ADVERTISEMENT

മുംബൈ∙ തട്ടിപ്പിലൂടെ ചാനൽ റേറ്റിങ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി ശ്രമിച്ചെന്ന ആരോപണങ്ങൾ സാധൂകരിക്കുന്ന മൊഴിയുമായി ചാനൽ റേറ്റിങ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ്ഗുപ്ത. മുംബൈ പൊലീസ് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്. ചില ചാനലുകളുടെ റേറ്റിങ് കുറച്ച്, റിപ്പബ്ലിക്കിന്റെ റേറ്റിങ് ഉയർത്തിക്കാട്ടുന്നതിന് പ്രതിഫലമായി മൂന്നുവർഷത്തിനിടെ 40 ലക്ഷം രൂപ അർണബ് നൽകിയെന്നും കുടുംബവുമായി വിദേശയാത്രങ്ങളിൽ യാത്ര നടത്തുന്നതിന് 12,000 യുഎസ് ഡോളർ നൽകിയെന്നും പാർഥോ ദാസ്ഗുപ്ത മുംബൈ പൊലീസിന് മൊഴി നൽകി. എന്നാൽ പാർഥോ ദാസ്ഗുപ്തയുടെ അഭിഭാഷകൻ ഈ വിവരങ്ങൾ നിഷേധിച്ചു.

ജനുവരി 11ന് മുംബൈ പൊലീസ് സമർപ്പിച്ച 3600 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ബാർക് ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട്, പാർഥോ ദാസ്ഗുപ്തയും അർണബ് ഗോസ്വാമിയും തമ്മിൽ നടത്തിയ വാട്സാപ് ചാറ്റുകൾ, മുൻ കൗൺസിൽ ജീവനക്കാരുടെയും കേബിൾ ഓപ്പറേറ്റേഴ്സിന്റെയും ഉൾപ്പടെ 59 പേരുടെ മൊഴികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന പരിചയമാണ് ഉള്ളതെന്നും ടൈംസ് നൗവിൽ തന്റെ സഹപ്രവർത്തകനായിരുന്നു അർണബെന്നും പാർഥോ ദാസ്ഗുപ്ത പറയുന്നു. 

2013 ലാണ് ബാർക് സിഇഒ എന്ന നിലയിൽ താൻ പ്രവർത്തനം ആരംഭിക്കുന്നത്. 2017 ൽ അർണബിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ടിവി ആരംഭിക്കുകയും ചെയ്തു. റിപ്പബ്ലിക്കിന്റെ റേറ്റിങ് ഉയർത്തിയാൽ പ്രത്യൂപകാരം ചെയ്യുമെന്നും ഭാവിയിൽ ഗുണമുണ്ടാകുമെന്നും അർണബ് തനിക്കു ഉറപ്പു നൽകി. 2017 മുതൽ 2019 വരെ റിപ്പബിക് ടിവിയെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ താനും തന്റെ സംഘവും കിണഞ്ഞു പരിശ്രമിച്ചുവെന്നും മുംബൈ പൊലീസിനു നൽകിയ മൊഴിയിൽ പാർഥോ ദാസ്ഗുപ്ത പറയുന്നു. 

2017ൽ ദാസ്ഗുപ്തയ്ക്ക് കുടുംബത്തിനൊപ്പമുള്ള ഫ്രാൻസ്– സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കായി 6,000 യുഎസ് ഡോളർ ലോവർപരേലിലെ നക്ഷത്ര ഹോട്ടലിൽ അർണബ് കൈമാറി. 2019 ൽ കുടുംബത്തിനൊപ്പമുള്ള ദാസ്ഗുപ്തയുടെ, സ്വീഡൻ– ഡെൻമാർക് യാത്രകളുടെ ചെലവു വഹിച്ചതും അർണബായിരുന്നു. ഇത്തവണയും ആറായിരം യുഎസ് ഡോളർ നൽകി. 2017ൽ 20 ലക്ഷം രൂപയും 2018 ലും 2019 ലും10 ലക്ഷം രൂപയും കൊടുത്തു. മുംബൈ പൊലീസിനു നൽകിയ മൊഴിയിലാണ് പാർഥോ ദാസ്ഗുപ്തയുടെ തുറന്നു പറച്ചിൽ. പാർഥോ ദാസ്ഗുപ്തയ്ക്കു പുറമേ മുൻ ബാർക് സിഒഒ റോമിൽ ഗർഹിയ, റിപ്പബ്ലിക് ടിവി മീഡിയ നെറ്റ് വർക്ക് സിഇഒ വികാസ് ഖാൻ ചണ്ഡാനി എന്നിവർക്കെതിരെയാണ് അനുബന്ധ കുറ്റപത്രം. 2020 നവംബറിൽ 12 പേർക്കെതിരെ ആദ്യ കുറ്റപത്രം ഫയൽ ചെയ്തിരുന്നു.

1200-republic-tv-edditor-arnab
അർണബ് ഗോസ്വാമി (Photo by Sujit JAISWAL / AFP)

അർണബ് ഗോസ്വാമിയുമായി നടത്തിയതെന്നു പറയുന്ന വാട്സാപ് ചാറ്റ് ചോർന്നതിനു പിന്നാലെ പാർഥോ ദാസ്ഗുപ്തയുടെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. റിപ്പബ്ലിക്കിന്റെ റേറ്റിങ് ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള ചാറ്റിൽ ഉണ്ടെന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഡിസംബർ 24മുതൽ ജയിലിലാണ് ദാസ്. വാട്സാപ് ചാറ്റ് വിവാദത്തിൽ അർണബ് ഗോസ്വാമിക്കെതിരെ ഒൗദ്യോഗിക രഹസ്യനിയമപ്രകാരം കേസെടുക്കാനുള്ള സാധ്യതകൾ മഹാരാഷ്ട്ര സർക്കാർ തേടിയിരുന്നു. 

പാർഥോ ദാസ്ഗുപ്തയുമായി നടത്തിയ വാട്സാപ് സംഭാഷണത്തിൽ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് അർണബ് ഗോസ്വാമി സൂചിപ്പിച്ചത് വൻ വിവാദത്തിനു വഴിവച്ചിരുന്നു. വലിയൊരു സംഭവം നടക്കാൻ പോകുന്നുവെന്ന ആമുഖത്തോടെയാണ് ഫെബ്രുവരി 23നുള്ള സംഭാഷണത്തിൽ ബാലാക്കോട്ടിനെക്കുറിച്ച് അർണബ് സൂചിപ്പിച്ചത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചാണോ പറയുന്നതെന്ന പാർഥോയുടെ ചോദ്യത്തിനു മറുപടിയായി, പാക്കിസ്ഥാനെയാണു താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്ക് ആഹ്ലാദം പകരുന്ന രീതിയിൽ പാക്കിസ്ഥാനെതിരെ ആക്രമണമുണ്ടാകുമെന്നും ‘വലിയ ആൾ’ തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും അർണബ് ചാറ്റിൽ പറഞ്ഞിരുന്നു. 

English Summary: Arnab Goswami paid me $12,000 and Rs 40 lakh to fix ratings: Partho Dasgupta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com