ADVERTISEMENT

ന്യൂഡല്‍ഹി ∙ ‘ഈ കൊടുംക്രൂരത അവസാനിപ്പിക്കണം’- തമിഴ്‌നാട്ടില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച തുണി എറിഞ്ഞ് കാട്ടാനയെ കൊന്ന സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയ്ക്കു കത്തെഴുതി.

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും അഭിഭാഷകനായ മാത്യൂസ് ജെ.നെടുംപുര, ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ പറയുന്നു. മുമ്പ് കേരളത്തില്‍ പടക്കം കടിച്ച് ആന ചരിഞ്ഞപ്പോഴും ഇദ്ദേഹം സുപ്രീംകോടതിയുടെ ഇടപെടല്‍ തേടിയിരുന്നു. അന്ന് കേന്ദ്രത്തിനു സുപ്രീംകോടതി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഇത്തവണ തന്റെ കത്ത് പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിക്കണമെന്നാണ് അഡ്വ. മാത്യൂസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും നടത്തണം. വന്യമൃഗങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട്. ഹര്‍ജി സമര്‍പ്പിച്ചതായി അഡ്വ. മാത്യൂസ് ജെ.നെടുംപുര മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

wild-elephant-dies-masinagudi-02

മൃഗങ്ങള്‍ക്കെതിരായി നടക്കുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളെക്കുറിച്ചു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ശിക്ഷ കര്‍ശനമാക്കുകയും ചെയ്താല്‍ മാത്രമേ അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്‌നാട്ടിലെ മസിനഗുഡിക്കടുത്താണ് രാത്രി ജനവാസ കേന്ദ്രത്തിലെ റിസോര്‍ട്ടിനു സമീപമെത്തിയ ആനയെ തുരത്താന്‍ പെട്രോളില്‍ മുക്കിയ തുണി കത്തിച്ച് എറിഞ്ഞത്. തലയില്‍ ആളിക്കത്തിയ തീയുമായി നിലവിളിച്ച് കാട്ടിലേക്കോടിയ ആന, പൊള്ളിയ ഭാഗം വൃണമായി ദിവസങ്ങളോളം നരകയാതന അനുഭവിച്ചു. വേദന കൂടുമ്പോള്‍ അടുത്തുള്ള ഡാമില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. വനംവകുപ്പ് ചികിത്സ നല്‍കിയെങ്കിലും ആന ചരിഞ്ഞു. 

പെട്രോളില്‍ മുക്കി കത്തിച്ച തുണി ചെവിയില്‍ കുടുങ്ങി വെപ്രാളത്തോടെ ചിന്നംവിളിച്ചോടുന്ന ആനയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നു മാഹനഹള്ളിയിലെ റിസോര്‍ട്ട് ഉടമ റെയ്മണ്ട് ഡീന്‍ (28), സഹായി പ്രശാന്ത്  (36) എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ റിക്കുരായന്‍ ഒളിവിലാണ്. നീലഗിരി കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നു മസിനഗുഡി പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ട് അടച്ചുപൂട്ടി. 

മുതുമല വന്യജീവി സങ്കേതത്തിലെ മാഹനഹള്ളിയില്‍ ചികിത്സിക്കാനായി മയക്കുവെടിവച്ചു പിടികൂടിയ കൊമ്പന്‍ ചരിഞ്ഞ സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. പൊള്ളലേറ്റ് ഇടതുചെവി അറ്റുവീണ് വേദന സഹിക്കാനാവാതെ രണ്ടാഴ്ചയിലേറെയായി കാട്ടിലൂടെ ചിന്നംവിളിച്ചലയുകയായിരുന്ന ആനയെ വനംവകുപ്പ് പിടികൂടി ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം.  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടതുചെവി അറ്റു രക്തം വാര്‍ന്ന നിലയില്‍ കണ്ട ആനയെ മസിനഗുഡി - സിങ്കാര റോഡില്‍ വനംവകുപ്പ് മയക്കു വെടിവച്ചു തളച്ചത്. തുടര്‍ന്നു ചികിത്സയ്ക്കായി തെപ്പക്കാട് ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നതിനിടെ ചരിഞ്ഞു. ചെവിയുടെ ഭാഗത്ത് ആഴത്തില്‍ പൊള്ളലേറ്റതായാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. അറ്റുപോയ ചെവിയുടെ ഭാഗം വഴിയരികില്‍  കണ്ടെത്തി.

കാട്ടാനകളെ തുരത്താന്‍ തുണിയും മറ്റും കത്തിച്ചു തീ കൂട്ടുന്നത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പതിവാണ്. ഈ മാസം മൂന്നിനു രാത്രിയാണ് ആന റിസോര്‍ട്ടിനു സമീപമെത്തിയതും ആളുകൾ തുണി കത്തിച്ചെറിഞ്ഞതും. ആന തൊട്ടടുത്തുള്ള മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. കടുത്ത വേദനയുണ്ടാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. ഒരു മാസം മുന്‍പ് ഈ ആനയുടെ മുതുകില്‍ പരുക്കേറ്റിരുന്നു.

English Summary: "End Horrifying Cruelty": Lawyer Writes To Chief Justice On Elephant Set Afire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com