ADVERTISEMENT

കെണി വച്ച് പിടിച്ച് കൊന്ന പുള്ളിപ്പുലിയുടെ തോലുരിച്ച് നഖവുമെടുത്തപ്പോൾ ബാക്കി വന്ന ഇറച്ചി എന്തു ചെയ്യുമെന്നായിരുന്നു അഞ്ചംഗ സംഘത്തിന്റെ ചോദ്യം. ഇറച്ചി വെറുതെ കളയേണ്ടെന്ന ചിന്തയും തലച്ചോറിലുദിച്ചു. പുള്ളിപ്പുലിയുടെ ഇറച്ചി കറിവച്ചു കഴിച്ചാൽ സൂപ്പർ ടേസ്റ്റായിരിക്കുമെന്ന് സംഘത്തിലെ ഒരാൾ പറഞ്ഞതോടെ പിന്നെ പുള്ളിപ്പുലിയുടെ മാംസം റോസ്റ്റാക്കാൻ തീരുമാനിച്ചു.

ഇടുക്കി മാങ്കുളം സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ മുനിപാറ വിനോദ് ആണ് കറിവയ്ക്കാൻ മുന്നിട്ടിറങ്ങിയത്. മാംസം അഞ്ചു പേരായി വീതിച്ചു. 10 കിലോ മാംസം വിനോദിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. ഇതിൽ അര കിലോ ഇറച്ചിക്കറിയാക്കിയ നിലയിലായിരുന്നു. മറ്റു പ്രതികളെല്ലാം ഇറച്ചി പാകം ചെയ്തു കഴിച്ചതായും വനം വകുപ്പ് കണ്ടെത്തി. മൂന്നാം പ്രതി സി.എസ്.ബിനുവിന്റെ വീട്ടിൽ ഇറച്ചിക്കറി അടുപ്പിൽ പാകം ചെയ്യുമ്പോഴാണ് വനപാലകരെത്തിയത്.

പുള്ളിപ്പുലിയുടെ ഇറച്ചി കഴിച്ച അഞ്ചു പേരും ഇനി അഴിയെണ്ണും. ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് കറിവച്ചു കഴിച്ച കേസിൽ അറസ്റ്റിലായ അഞ്ചു പേരും ഇപ്പോൾ റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകും.  ഇൗ മാസം 20 നായിരുന്നു 6–7 വയസ്സുവരെ പ്രായമുള്ള പുള്ളിപ്പുലിയെ ഇരുമ്പ് കേബിൾ ഉപയോഗിച്ച് വിനോദും സംഘവും കെണിവച്ച് പിടിച്ച് കൊന്നത്. 

∙ കുടുക്കിട്ട് 15–ാം ദിനം പുലി കുടുങ്ങി

വനത്തിനോടു ചേർന്നുള്ള വിനോദിന്റെ പുരയിടത്തിൽ സ്ഥിരമായി പുള്ളിപ്പുലി എത്തിയിരുന്നു.  ഇതിനെ കെണിവച്ചു പിടിച്ച ശേഷം കൊന്ന്, തോലുരിച്ച് വിറ്റാൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വിനോദിന്റെ ആഗ്രഹമാണ് വിനയായത്. വിവരം അടുത്ത സുഹൃത്തുക്കളായ നാലു പേരോടു പറഞ്ഞു. പുള്ളിപ്പുലിയെ കുടുക്കാനുള്ള മാർഗങ്ങൾക്കായി യുട്യൂബ് വിഡിയോകൾ കണ്ടു.

arrested-leopard
അറസ്റ്റിലായ വിനോദ്, സി.എസ്.ബിനു, വിൻസെന്റ്, സലി കുഞ്ഞപ്പൻ, വി.പി.കുര്യാക്കോസ്

കെണിയിലകപ്പെട്ടാൽ മുന്നോട്ടു കുതിക്കും തോറും വല മുറുകുന്ന ഇരുമ്പു കേബിൾ വലയാണ് ഇവർ തയാറാക്കിയത്. 15 ദിവസം മുൻപ് കെണി വച്ചെങ്കിലും പതിനഞ്ചാം ദിവസമാണ് പുള്ളിപ്പുലി കെണിയിലകപ്പെട്ടത്. 20ന് രാവിലെ കെണിയിലകപ്പെട്ട് അവശനായ പുള്ളിപ്പുലിയെ കണ്ടു. പിന്നെ കൊന്ന ശേഷം ഒരു ദിവസം കൊണ്ട് തോലുരിച്ചു.

40 കിലോയോളം തൂക്കമുള്ള പുള്ളിപ്പുലിയുടെ തോലുരിച്ച് നഖങ്ങളും എടുത്തപ്പോൾ 20 കിലോ ഇറച്ചി ബാക്കിയായി. ഇതോടെയാണ് ഇത് കളയേണ്ടെന്നും കറി വയ്ക്കാമെന്നും വിനോദ് തീരുമാനിച്ചത്. ഇറച്ചി വറുക്കാമെന്ന് ചിലർ പറഞ്ഞെങ്കിലും, കറി വച്ചാൽ ഏറെ രുചികരമായിരിക്കുമെന്ന് വിനോദ് ഉപദേശിച്ചത്രെ. നാലു പേരും ഇറച്ചിയുമായി വീടുകളിലേക്ക് മടങ്ങി. ഇവരെല്ലാം കറി വച്ചു കഴിച്ചു. ചില സുഹൃത്തുക്കൾക്കും ഇവർ ഇറച്ചി കൈമാറിയതായി സൂചനയുണ്ട്.

പുള്ളിപ്പുലിയെ കൊന്ന് മാംസം കറിവച്ച വിവരം വനപാലകരുടെ കാതിലെത്തിയതോടെ ഇവർ വിനോദ് ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി. തുടർന്നാണ് ഇയാളെയും മറ്റ് നാലു പ്രതികളെയും അറസ്റ്റു ചെയ്തത്.  വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ പരിചയമുള്ള വിനോദ് മൂന്നു വർഷം മുൻപ് മുള്ളൻപന്നിയെ കൊന്ന് കറിവച്ചു കഴിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മാങ്കുളം റേഞ്ച് ഓഫിസർ വി.ബി.ഉദയസൂര്യൻ പറഞ്ഞു.

വിനോദിനെ കൂടാതെ ബേസിൽ, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പ്രതികളുടെ കൈവശം ലൈസൻസില്ലാത്ത നാടൻ തോക്ക് ഉണ്ടെന്നും ഇതുപയോഗിച്ചാണ് മൃഗവേട്ട നടത്തിയിരുന്നതെന്നും വനം വകുപ്പിന് വിവരം ലഭിച്ചു. 

1200-leopard-killed--idukki
പിടികൂടിയ പുലിത്തോലും കറിവച്ച മാംസവും

∙ മൂന്നു മുതൽ ഏഴു വർഷം വരെ കഠിനതടവ്

പുള്ളിപ്പുലി ഉൾപ്പെടെയുള്ളവയെ വേട്ടയാടുന്നതും കറി വച്ച് കഴിച്ചതുമായ സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് വനപാലകർ പറയുന്നു. മാൻ, മ്ലാവ്, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയവയെ വേട്ടയാടി കറിവച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗമാണ് പുള്ളിപ്പുലി. ഇതിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ കുറഞ്ഞത് മൂന്നു മുതൽ ഏഴു വർഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടും. ഗൂഢാലോചന നടത്തിയാൽ പോലും അകത്താകും. കഴിഞ്ഞ വർഷം നാലു നാടൻ തോക്കുകളുമായി വനത്തിനുള്ളിൽ കണ്ട സംഘത്തെ വനപാലകർ അറസ്റ്റു ചെയ്തിരുന്നു. മൃഗവേട്ടയ്ക്കിറങ്ങിയവരാണ് ഇവരെന്നും കണ്ടെത്തി. 

∙ കടുവയെ തിന്ന ‘കിടുവകൾ’

കടുവയെ തിന്ന ‘കിടുവകൾ’ കേരളത്തിലുണ്ട്. ഇൗ കഥയ്ക്ക് 71 വർഷം പഴക്കം. ഐക്യ കേരള രൂപീകരണത്തിന് 10 വർഷം മുൻപാണ് സംഭവം. 1972ൽ പാർലമെന്റ് ഭേദഗതികളോടെ പാസാക്കിയ കർശനമായ വന്യജീവി സംരക്ഷണ നിയമത്തിനും കാൽനൂറ്റാണ്ടു മുൻപൊരു കടുവക്കഥയെക്കുറിച്ച് അറിയാം. 

പിടികൂടിയ പുലിത്തോലും കറിവച്ച മാംസവും
പിടികൂടിയ പുലിത്തോലും കറിവച്ച മാംസവും

കടുവകളെ പിടികൂടുകയും എഴുന്നള്ളിക്കുകയും ഇറച്ചി പങ്കിട്ടെടുക്കുകയും ചെയ്ത ‘കിടുവ’കളായ ചേട്ടൻമാരുടെ കഥയാണിത്. വെടിവച്ചുവീഴ്ത്തിയ കടുവയെ കറിവച്ചു തിന്ന ആ സംഭവം പഴമക്കാർ മറക്കില്ല. 

∙ ആ കഥയിങ്ങനെ

എരുമേലിക്കടുത്തു മണിമലയാറിനോടു ചേർന്നാണ് ഓരുങ്കൽ എസ്റ്റേറ്റ്. അവിടെ കുടികിടപ്പുകാരനായ കൊക്കോവേലിൽ കുട്ടിയുടെ മകൾ നോക്കുമ്പോൾ മുറ്റത്തിനു താഴെ ഒരു പശു കിടക്കുന്നു. മകൾ പശുവിനെ പിടികൂടാൻ കയറുമായി ചെന്നു ‘വാ...വാ...’ എന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പശുവല്ല, സാക്ഷാൽ കടുവ. പെൺകുട്ടി ജീവനും കൊണ്ട് ഓടിച്ചെന്ന് അച്ഛനെ വിവരം അറിയിച്ചു.

കൊക്കാവേലി കുട്ടിക്കു നാടൻ തോക്കുണ്ട്. പക്ഷേ, ഒറ്റയ്ക്കു കടുവയെ കൊല്ലാൻ ശേഷിയില്ലെന്നു തോന്നിയതിനാൽ തോക്ക് കൈവശമുള്ള കൂട്ടുകാരനായ വാളിക്കൽ അപ്രേനോട് കാര്യം പറഞ്ഞു. അപ്രേനും നാട്ടുകാരും സ്ഥലത്തെത്തി. തോട്ടത്തിൽ വിശ്രമിക്കുകയായിരുന്ന കടുവ ജനത്തെ കണ്ടതോടെ എഴുന്നേറ്റോടി. ജനം പിന്നാലെ ഓടി.

ചിലപ്പോൾ കടുവ നാട്ടുകാർക്കു നേരേ തിരിഞ്ഞു. അപ്പോൾ അവർ പിന്നാക്കമോടി. ഒടുക്കം ആറ്റിലെ കട്ടിക്കയത്തിന്റെ തീരത്ത് എത്തിയപ്പോൾ കടുവയ്ക്കു മുന്നോട്ടുപോകാൻ കഴിയാതായി. അപ്രേൻ വെടി പൊട്ടിച്ചു. കടുവ അലറലോടെ ചത്തു മലർന്നു. സംഭവമറിഞ്ഞു കൊരട്ടി, ഓരുങ്കൽ, എരുമേലി എന്നിവിടങ്ങളിൽനിന്നു ജനം പാഞ്ഞെത്തി. ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ മരണം ആഘോഷമാക്കാൻ പുരുഷാരം തീരുമാനിച്ചു.

പിന്നെ വൈകിയില്ല. കാളവണ്ടിയിൽ ബലമുള്ള കമ്പുകളിൽ പടങ്ങു കെട്ടി കടുവയെ നിർത്തി നാടാകെ കൊണ്ടുനടന്നു. ഓരുങ്കൽ – കുറുവാമൂഴി – കൂവപ്പള്ളി വഴി കാഞ്ഞിരപ്പള്ളിയിലേക്കു കടുവയുടെ അന്ത്യയാത്ര. കടുവയെ കാണാൻ പാതയോരത്തു ജനം തടിച്ചുകൂടി. അവരിൽ ചിലർ ആ യാത്രയിൽ പങ്കുചേർന്നു. കാളവണ്ടിയിൽ കടുവയുടെ അരികിൽ തോക്കുമായി നിലയുറപ്പിച്ച അപ്രേന് വീരപരിവേഷം.

മുന്നൂറോളം പേരാണ് അന്നു കടുവാ വണ്ടിയെ അനുഗമിച്ചതെന്ന് പഴമക്കാർ പറയുന്നു. ഇനിയാണു കഥയുടെ ട്വിസ്റ്റ്! തിരികെ കൊണ്ടുവന്നപ്പോൾ കടുവയെ കുഴിച്ചിടാൻ നാട്ടുകാർക്കു മടി. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. തോലുപൊളിച്ചു ഭംഗിയാക്കി വീതംവച്ചു. കടുവയിറച്ചി തിന്നാൻ അന്നു യോഗമുണ്ടായ മുതിർന്നവരാരും ഇന്നു ജീവിച്ചിരിപ്പില്ല.

അപ്രേൻ 43 വർഷം മുൻപു മരിച്ചു. കടുവയിറച്ചി തിന്ന കുട്ടികളൊക്കെ ഇപ്പോൾ പ്രായമായി. പലരും മരിച്ചുപോയി. എങ്കിലും ഓരുങ്കലിന്റെ വീരേതിഹാസങ്ങളിൽ ഈ സംഭവത്തിന് ഇപ്പോഴും കടുവാക്കഥയുടെ മുരൾച്ചയുടെ പ്രതിധ്വനി.

∙ മൂന്നാറിലെ ‘പുലിമുരുകൻ’

തന്റെ പ്രിയപ്പെട്ട പശുവിനെ കൊന്നു തിന്ന പുലിയെ ഒന്നരവർഷം കാത്തിരുന്നു പിടികൂടി വകവരുത്തിയ മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ.കുമാർ (34) വനപാലകരുടെ പിടിയിലായത് കഴിഞ്ഞ വർഷമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 8 ന് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ നാലു വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും. ഒന്നര വർഷം മുൻപ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയ ഈ പശു. പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്.

അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒന്നര വർഷം മുൻപ് കെണിവച്ചു കാത്തിരുന്ന ശേഷമാണ് പുലി കെണിയിലായത്. മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി.

ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസികൾ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

English Summary: Five arrested by Forest Dept in Kerala for killing and eating leopard - Followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com