ADVERTISEMENT

മിന്ത്ര, പത്തു വർഷത്തോളം പ്രവർത്തന പരിചയമുള്ള ഇന്ത്യയിലെ മുൻനിര ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലുകളിൽ ഒന്ന്. ഇന്ത്യയുടെ ഫാഷൻ മന്ത്രമായി തന്നെ മാറിയ മിന്ത്രയുടെ ലോഗോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. മിന്ത്രയെ ഫാഷനും അപ്പുറത്തേക്ക് ചർച്ചയാക്കിയത് നാസ് എക്ത എന്ന ഹരിയാന സ്വദേശിയും. സ്ത്രീശരീരം മോശമായി ചിത്രീകരിക്കുന്ന ലോഗോ എന്ന പരാതിയിൽ വിവാദമായി മാറിയ ലോഗോ മാറ്റാനൊരുങ്ങുകയാണ് ഇപ്പോൾ മിന്ത്ര കമ്പനി. 2007 ൽ തുടങ്ങി 2014 ൽ ഫ്ലിപ്കാർട്ട് ഏറ്റെടുത്തതോടെ വളർന്നു പന്തലിച്ച ഫാഷൻ ലോകത്തെ ഏറെ പ്രശസ്തമായ ‘M’ എന്ന ഈ ലോഗോ നാസ് എക്ത എന്ന സാമൂഹിക പ്രവർത്തകയുടെ ഒറ്റയാൾ പോരാട്ടത്തിലാണ് മുഖമാറ്റത്തിന് ഒരുങ്ങുന്നതും.

പത്തു വർഷത്തോളം ഓൺലൈൻ വസ്ത്ര ഉപഭോക്താക്കളുടെ ഉള്ളിൽ പതിഞ്ഞ ലോഗോ എങ്ങനെയാണ് അശ്ലീലമായി തോന്നിയതെന്ന ചോദ്യത്തിന് നാസ് എക്തയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ‘‘കുറച്ചു വർഷങ്ങളായി ഞാനും മിന്ത്ര ഉപയോഗിക്കുന്ന ആളാണ്. എന്നാൽ അന്നൊന്നും ലോഗോയെ കുറിച്ചോ അതിന്റെ ഡിസൈനെ കുറിച്ചോ ചിന്തിച്ചിരുന്നില്ല. എന്നാൽ മൂന്നു വർഷം മുമ്പ് വലിയ ഒരു സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ലോഗോ നോക്കി രണ്ടു പുരുഷന്മാർ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പരിഹസിച്ചു ചിരിക്കുന്നതും കേട്ടു. അപ്പോഴാണ് ഈ ലോഗോയിൽ എന്തോ ഒന്ന് ശരിയല്ല എന്ന തോന്നൽ എനിക്കും ഉണ്ടായത്. ചില അടുപ്പക്കാരോടും മറ്റും ഈ സന്ദേഹം ഞാൻ പങ്കുവച്ചു. അതിൽ പലരും അത് ശരിയാണല്ലോ എന്ന അഭിപ്രായക്കാരായിരുന്നു.’’ – നാസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ നിരവധി തവണ ഈ വിഷയം ഉയർത്തികാട്ടിയെങ്കിലും അതിൽ മിന്ത്രയിൽ നിന്നു പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് രാകേഷ് റാത്തോഡ് എന്ന അഭിഭാഷകൻ വഴി മിന്ത്രയെ നേരിട്ടു സമീപിച്ച് ലോഗോ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവർ മറുപടി നൽകാൻ കൂട്ടാക്കാതെയായതോടെയാണ് സൈബർ പൊലീസിനെ സമീപിച്ചതെന്ന് നാസ് പറഞ്ഞു. ‘‘എനിക്ക് അവരുടെ ലോഗോയുടെ M എന്ന അക്ഷരത്തോട് യാതൊരു എതിർപ്പുമില്ല. എന്നാൽ ലോഗോയുടെ ഒരു പ്രത്യേക ഭാഗത്തുള്ള ഗ്രേ നിറം മാത്രം മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. മിന്ത്രയ്ക്കു യാതൊരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഇതിലൂടെ വരുത്തണമെന്നും എനിക്കില്ല. സ്ത്രീശരീരം മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കണം എന്നതു മാത്രമാണ് എന്റെ ആവശ്യം.’’– നാസ് വ്യക്തമാക്കി.

പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് പരാതി സ്വീകരിക്കുകയായിരുന്നു. ഒരുമാസത്തിനകം ലോഗോയിൽ മാറ്റം വരുത്താമെന്നു സമ്മതിച്ചിരിക്കുകയാണ് മിന്ത്ര. ലോഗോയിലെ മാറ്റം പാക്കേജിലും പരസ്യത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാലാണ് ലോഗോമാറ്റത്തിന് കമ്പനി ഒരു മാസത്തെ സാവകാശം തേടിയത്. തന്റെ ആവശ്യം അംഗീകരിച്ച് സ്ത്രീകളുടെ അന്തസ്സിനെ മാനിച്ച് ലോഗോ മാറ്റാൻ സമ്മതം അറിയിച്ച മിന്ത്രയ്ക്ക് നന്ദി അറിയിക്കുന്നതായും നാസ് പറഞ്ഞു.

നാസിന്റെ പരാതി അനുകൂലിച്ചും വിമർശിച്ചും സമൂഹമാധ്യമത്തിൽ നിരവധി പേരാണു രംഗത്തുവന്നത്. സ്ത്രീശരീരം മോശമായി ഉപയോഗിക്കാൻ വൻകിട കമ്പനികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മിന്ത്രയുടെ ലോഗോയെന്നും അതല്ല പേരു കിട്ടാൻ മാത്രമാണ് നാസ് ആരോപണമുന്നയിക്കുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ലോഗോയിൽ സാധാരണക്കാർക്ക് അശ്ലീലം കണ്ടെത്താനാകില്ലെന്ന അഭിപ്രായവും ഉയർന്നു.

‘‘വിൽപ്പനച്ചരക്കല്ല സ്ത്രീശരീരം. ഒരോ വ്യക്തിക്കും ഒരോ അഭിപ്രായം ഉണ്ടാകും. ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. എന്റെ അഭിപ്രായത്തിന്റെ പേരിൽ എനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ക്രൂരമായ ട്രോളുകളും പരിഹാസങ്ങളും നിലപാടിൽ ഉറച്ചുനിന്നു പോരാടാൻ എന്നെ കൂടുതൽ ശക്തയാക്കുകയാണ്. എന്നെ ശാന്തമായി പിന്തുണയ്ക്കുന്നവരുടെ പ്രതികരണങ്ങൾ എനിക്ക് കൂടുതൽ പ്രതികരിക്കാൻ പ്രോത്സാഹനവും നൽകുന്നു. ഞാനീ വിഷയം പലർക്കും മുൻപിൽ അവതരിപ്പിച്ചപ്പോൾ അവർ എന്നെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ടെലിവിഷൻ ഷോകളിലും മറ്റും ഇത്തരത്തിലുള്ള വിഷയങ്ങൾ ഉയർത്തി സംസാരിക്കുന്നവരോടും ഞാൻ അഭിപ്രായം ആരാഞ്ഞിരുന്നു. പരസ്യങ്ങളിലും സിനിമകളിലും മറ്റും സ്ത്രീശരീരത്തെ വിൽപ്പനചരക്കായി മാറ്റുന്ന രീതി പുതുമയല്ല. എന്നാൽ ജനം അതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടു വരണമെന്നാണ് ഞാൻ പറയുന്നത്, അതിനുള്ള സമയം അതിക്രമിച്ചു. മാത്രമല്ല പരസ്യ ലോകത്തും സിനിമയിലുമുള്ളവർ പഴയ ചിന്താഗതികൾ മാറ്റി ലോകത്തോടെ സംവദിക്കണമെന്നാണ് ആഗ്രഹം.’’ നാസ് പറഞ്ഞു.

ഹരിയാന സ്വദേശിയായ നാസ് എക്ത വയോധികർക്കും മറ്റും സ്വാന്തനമേകുന്ന അവസ്ത ഫൗണ്ടേഷൻ സ്ഥാപകയാണ്. ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ചു പോയതോടെ അമ്മയുടെ സംരക്ഷണത്തിലാണ് നാസ് വളർന്നത്. രണ്ടു പെൺകുട്ടികളെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടു പോയി എന്നറിഞ്ഞ അമ്മ പിന്നീട് എക്തയെ സ്കൂളിൽ പോകാൻ അനുവദിച്ചില്ല. പിന്നീട് അമ്മയെ സഹായിച്ച് കൂടിയ നാസ് ചെറുപ്പത്തിലേ തന്നെ ചെറിയ ബിസിനസ്സുകളൊക്കെ ചെയ്യാൻ ആരംഭിച്ചു. ചെറു പ്രായത്തിൽ തന്നെ ഫാഷൻ ബുട്ടീക് നടത്തി. തന്നെയും അമ്മയേയും ഉപേക്ഷിച്ചു പോയ അച്ഛനെ തേടി 15 ാം വയസ്സിൽ മുംബൈയിലേക്ക് പോയ നാസ് അവിടെ തുടരാനായി പൊലീസ് ഇൻഫോർമറായും വീട്ടു ജോലിക്കാരിയായുമൊക്കെ പല ജോലികൾ ചെയ്തു. ഒരു സ്ത്രീകളുടെ വസ്ത്ര വ്യാപാര കടയിൽ ഫാഷൻ ഡിസൈനറായും ജോലി നോക്കി.

ചെറുപ്പം മുതൽ തന്നെ മറ്റുള്ളവരെ സഹായിക്കുന്ന മനോഭാവമുണ്ടായിരുന്ന നാസ് വയോധികർക്കായി പിന്നീട് അവസ്തയും ആരംഭിച്ചു. സമീപത്തുള്ള ഒരു വയോധികനെ നാസ് സഹായിച്ചു പോന്നിരുന്നു. ഒരിക്കൽ‌ ഡൽഹിയിൽ പോയി മടങ്ങിയെത്തിയ നാസ് അദ്ദേഹം പട്ടിണികിടന്ന് മരിച്ചതായി അറിഞ്ഞു. ഈ സംഭവം നാസിനെ മാനസികമായി ഏറെ പിടിച്ചുലച്ചു. ഇതാണ് അവസ്ത ആരംഭിക്കാൻ പ്രചോദനമായതെന്ന് നാസ് പറയുന്നു.

പ്രിയപ്പെട്ടവർ ഉപേക്ഷിച്ച തെരുവിലായ വയോധികരെയും മറ്റും സംരക്ഷിക്കാനായാണ് അവസ്ത ആരംഭിക്കുന്നത്. അവർക്കു ഭക്ഷണം, വസ്ത്രം, താമസിക്കാനൊരിടം മരുന്ന് എന്നിവ നൽകുന്നതോടൊപ്പം സംരക്ഷണവും പരിചരണവും നൽകുന്ന സന്നദ്ധ സംഘടനയാണ് അവസ്ത. ഇതിനു പുറമെ പീഡനത്തിന് ഇരയായ നിരവധി സ്ത്രീകളെയും കുട്ടികളെയും മാറ്റി പാർപ്പിച്ച് അവർക്കു പുതിയൊരു ജീവിതം നൽകുന്നതിനും നാസിന്റെ ഈ സംഘടന മുന്നിട്ടിറങ്ങുന്നു.

English Summary: Naaz Ekta on Myntra logo controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com