ADVERTISEMENT

അവസാനദിവസം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡന് ഒരു കത്തെഴുതിവച്ചാണ് ഡോണൾഡ് ട്രംപ് സ്ഥലം വിട്ടത്. എന്തായിരിക്കും ആ കത്തിലെ ഉള്ളടക്കം? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അധികാരക്കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട കൗതുകകരമായ കീഴ്‌വഴക്കങ്ങളിലൊന്നാണ് ഈ കത്തെഴുത്തും. സ്ഥാനമൊഴിയുന്ന വർഷം ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെയാണ് നിലവിലുള്ള പ്രസിഡന്റിന്റെ അധികാരം. ഉച്ചയ്ക്ക് 12 മുതൽ പുതിയ പ്രസിഡന്റിന് അധികാരം ലഭിക്കുന്നു. 

ഭരണം ലഭിക്കുന്ന ദിവസവും കൈമാറുന്ന ദിവസവും അരദിവസത്തെ വീതം അധികാരമാണ് ഉണ്ടാവുക എന്നു ചുരുക്കം. ഇങ്ങനെ അധികാരം കൈമാറുന്ന അര ദിവസത്തിലാണ്  വൈറ്റ് ഹൗസിൽനിന്നു പടിയിറങ്ങുന്നയാൾ പുതിയ താമസക്കാരന് ഒരു കത്തെഴുതിവയ്ക്കുന്നത്. വൈറ്റ് ഹൗസിൽ പ്രസിഡന്റിന്റെ ഓഫിസായ ഓവൽ ഓഫിസിൽ പ്രസിഡന്റിന്റെ ഇരിപ്പിടത്തിനു മുന്നിലെ അലംകൃതമായ മേശയിൽ (Resolute Desk) ആ കത്ത് വയ്ക്കും. പുതിയ ആൾ ഓഫിസിലെത്തി ആ കത്ത് വായിക്കും. 

ഈ കീഴ്‌വഴക്കം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് ആയതേയുള്ളൂ. 1989ൽ സ്ഥാനമൊഴിഞ്ഞ റൊണാൾഡ് റെയ്ഗൺ തന്റെ പിൻഗാമി ജോർജ് എച്ച്. ഡബ്ല്യു. ബുഷിനാണ് (ബുഷ് സീനിയർ) ആദ്യത്തെ കത്തെഴുതിയത്. എട്ടു വർഷം തന്റെ കൂടെ വൈസ് പ്രസിഡന്റായിരുന്ന ബുഷിന് വൈറ്റ് ഹൗസും ഭരണവുമൊന്നും അപരിചിതമായിരുന്നില്ല. രണ്ടു പേരും റിപ്പബ്ലിക്കൻ പാർട്ടിക്കാരും. അതിനാൽ, ഔപചാരികമായ ആശംസയും പ്രാർഥനയും നേർന്നുള്ള കത്തായിരുന്നു അത്. 1989 ജനുവരി 20ന് തീയതി വച്ചുള്ളതായിരുന്നു കത്ത്. 

ഇപ്പോൾ ഡോണൾഡ് ട്രംപിനു സംഭവിച്ചതു പോലെത്തന്നെ ഭരണത്തുടർച്ച ലഭിക്കാതെ നാലു വർഷം കഴിഞ്ഞ് വൈറ്റ് ഹൗസ് വിടേണ്ടിവന്ന റിപ്പബ്ലിക്കൻ പ്രസിഡന്റായി ബുഷ് സീനിയർ മാറി. പിൻഗാമിയായി വരുന്നത് 46 വയസ്സുകാരൻ ബിൽ ക്ലിന്റൻ. 

രാഷ്ട്രീയത്തിലും ഭരണത്തിലും പരിചയസമ്പന്നനായ തന്നെ മലർത്തിയടിച്ച് വൈറ്റ് ഹൗസിലേക്കു കടന്നുവരുന്ന ബിൽ ക്ലിന്റന്  മനോഹരമായ ഒരു കത്താണ് ബുഷ് സീനിയർ 1993 ജനുവരി 20ന് എഴുതിവച്ചത്. ‘പ്രിയപ്പെട്ട ബിൽ, നാലുവർഷം മുൻപ് ഈ ഓഫിസിലേക്കു ഞാൻ കടന്നുവന്നപ്പോൾ അനുഭവിച്ച അതേ ആദരവും അദ്ഭുതവുമാണ് ഇന്നിപ്പോൾ ഈ ഓഫിസിലേക്കു കയറിയപ്പോഴും എനിക്കുള്ളത്. താങ്കൾക്കും അതുതന്നെയാകും അനുഭവമെന്ന് എനിക്കറിയാം. താങ്കൾക്കിവിടെ പൂർണസന്തോഷം ഞാൻ ആശംസിക്കുന്നു. പല പ്രസിഡന്റുമാരും വിവരിച്ചപോലെയുള്ള ഏകാന്തത എനിക്ക് ഒരിക്കലും ഇവിടെ അനുഭവപ്പെട്ടിട്ടില്ല. ഈ സ്ഥാനത്തിരിക്കുമ്പോൾ വിമർശനങ്ങളും അതിനപ്പുറത്തെ പ്രതിസന്ധികളും വരും. താങ്കൾക്ക് വലിയ ഉപദേശം നൽകാൻ പറ്റിയ ആളല്ല ഞാനെങ്കിലും (പറയട്ടെ); വിമർശനങ്ങളിൽ തളരരുത്; ദൗത്യത്തിൽനിന്നു വ്യതിചലിക്കരുത്’. ഇതു വായിക്കുമ്പോഴേക്കും താങ്കൾ ഞങ്ങളുടെ പ്രസിഡന്റായിക്കഴിഞ്ഞിരിക്കും എന്ന് എഴുതിയ ബുഷ്, ഞങ്ങളുടെ എന്ന വാക്കിന് അടിവരയിടുകയും ചെയ്തു. ബിൽ ക്ലിന്റനും കുടുംബത്തിനും ആശംസയും ആരോഗ്യം നേർന്നാണ് കത്ത് അവസാനിക്കുന്നത്.

us-president-letters
(ഇടത്തു നിന്നും വലത്ത്) റൊണാൾഡ് റെയ്ഗൺ ജോർജ് എച്ച്. ഡബ്ല്യു. ബുഷിന് നൽകിയ കത്ത്, ബുഷ് ബിൽ ക്ലിന്റനു കൈമാറിയ കത്ത്, ബിൽ ക്ലിന്റൻ ജോർജ് ഡബ്ല്യു ബുഷിന് നൽകിയ കത്ത്

തനിക്കു കത്തെഴുതിവച്ച പ്രസിഡന്റിന്റെ മകന് കത്തെഴുതി വയ്ക്കാനായിരുന്നു 2001 ജനുവരി 20ന് ബിൽ ക്ലിന്റന്റെ നിയോഗം. ജോർജ് ഡബ്ല്യു ബുഷിന് ക്ലിന്റൻ എഴുതിയ കത്തിൽ, ഭരണകൂടങ്ങളെ മാത്രമല്ല, അതിലൂടെ രാജ്യത്തിന്റെ സ്വഭാവം തന്നെ വിലയിരുത്തപ്പെടുകയും നിർണയിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് യുഎസിനെ നയിക്കാനുള്ള നിയോഗം ലഭിച്ചതു ചൂണ്ടിക്കാട്ടി. ബുഷ് സീനിയർ എഴുതിയപോലെ, ഇന്നു മുതൽ താങ്കൾ ഞങ്ങളുടെയെല്ലാം പ്രസിഡന്റാണ് എന്ന് ക്ലിന്റനും എഴുതി. ‘അഭിമാനികളായ നല്ല ജനതയെയാണ് താങ്കൾ നയിക്കുന്നത്. അഭിനന്ദനം; ആശംസകൾ..’ 

ബറാക് ഒബാമയ്ക്കാണ് ബുഷ് ജൂനിയർ അധികാരം കൈമാറിയത്. ഒബാമയ്ക്കുള്ള കത്തിൽ 2009 ജനുവരി 20ന് ബുഷ് എഴുതിയത് ഇങ്ങനെ: ‘താങ്കൾ പരീക്ഷണഘട്ടങ്ങൾ നേരിടേണ്ടിവരും. വിമർശകർ കടന്നാക്രമിക്കും. സുഹൃത്തുക്കളെന്നു കരുതിയവർ താങ്കളെ നിരാശപ്പെടുത്തും. പക്ഷേ, അപ്പോഴും താങ്കളെ ആശ്വസിപ്പിക്കാൻ ദൈവം കൂടെയുണ്ടാകും; താങ്കളെ സ്നേഹിക്കുന്ന കുടുംബം കൂടെയുണ്ടാകും; ഞാൻ ഉൾപ്പെടെയുള്ള ജനങ്ങൾ ഉൾക്കൊള്ളുന്ന ഈ രാജ്യം താങ്കൾക്കുവേണ്ടി നിലകൊള്ളും’. 

താൻ എന്തൊക്കെയാണോ അരുതെന്നു പറഞ്ഞത് അതെല്ലാം വാരിപ്പുണരുന്ന ഡോണൾഡ് ട്രംപാണ് എട്ടു വർഷത്തിനു ശേഷം ബറാക് ഒബാമയുടെ പിൻഗാമിയായി എത്തിയത്. നിലപാടിൽ ഭിന്നധ്രുവങ്ങളിൽ നിൽക്കുന്നതുകൊണ്ട് കൂടിയാകണം, അൽപം വിശദമായ ഉപദേശം തന്നെയാണ് ട്രംപിന് ഒബാമ 2017 ജനുവരി 20ന് എഴുതിയ കത്തിലുള്ളത്. 

1200-clinton-to-obama-letter
ബുഷ് ജൂനിയർ ബറാക് ഒബാമയ്ക്ക് കൈമാറിയ കത്ത്

ഉജ്വലവിജയത്തിൽ അഭിനന്ദനത്തോടെ തുടങ്ങുന്ന കത്തിൽ ഇങ്ങനെ എഴുതി: ‘ദശലക്ഷക്കണക്കിനാളുകൾ അവരുടെ പ്രതീക്ഷകൾ താങ്കളിൽ അർപ്പിച്ചിരിക്കുകയാണ്. താങ്കളുടെ ഭരണകാലത്ത് സമൃദ്ധിയും സുരക്ഷയുമുണ്ടാകണമെന്ന് പാർട്ടി ഭേദമില്ലാതെ ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. ഈ ഓഫിസിൽ പ്രത്യേക വിജയമന്ത്രങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ എന്റെ എന്തെങ്കിലും ഉപദേശങ്ങൾ താങ്കൾക്ക് പ്രത്യേകിച്ചു സഹായകമാകുമോ എന്നെനിക്കറിയില്ല. എങ്കിലും കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ എന്റെ ഉള്ളിൽ തോന്നിയ ചില കാര്യങ്ങൾ കുറിക്കട്ടെ. 

ഒന്ന്, പല വഴികളിലൂടെയെങ്കിലും നമ്മൾ ഭാഗ്യം ചെയ്തവരും അനുഗ്രഹിക്കപ്പെട്ടവരുമാണ്. എല്ലാവർക്കുമൊന്നും ഈ ഭാഗ്യം ലഭിച്ചിട്ടില്ല. കഠിനാധ്വാനികളായ ഓരോ കുഞ്ഞിനും കുടുംബത്തിനും വിജയത്തിലേക്കുള്ള ചവിട്ടുപടി നമ്മാൽ കഴിയുംവിധം നിർമിച്ചുകൊടുക്കുക എന്നത് നമ്മുടെ ദൗത്യമാണ്. 

രണ്ട്, ഈ ലോകത്ത് ഒഴിച്ചുകൂടാനാകാത്തതാണ് അമേരിക്കയുടെ നേതൃത്വം. ശീതയുദ്ധകാലത്തിനു ശേഷം ക്രമേണ വളർന്നുവന്ന രാജ്യാന്തര സമാധാനം നിലനിർത്താൻ നമ്മുടെ പ്രവർത്തനങ്ങളിലൂടെയും മാതൃകകളിലൂടെയും ശ്രമിക്കണം. അത് നമ്മുടെ സമ്പദ്ഘടനയും സുരക്ഷയും അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. 

മൂന്ന്, നാം ഈ ഓഫിസിലെ താൽക്കാലിക താമസക്കാരാണ്. ജനാധിപത്യസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും സംരക്ഷകർ എന്നതാണ് നമ്മുടെ ദൗത്യം. നമ്മുടെ പൂർവികർ രക്തമൊഴുക്കി പോരാടി നേടിയെടുത്ത നിയമക്രമം, അധികാരവിഭജനം, തുല്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയവയുടെയൊക്കെ സംരക്ഷണം. ദിനംപ്രതിയുള്ള രാഷ്ട്രീയ പിടിവലികൾക്കപ്പുറം ജനാധിപത്യത്തിന്റെ നെടുംതൂണുകളെ അവ സ്ഥാപിക്കപ്പെട്ടപ്പോഴുള്ള അതേ കരുത്തോടെ നിലനിർത്തുക എന്നത് നമ്മുടെ ചുമതലയാണ്. 

അവസാനമായി, ചുമതലാഭാരത്തിനും തിരക്കുകൾക്കുമിടയിൽ കുറച്ചുസമയം കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി മാറ്റിവയ്ക്കുക’. കുടുംബാംഗങ്ങൾക്ക് ആശംസ നേർന്ന ശേഷം ‘ഗുഡ്‌ലക്ക് ആൻഡ് ഗുഡ്‌സ്പീഡ്’ എന്ന ആശംസയോടെയാണ് ഒബാമയുടെ കത്ത് അവസാനിക്കുന്നത്. മുൻ പ്രസിഡന്റുമാരെല്ലാം പിൻഗാമിയുടെ പേരെഴുതി അഭിസംബോധന ചെയ്തുള്ള കത്തായിരുന്നെങ്കിൽ ഒബാമയുടെ കത്ത് തുടങ്ങുന്നത് മിസ്റ്റർ പ്രസിഡന്റ് എന്നാണ്. ഒടുവിൽ ബറാക് ഒബാമ എന്നതിന്റെ ചുരുക്കരൂപമായ ‘ബിഒ’ എന്നും. കത്തിൽ മിഷേലിന്റെയും മെലനിയയുടെയും പേര് പരാമർശിക്കുന്നുണ്ട്. 

കത്തെഴുത്ത് കീഴ്‌വഴക്കം തുടങ്ങിയ റെയ്ഗൺ ഒഴികെ മറ്റെല്ലാ പ്രസിഡന്റുമാർക്കും എതിർപാർട്ടിക്കാരനായ പിൻഗാമിക്കു കത്തെഴുതാനുള്ള നിയോഗമാണ് ലഭിച്ചത് എന്നതും കൗതുകകരമാണ്. പിൻഗാമിക്ക് സത്യപ്രതിജ്ഞാദിനത്തിൽ വൈറ്റ്‌ഹൗസിൽ ചായസൽക്കാരം നൽകുന്നതുൾപ്പെടെ പല കീഴ്‌വഴക്കങ്ങളും ലംഘിച്ച ട്രംപ്, ബൈഡനു കത്തെഴുതുമോ എന്നതിലും സംശയമുണ്ടായിരുന്നു. ഒടുവിൽ കത്തെഴുതിയതായി സ്ഥിരീകരണം വന്നപ്പോൾ പിന്നെ അതുസംബന്ധിച്ച തമാശകളായി. 

‘ജോ, അറിയാമല്ലോ, ഞാനാണു വിജയി’ എന്ന് എഴുതിവച്ചാണ് ട്രംപ് പോയതെന്നുവരെ സമൂഹമാധ്യമങ്ങളിൽ തമാശ ഉയർന്നു. പല ഊഹക്കത്തുകളും പ്രചരിച്ചു. മികച്ച ഒരു കത്താണ് ട്രംപ് എഴുതിയതെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. അപ്പോഴും, അതിലെ ഉള്ളടക്കം എന്തായിരിക്കും എന്ന ആകാംക്ഷയ്ക്കു വിരാമമായിട്ടില്ല. 

English Summary : What is inside Donalad Trump's letter to Joe Biden?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com