിവാദ നിലപാടുകളും പരമാർശങ്ങളും കേന്ദ്രനേതൃത്വത്തിലടക്കം അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. പാർട്ടി നിശ്ച‌യിച്ച പ്രായപരിധിയും അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രധാനഘടകമായേക്കും.

മത്സരത്തിനില്ലെന്നു നേരത്തെ മുതൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിലപാടെടുത്തെങ്കിലും മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് സുരേന്ദ്രനേ‍ാട് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ തവണ മഞ്ചേശ്വരം മണ്ഡലത്തിലാണ് മത്സരിച്ചതെങ്കിലും ഇത്തവണ അവിടേക്കില്ലെന്നാണു സൂചന. പകരം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഏതെങ്കിലും മണ്ഡലമാണു സുരേന്ദ്രനു പരിഗണിക്കുന്നത്. സംസ്ഥാനത്തുനിന്ന് മത്സരിച്ചു ജനപ്രതിനിധിയാകണമെന്ന വി. മുരളീധരന്റെ ആഗ്രഹത്തിനു കേന്ദ്രനേതൃത്വം തടസ്സം നിന്നില്ലെങ്കിൽ, അദ്ദേഹം കഴക്കൂട്ടത്ത് സ്ഥാനാർഥിയായേക്കും.

നേതാക്കളായ പി.കെ. കൃഷ്ണദാസ് കാട്ടാക്കട, സുരേഷ് ഗോപി തിരുവനന്തപുരം എന്നിവിടങ്ങളിൽ മത്സരിക്കാനാണു സാധ്യത. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, മറ്റ് മുതിർന്ന നേതാക്കന്മാരായ എം.ടി. രമേശ്, സി.കെ. പത്മനാഭൻ, ബി. ഗോപാലകൃഷ്ണൻ, സി. കൃഷ്ണകുമാർ, കരമന ജയൻ തുടങ്ങിയവരും മത്സര രംഗത്തുണ്ടാകും. മുൻ ഡിജിപി ജേക്കബ് തോമസിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും സംഘടനാതലത്തിൽ ചർച്ചചെയ്തിട്ടില്ല. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ, പെ‍ാതുസമ്മതർ തുടങ്ങി മറ്റുപലരും സ്ഥാനാർഥി പരിഗണനയിലുണ്ട്.

തിരുവനന്തപുരം, കെ‍ാല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകേ‍ാട് ജില്ലകളിൽ 40,000ലധികം വേ‍ാട്ടുലഭിച്ച മണ്ഡലങ്ങളിലെ സ്ഥിതിയെക്കുറിച്ച് ആർഎസ്എസ് – പാർട്ടി ചർച്ച പൂർത്തിയായി. 30,000ലധികം വേ‍ാട്ടുകൾ നേടിയ 48 മണ്ഡലങ്ങളിലെ രാഷ്ട്രീയസ്ഥിതിയും വിലയിരുത്തുന്നു. കെ. സുരേന്ദ്രൻ ആശുപത്രി വിട്ട് ഒരാഴ്ച കഴിഞ്ഞതിനാൽ സ്ഥാനാർഥികൾ, സീറ്റ് വിഭജനം എന്നിവയിൽ ഔദ്യേ‍ാഗിക ചർച്ച അടുത്തയാഴ്ച ആരംഭിക്കും. ഇതിനു മുന്നോടിയായി പാർട്ടി സ്ഥാനാർഥികളെക്കുറിച്ച് ആർഎസ്എസ്, പാർട്ടി നേതൃത്വം പ്രത്യേകം ചർച്ച നടത്തും.. എല്ലാതലത്തിലും ആശയവിനിമയം നടത്തിയ ശേഷമേ സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Kerala Assembly Elections BJP to start seat discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com