നേരത്തെ മത്സരിച്ച 39 സീറ്റും വേണമെന്ന് ബിഡിജെഎസ്; തരാനാവില്ലെന്ന് ബിജെപി

bdjs-bjp
ഫയല്‍ ചിത്രം
SHARE

പാലക്കാട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും സീറ്റുകൾ ഇത്തവണയും വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തേ‍ാട് മുഖംതിരിച്ച് ബിജെപി. പെ‍ാതുസമ്മതർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിനാൽ തൽസ്ഥിതി തുടരാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയതായാണു സൂചന.

ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ആശയവിനിമയത്തിലാണ് സീറ്റ് എണ്ണത്തെക്കുറിച്ചുള്ള ആവശ്യവും വിയേ‍ാജിപ്പും ഉയർന്നത്. എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരെയും സ്ഥാനാർഥികളാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസിന് മാന്യമായ പരിഗണന നൽകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു,

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 സീറ്റിലാണ് സംഘടന മത്സരിച്ചത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളുമായും സംസ്ഥാന പ്രസിഡന്റുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. എസ്എൻഡിപിയുമായി ബന്ധമുള്ള ചില പ്രമുഖരെ മത്സരിപ്പിക്കാനും സംഘടന നീക്കം തുടങ്ങിയിട്ടുണ്ട്. 

ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായ നേതൃത്വത്തിന്റെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, ബിജെപിയേ‍ാടുളള അനുഭാവ നിലപാട് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്ര നേതൃത്വവും ഇതേ സന്ദേശമാണ് നൽകുന്നത്. യുഡിഎഫിന്റെ നീക്കങ്ങൾ തികച്ചും വിഭാഗീയമാണെന്നാണ് വിവിധ പഠന ശിബിരങ്ങളിൽ നൽകുന്ന സന്ദേശം.

സ്വജനപക്ഷപാതം, ഭരണഘടനാലംഘനം, പെ‍ാതുസ്വത്ത് ഉപയേ‍ാഗിച്ച് പാർട്ടിയുടെ ആസ്തിവികസനം, വൻ അഴിമതികൾ എന്നിവ സിപിഎമ്മിന്റെ മുഖമുദ്രയെന്നും ക്ലാസുകളിൽ പറയുന്നുണ്ട്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം, ബിജെപി സ്ഥാനാർഥികളെക്കുറിച്ചുളള ചർച്ച എന്നിവ 29ന് തൃശൂരിലെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നടക്കും.

പാർട്ടിയിലെ ആരെ‍ാക്കെ മത്സരിക്കണം എന്നതു സംബന്ധിച്ചും സംസ്ഥാന പ്രസിഡന്റിന്റെ യാത്രയെക്കുറിച്ചും തീരുമാനമെടുക്കും. ജനറൽ സെക്രട്ടറിമാരുടെ കമ്മിറ്റിക്കാണ് യാത്രാ ഒരുക്കങ്ങളുടെ ചുമതല. പുതിയ തീരുമാനമനുസരിച്ച് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെയാണ് രാഷ്ട്രീയ വിശദീകരണയാത്ര.

കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ഇപ്പേ‍ാഴത്തെ തീരുമാനം. ഫെബ്രുവരി 3, 4 തീയതികളിൽ കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന കേ‍ാർകമ്മിറ്റി യേ‍ാഗത്തിൽ പങ്കെടുത്തേക്കും. നേതൃത്വവുമായി തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന അദ്ദേഹം 4ന് നടക്കുന്ന പെ‍ാതുയേ‍ാഗത്തിൽ പ്രസംഗിക്കും. പെ‍ാതുയേ‍ാഗ സ്ഥലം പിന്നീട് നിശ്ചയിക്കും.

Content Highlights: BDJS, BJP, Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA