ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് പോസിറ്റീവായത് നല്ലതെന്നു കരുതുകയാണ് മാത്യു ടി.തോമസ് എംഎൽഎ. അതിനു കാരണം രണ്ടാണ്. കോവിഡ് പോസിറ്റീവായി ചികിൽസയിൽ കഴിയുന്ന 91 വയസ്സുള്ള പിതാവ് റവ. ടി.തോമസിനെ ശുശ്രൂഷിക്കാൻ കഴിയുന്നു എന്നത് ഒന്നാമത്തേത്. കോവിഡ് പേടിയില്ലാതെ തിരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാമെന്നത് രണ്ടാമത്തേതും.

എംഎൽഎയ്ക്കു പോസിറ്റീവായതിന്റെ അടുത്ത ദിവസമാണ് പിതാവിനും പോസിറ്റീവായത്. പ്രായം പരിഗണിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാധാരണ കോവിഡുകാർക്കു ബൈസ്റ്റാൻഡറെ അനുവദിക്കില്ലെങ്കിലും എംഎൽഎ പോസിറ്റീവായതിനാൽ ബൈസ്റ്റാൻഡറായി.

‘ഞാൻ പോസിറ്റീവ് ആയില്ലെങ്കിൽ ഈ പ്രായത്തിൽ ‍എന്റെ അപ്പച്ചൻ തനിച്ച് ആശുപത്രിയിൽ കഴിയേണ്ടി വന്നേനെ, അതുകൊണ്ട് എന്റെ കോവിഡിനെ ശരിക്കും പോസിറ്റീവായി തന്നെയാണ് കാണുന്നത്’– മാത്യു ടി.തോമസ് പറഞ്ഞു. മാത്യു ടി.തോമസിന്റെ വീട്ടിൽ ഭാര്യയും മരുമകനും പോസിറ്റീവായിരുന്നു.

റവ. തോമസിനും മാത്യു ടി.തോമസിനും രോഗ ലക്ഷണങ്ങളൊന്നുമില്ല. നിയമസഭയുടെ അവസാന ദിവസം പങ്കെടുക്കുന്നതിനുവേണ്ടി പരിശോധിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് അറിഞ്ഞത്. സ്വന്തം ബൈക്കിലാണ് പരിശോധനയ്ക്കു പോയത്. തിരികെ വീട്ടിലെത്തി കൊച്ചുമകളെ കളിപ്പിക്കുന്നതിനിടെയാണ് പോസിറ്റീവ് ആണെന്ന വിവരം അറി‍ഞ്ഞത്. 

അപ്പോൾതന്നെ ഐസലേഷനിൽ പ്രവേശിച്ചു. പിന്നാലെ പിതാവിനും പോസിറ്റീവ് ആയതോടെ ഇരുവരും ആശുപത്രിയിലേക്കു മാറി. കോവിഡ് വന്നു പോകട്ടെയെന്നാണ് മാത്യു ടി.തോമസ് പറയുന്നത്. പിന്നെ ആശങ്ക വേണ്ടല്ലോ. നെഗറ്റീവ് ആയാൽ ധൈര്യമായി സമൂഹത്തിലേക്ക് ഇറങ്ങാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അമരത്ത് ധൈര്യമായി തുടരാമെന്നും എംഎൽഎ പറയുന്നു.

ഒരുപക്ഷേ, ഏറ്റവും കൂടുതൽ തവണ ക്വാറന്റീനിൽ ഇരുന്ന എംഎൽഎ ആയിരിക്കും ഇദ്ദേഹം. ഇപ്പോൾ പോസിറ്റീവ് ആകുന്നതിന് മുൻപ് 5 തവണ ക്വാറന്റീനിലായി. ആറാം തവണ ക്വാറന്റീനിൽ ഇരിക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. ആദ്യം മകളും ഭർത്താവും ബെംഗളൂരുവിൽനിന്നു വന്നപ്പോഴാണ് ക്വാറന്റീനിൽ പോയത്. അന്ന് റിവേഴ്സ് ക്വാറന്റീനായിരുന്നു.

പിന്നീട് നിരണത്ത് ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവരിൽ പോസിറ്റീവുകാരൻ എത്തിയതിന്റെ പേരിൽ 14 ദിവസമിരുന്നു. പഴ്സനൽ സ്റ്റാഫിലെ ഒരാൾക്ക് കോവിഡ് വന്നതിനെ തുടർന്ന് മൂന്നാമത്തെ ക്വാറന്റീൻ. പിന്നീട് ഡ്രൈവർ പോസിറ്റീവായപ്പോൾ നാലാമത്തെ ക്വാറന്റീൻ. ഓഫിസ് അറ്റൻഡർ പോസിറ്റീവായപ്പോൾ അഞ്ചാമത്തെ ക്വാറന്റീൻ.

ഭാര്യ പോസിറ്റീവായതിനെ തുടർന്ന് ആറാം ക്വാറന്റീനിൽ കഴിയുമ്പോഴാണ് എംഎൽഎ പോസിറ്റീവാകുന്നത്. കോവിഡിനെ പേടിച്ച് ആശങ്കയോടെ നടക്കേണ്ടല്ലോ, വന്നു പോയതിന്റെ ധൈര്യത്തിൽ ഇനി അകലങ്ങൾ കുറച്ച് തിരഞ്ഞെടുപ്പ് വേദിയിൽ സജീവമാകാമെന്നും മാത്യു ടി. തോമസ് പറയുന്നു.

English Summary: COVID-19: Mathew T Thomas MLA shares his experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com