കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് ജപ്തി ഭീഷണി; 8 അംഗ കുടുംബം പ്രതിസന്ധിയിൽ

1200-cr-mahesh
സി.ആർ. മഹേഷ്
SHARE

കൊല്ലം∙ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിന്റെ കുടുംബത്തിനു സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്. മഹേഷും അമ്മയും ഉൾപ്പെടെ 8 അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം അതീവ പ്രതിസന്ധിയിൽ. കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്നു 2015ൽ മഹേഷിന്റെ അമ്മയുടെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണു കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായത്. അടച്ചു തീർക്കാനുള്ള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും. ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്നു തിട്ടപ്പെടുത്തുമെന്നു കാണിച്ചു മഹേഷിന്റെ അമ്മ കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയ്ക്കു ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. 

മഹേഷിന്റെ അച്ഛൻ രാജശേഖരൻ, 6 വർഷം മുൻപു മരിച്ചു. ലക്ഷ്മിക്കുട്ടിയമ്മ, മകൻ മഹേഷ്, ഭാര്യ, 3 കുട്ടികൾ, മൂത്ത മകനും പ്രഫഷനൽ നാടകകൃത്തുമായ സി.ആർ. മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടിൽ താമസം. രണ്ടു പ്രമാണങ്ങളായുള്ള വസ്തുവിന്റെ ഒരു ഭാഗം തഴവ സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചും കടമെടുത്തിട്ടുണ്ട്. ഇതും കുടിശികയായി കിടക്കുകയാണ്. 

സിപിഐ തഴവ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എവൈഎഫ്ഐ നേതാവുമായിരുന്ന സി.ആർ. മനോജ് ഇപ്പോൾ പൂർണ സമയ നാടകപ്രവർത്തകനാണ്. കോവിഡ് മൂലം നാടകാവതരണമൊക്കെ നിലച്ചതോടെ ആ വഴിക്കുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു. എഐസിസി അംഗം കൂടിയായ സി.ആർ. മഹേഷ് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചു പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്പത്തിക ബാധ്യതയുണ്ട്. 

വായ്പാ കുടിശിക അടച്ചു തീർക്കാൻ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ടു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ റജിസ്ട്രാർ, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണു മഹേഷിന്റെ കുടുംബം. 

English Summary : KPCC general secretary CR Mahesh in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA