ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് ഇന്ധന വിലയിൽ തുടരുന്ന റെക്കോര്‍ഡ് വര്‍ധനയിൽ നടുവൊടിഞ്ഞു ജനം. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണു ബുധനാഴ്ച കൂട്ടിയത്. കൊച്ചി നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസ. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി.

കഴിഞ്ഞദിവസം പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതിനു പിന്നാലെയാണു പുതിയ വര്‍ധന. കോവിഡ് ഭീതിയില്‍ പൊതുഗതാഗതം ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലേക്കു മാറിയവരുടെ നടുവൊടിക്കുകയാണു ദിനംപ്രതി ഉയരുന്ന ഇന്ധന വില. കോവിഡ് നിയന്തണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്ന ഓട്ടോ–ടാക്സി തൊഴിലാളികളുടെ ജീവിതത്തെയും പെട്രോള്‍–ഡീസല്‍ വില പ്രതിസന്ധിയിലാക്കുന്നു.

ജനരോഷം കേന്ദ്രസര്‍ക്കാരിനോടാണ്. ഓരോ ദിവസം കഴിയുന്തോറും പെട്രോള്‍ അടിക്കല്‍ പോക്കറ്റിന്റെ കനം കുറയ്ക്കുകയാണെന്നു ജനം പറയുന്നു. ദിവസവും 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചിരുന്നവര്‍ മിനിമം 200 രൂപയ്ക്ക് അടിക്കാന്‍ നിര്‍ബന്ധിതരായി. കോവിഡ് കാലത്ത് സ്വന്തം വാഹനത്തില്‍ നിരന്തരം യാത്ര ചെയ്യുന്നവര്‍ ഇന്ധനമടിച്ച് വഴിയാധാരമാകുന്ന അവസ്ഥ.

ഈ മാസം 13 മുതല്‍ ഏതാണ്ട് മൂന്നു രൂപയോളമാണു കൂട്ടിയത്. ലോക്ഡൗണ്‍ കാലത്ത് വരുമാനില്ലാതെ വലഞ്ഞ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ് ഈ കൂട്ടൽ. നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്നു സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ഇന്ധനവിലയില്‍ നികുതിയിളവിനുപോലും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നില്ലെന്നു വിമർശനമുണ്ട്.

English Summary: Petrol, diesel price hike hit common man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com