ADVERTISEMENT

ന്യൂഡൽഹി∙ ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക്. കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങുകയാണ്. ഡല്‍ഹി ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അവർ പുറത്തുവിട്ടു. ഐടിഒയിൽ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.

അഞ്ച് കമ്പനി അര്‍ധസൈനികരെക്കൂടി തലസ്ഥാനത്ത് വിന്യസിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയിലെ അക്രമങ്ങളെ അപലപിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കേന്ദ്രസര്‍ക്കാര്‍ പക്വതയോടെ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കര്‍ഷക രോഷത്തിനാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം സാക്ഷിയായത്. സമാധാനപരമായി ആഹ്വാനം ചെയ്ത റാലി അക്ഷരാര്‍ഥത്തില്‍ തെരുവ് യുദ്ധമായി. ദേശീയ തലസ്ഥാനത്തേക്ക് പ്രതിഷേധ‌വുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു.

Farmers-5

ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. ഐടിഒയിലുണ്ടായ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. പൊലീസ് വെടിവയ്പിലാണ് മരണമെന്ന് കർഷകർ ആരോപിച്ചു. ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.

മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽനിന്നുമാറി നൂറുകണക്കിന് കർഷകർ പോയത് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും കലാശിച്ചു. ഐടിഒയിൽ ഒരു ബസ് കർഷകർ നശിപ്പിച്ചു. അതിർത്തിയിൽ പലയിടത്തും കർഷകർ ബാരിക്കേഡുകൾ മറികടന്നു. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രം ട്രാക്ടർ പരേഡ് നടത്താനുള്ള അനുമതിയാണ് ഡൽഹി പൊലീസ് നൽകിയത്.

Farmers-4

പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.

ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി. ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ടു നീങ്ങിയതോടെ റോഡിൽ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കർഷകരും പൊലീസും തമ്മിൽ കല്ലേറുണ്ടായി.

Farmers-3-JPG
ചിത്രം: രാഹുൽ ആർ. പട്ടം

സെൻട്രൽ ഡൽഹിയിൽ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

നേരത്തെ, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കു ശേഷം സിംഘുവിലേക്കു മടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടങ്ങിയത്. സിംഘുവിൽ നിന്നുള്ളവർ ബാരിക്കേഡുകൾ തകർത്ത് ജി.ടി. റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടർ മാർച്ച് എത്തി.

Farmers-2-JPG
ചിത്രം: രാഹുൽ ആർ. പട്ടം

പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടർ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സംഘർഷത്തിൽ ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിനു സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു.

മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കർഷക മാർച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽനിന്നു വ്യതിചലിച്ച് രാവിലെ എട്ടു മണിയോടെ മാർച്ച് ആരംഭിച്ചിരുന്നു.

English Summary: Farmers' Republic Day tractor rally Updates, News, Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com