സഭയില്‍ കടന്നത് കരുണാകരന്റെ കാല്‍തൊട്ട്; ഗുരുത്വമെന്ന് ഗൗരിയമ്മ: ദുഃഖമായി ബാബു

keralavotecharitham-03
ഒരുമയുണ്ടെങ്കിൽ......കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഭാഗവത കസെറ്റ് പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി കെ. കരുണാകരൻ വൈകിയെത്തിയ രമേശ് ചെന്നിത്തലയോടൊപ്പം ഒരേ ഇലയിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. (ഫയല്‍ ചിത്രം: വിക്ടർ ജോർജ്, മലയാള മനോരമ)
SHARE

ആദ്യമായി തിരഞ്ഞെടുപ്പിൽ വിജയിച്ചു നിയമസഭയിൽ എത്തിയപ്പോൾ ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.കരുണാകരന്റെ കാലു തൊട്ടു വന്ദിച്ചതിനുശേഷമാണ് അകത്തേക്കു കയറിയത്. അന്നത്തെക്കാലത്ത് അത്തരമൊരു രീതി പതിവില്ല. സംഭവത്തിനു സാക്ഷിയായ മന്ത്രി കെ.ആർ. ഗൗരിയമ്മ പറഞ്ഞു–‘ രമേശ് ഗുരുത്വമാണ് കാണിച്ചത്’.

കെ.കരുണാകരന്റെ നിർദേശപ്രകാരം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയും കെഎസ്‌യു പ്രസിഡന്റുമായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രായം 26. ഹരിപ്പാടുനിന്ന് 1982ൽ മത്സരത്തിനിറങ്ങുമ്പോൾ എതിരാളി സിപിഎമ്മിലെ പി.ജി. തമ്പി.

ആദ്യ തിരഞ്ഞെടുപ്പിനെ ചെന്നിത്തല ഓർക്കുന്നതിങ്ങനെ: ‘പന്തു കളി അറിയാത്ത കുട്ടി അസംബ്ലിയിലേക്കു മത്സരിക്കാൻ വന്നിരിക്കുന്നു എന്നായിരുന്നു എതിരാളികളുടെ പ്രചാരണം. ഇതോടെ, കോൺഗ്രസ് പ്രവർത്തകർ പുന്നയ്ക്കാമാല അണിഞ്ഞാണ് എന്നെ സ്വീകരിച്ചത്.  ഈ രീതി മണ്ഡലത്തിൽ പലയിടത്തും പിന്തുടർന്നതോടെ പ്രവർത്തകർക്ക് ആവേശമായി. പിന്നീടത് തരംഗമായതോടെ ജനപിന്തുണ വർധിച്ചു. എതിരാളികൾ മോശപ്പെടുത്താൻ പ്രയോഗിച്ച തന്ത്രം എനിക്കു ഗുണകരമാകുന്ന അവസ്ഥ വന്നു. നാട്ടിലെത്തുമ്പോൾ അക്കാര്യങ്ങളെല്ലാം പലരും ഓർമിപ്പിക്കാറുണ്ട്.

1200-ramesh-chennithala-karunakaran
രമേശ് ചെന്നിത്തലയുടെ വിവാഹവേളയിൽ കെ.കരുണാകരൻ

1982ൽ 4577 വോട്ടുകൾക്കാണ് രമേശ് ചെന്നിത്തല സിപിഎമ്മിലെ പി.ജി. തമ്പിയെ തോൽപിച്ചത്. പുതിയ നിയമസഭയിലെ കാരണവർ എ.എൽ. ജേക്കബായിരുന്നു. ‘ബേബി’ രമേശ് ചെന്നിത്തലയും. ഇരുവരും കോൺഗ്രസ് അംഗങ്ങൾ. പന്തു കളിക്കാനറിയാത്ത കുട്ടിയെന്ന് എതിരാളികൾ വിശേഷിപ്പിച്ചയാൾ പിന്നീട് എംപിയും മന്ത്രിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമൊക്കെയായി രാഷ്ട്രീയ പന്തുകളിയുടെ കോർട്ടുകൾ കീഴടക്കിയത് ചരിത്രം.

1986ൽ യൂത്ത് കോൺഗ്രസ് നാഷനൽ ജനറൽ സെക്രട്ടറിയായിരുന്നപ്പോഴാണ് രമേശ് ചെന്നിത്തല ഏറ്റവും ചെറിയ പ്രായത്തിൽ മന്ത്രിയായി റെക്കോർഡിട്ടത്. ഗ്രാമവികസനമായിരുന്നു വകുപ്പ്. 4 തവണ എംപിയും എംഎൽഎയുമായി.

തിരഞ്ഞെടുപ്പിനെക്കുറിച്ച് ദുഃഖകരമായ ഓർമകൂടിയുണ്ട് പ്രതിപക്ഷനേതാവിന്‍റെ മനസിൽ. ഒരിക്കലും മറക്കാനാകാത്ത സുഹൃത്തിന്റെ ഓർമ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തുറന്ന ജീപ്പിൽ ഒരുമിച്ച് സഞ്ചരിക്കുമ്പോഴാണ് കോട്ടയം ആർപ്പൂക്കര വാര്യമുട്ടത്തുവച്ച് ആത്മസുഹൃത്തായ ബാബുചാഴിക്കാടനെ 1991 മേയ് 15ന് ഇടിമിന്നൽ കവർന്നെടുത്തത്. രമേശ് ചെന്നിത്തല കോട്ടയം മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്കും ചാഴികാടൻ ഏറ്റുമാനൂർ അസംബ്ലി നിയോജക മണ്ഡലത്തിലേക്കുമാണ് മൽസരിച്ചത്. അപകടമുണ്ടാകുമ്പോൾ ബാബു ചാഴികാടൻ യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റും രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റും. മിന്നലേറ്റ് ബാബു ചാഴികാടനും രമേശ് ചെന്നിത്തലയും വാഹനത്തിൽനിന്നു തെറിച്ചുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബാബു ചാഴികാടൻ മരിച്ചു. രമേശ് ചെന്നിത്തലയ്‌ക്ക് ഏറെ ദിവസം ആശുപത്രിയിൽ ചികിൽസ വേണ്ടി വന്നു.

Karunakaran-gawriamma-chennithala
കെ. കരുണാകരൻ, കെ. ആർ. ഗൗരിയമ്മ, രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

സ്‌ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാബു ചാഴികാടന്റെ സഹോദരനും അന്നു ബാങ്ക് ഉദ്യോഗസ്‌ഥനുമായിരുന്ന തോമസ് ചാഴികാടൻ മൽസരിച്ച് വിജയിച്ചു. 886 വോട്ടുകൾക്കാണ് സിപിഎമ്മിലെ വൈക്കം വിശ്വനെ തോൽപിച്ചത്. രമേശ് ചെന്നിത്തല 62,622 വോട്ടുകൾക്ക് ജനതാദളിലെ തമ്പാൻതോമസിനെയും തോൽപിച്ചു. തോമസ് ചാഴിക്കാടൻ ഇപ്പോൾ കോട്ടയം എംപിയാണ്. പ്രധാന ദൗത്യങ്ങൾ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ജില്ലാ സന്ദർശനത്തിൽ രമേശ് വാര്യമുട്ടത്തെ ബാബു ചാഴികാടന്റെ സ്‌മൃതി മണ്ഡപത്തിൽ എത്തി പുഷ്‌പാർച്ചന നടത്താറുണ്ട്. കുടുംബവുമായി ഇന്നും വലിയ അടുപ്പം സൂക്ഷിക്കുന്നു.

1200-ramesh-chennithala-karunakaran-hassan
കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ, രമേശ് ചെന്നിത്തല, കെ.കരുണാകരൻ, ജി. കാർത്തികേയൻ

സഹോദരതുല്യനായ ബാബുവിന്റെ ഓർമയിലാണ് ഏറ്റുമാനൂരിൽ എല്ലാ തിരഞ്ഞെടുപ്പിനും രമേശ് ചെന്നിത്തല ദിവസങ്ങളോളം തങ്ങി പ്രവർത്തിച്ചിരുന്നത്. ‘ആ സംഭവത്തിനു ശേഷം ഇടിമിന്നലിനെ ഇന്നും എനിക്കു പേടിയാണ്. ഓരോ മിന്നലിലും ബാബു ചാഴികാടന്റെ ഓർമകളാണ് മനസ്സിൽ മിന്നിമറയുന്നത്’–ചെന്നിത്തല പറയുന്നു.

Rajiv-Gandhi-karunakaran

സംഭവമറിഞ്ഞ് രാജീവ് ഗാന്ധി ആശുപത്രിയിലേക്കു ഫോൺ ചെയ്തു രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. രമേശിനെകാണാൻ ആശുപത്രിക്കുമുന്നിൽ പ്രവർത്തകരുടെ വലിയ തിരക്കായിരുന്നു. രമേശ് പുറത്തുവന്ന് കുഴപ്പമൊന്നുമില്ല എന്നു പറ‍ഞ്ഞപ്പോഴാണ് പ്രവർത്തകർ പിരിഞ്ഞത്.

 English Summary : Ramesh Chennithala's his first assembly election, relation with Karaunakaran and Babu Chazhikadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA