ADVERTISEMENT

തിരുവനന്തപുരം ∙ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികളുമായി മാസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ ആശയവിനിമയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ തദ്ദേശ സ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവഴി നാട്ടിലെ പദ്ധതികളിൽ പ്രവാസികൾക്ക് സഹകരിക്കാൻ കഴിയും. നാടും പ്രവാസികളുമായുള്ള ബന്ധം ഇതിലൂടെ ശക്തമാകും. വികസനപദ്ധതികൾക്ക് 15 ഏക്കർ എന്ന സ്ഥലപരിധി തടസ്സമായി വരില്ല. ഇക്കാര്യത്തിൽ ആവശ്യമായ ഇളവിന്റെ കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്, ആശങ്ക വേണ്ട.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. യൂണിവേഴ്‌സിറ്റികളിലും കലാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും ഫാക്കൽറ്റിയും വിപുലമാക്കും. ഇവിടെ കോഴ്‌സുകൾ ലഭ്യമാകാത്തതിനാൽ പുറത്തുപോയി പഠിക്കേണ്ടിവരുന്ന അവസ്ഥ മാറ്റും.

മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിലുള്ള വളർച്ചയാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കായി ഇൻഫ്രാസ്ട്രക്ചർ കമ്പനിയുൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങൾ വേണമെന്നതിന്റെ സാധ്യതയും പരിശോധിക്കും. മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കും.

ആരോഗ്യരംഗത്ത് പോഷണക്കുറവും വളർച്ചക്കുറവും വിളർച്ചയും പരിഹരിക്കാൻ നടപടിയുണ്ടാകും. കേരളത്തിൽ മരുന്നുനിർമാണ യൂണിറ്റുകൾക്ക് നല്ല സാധ്യതയുണ്ട്. വിപുലമായ മെഡിക്കൽ ഹെൽപ്പ്‌ലൈൻ വേണമെന്ന ആശയവും പരിഗണിക്കും. കോവിഡ് കാലത്ത് ഓൺലൈൻ ട്രീറ്റ്‌മെന്റ് സൗകര്യം ഒരുക്കിയിരുന്നു. കേരളത്തിലെ നദികളുടെ വെള്ളം ശുദ്ധമാക്കി നിലനിർത്താനുള്ള നടപടികൾ ഹരിതകേരളം മിഷന്റെ ഉൾപ്പെടെ ഭാഗമായി തുടരും. കുടിവെള്ള പദ്ധതികളും ആലോചിക്കും.

ഭൂമി തരിശുകിടക്കാതെ കൃഷി വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിൽ കൂടുതൽ ശ്രദ്ധ നൽകും. എല്ലാം വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ ലഭ്യമാക്കുന്ന വലിയ മാറ്റമാണ് നടപ്പാകുന്നത്. സ്‌പോർട്‌സ് രംഗവുമായി ബന്ധപ്പെട്ട വികസനവും പരിഗണനയിലുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന തൊഴിൽ സംസ്‌കാരം സംസ്ഥാനത്ത് വന്നിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങിൽ നോർക്ക റൂട്ട്‌സിന്റെ ഇ-ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. പ്രവാസി മലയാളികളായ എം.എ.യൂസഫലി, ഡോ. രവി പിള്ള, ഡോ. എം.അനിരുദ്ധൻ, ഡോ. ആസാദ് മൂപ്പൻ, സി.വി.റപ്പായി, ജയകൃഷ്ണൻ കെ.മേനോൻ, ഒ.വി.മുസ്തഫ, പി.മുഹമ്മദലി, അദീബ് അഹമ്മദ്, ഗിരി നായർ, ഡോ. മോഹൻ തോമസ്, കെ.ബാബുരാജ്, സെലസ്റ്റീൻ വെട്ടിക്കൽ തുടങ്ങിയവർ ഓൺലൈനായും നേരിട്ടും ആശയവിനിമയത്തിൽ പങ്കെടുത്തു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ സ്വാഗതം പറഞ്ഞു.

English Summary: Chief Minister interacted with Pravasi Malayalees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com