ADVERTISEMENT

തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിലെ ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് കരാറിൽനിന്നു സി ഡിറ്റിനെ ഒഴിവാക്കാൻ നീക്കം. പകരം ഊരാളുങ്കൽ സൊസൈറ്റിയെ വളഞ്ഞ വഴിയിലൂടെ കരാർ ഏൽപ്പിക്കാൻ ടെൻഡർ വ്യവസ്ഥകളുടെ കരടിൽ അവർക്ക് അനുകൂലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി. മോട്ടർ വാഹന വകുപ്പിലെ ഒരു ഹെഡ് ക്ലാർക്കും ജോയിന്റ് കമ്മിഷണറുമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. സി ഡിറ്റിനു തൽക്കാലം കരാർ നീട്ടി നൽകാൻ ഗതാഗതമന്ത്രി ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥർ അതു മുഖവിലയ്ക്കെടുത്തില്ല.

കഴിഞ്ഞ 31നു സിഡിറ്റിന്റെ കരാർ കാലാവധി കഴിഞ്ഞതോടെ മോട്ടർ വാഹന വകുപ്പിൽ ഫെസിലിറ്റി മാനേജ്മെന്റ് സർവീസിന് ആളില്ലാത്ത സ്ഥിതിയായി. 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന 300ലേറെ കരാർ ജീവനക്കാരുടെ തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണ്. 10 വർഷമായി സി ഡിറ്റാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നേരത്തേ സ്വകാര്യ കമ്പനിയായിരുന്നു. ടെൻഡറിൽ പങ്കെടുത്താണ് സിഡിറ്റ് യോഗ്യത നേടിയത്. 2018ൽ കരാർ പുതുക്കിയെങ്കിലും തുകയിൽ മാറ്റം വരുത്തിയില്ല.

കഴിഞ്ഞ 31നു കരാർ കാലാവധി കഴിഞ്ഞു. മരാമത്തു ജോലി ചെയ്തു മാത്രം മുൻ പരിചയമുള്ള സ്ഥാപനത്തെയും മറ്റു ചില സ്വകാര്യ സ്ഥാപനത്തെയും ഇത് ഏൽപ്പിക്കാൻ വേണ്ടിയുള്ള ടെൻഡർ വ്യവസ്ഥയാണ് ഇപ്പോൾ ഉൾപ്പെടുത്തിയത്. ഇവർക്കു കരാർ ലഭിച്ചാൽ സ്വന്തക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാകും. കഴിഞ്ഞ നവംബർ 17നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെ കണ്ടു കരാർ സി ഡിറ്റിനു നീട്ടി നൽകണമെന്നു സിഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

അതിൽ ധാരണയായെങ്കിലും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടിയെടുത്തില്ല. പകരം ഇവിടെനിന്നു പെരുമ്പാവൂരിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു പോയ ഹെഡ് ക്ലാ‍ർക്കിനെ മന്ത്രി ഓഫിസിലെ ചിലർ ഇടപെട്ടു വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ മടക്കി കൊണ്ടു വന്നു. എന്നാൽ ഗതാഗത കമ്മിഷണർ അതു 1 മാസത്തേക്കു ചുരുക്കി ഉത്തരവായി. എന്നാൽ 1 മാസം കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിയില്ല. ടെൻഡർ വ്യസ്ഥകളുടെ പണിപ്പുരയിലാണ്. ഒരു ജോയിന്റ് കമ്മിഷണറും ഒപ്പമുണ്ട്.

സി ഡിറ്റിനു കുടിശികയായി 13 കോടി രൂപ വകുപ്പ് നൽകാനുണ്ട്. എന്നാൽ ആ പണം തടഞ്ഞിരിക്കുകയാണ്. അതിനായി റജിസ്ട്രാർ കത്ത് നൽകിയപ്പോൾ 4.7 ലക്ഷം രൂപ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ. വിഷയം വീണ്ടും മന്ത്രിയുടെ മുൻപിലെത്തി. നാളെ മോട്ടർ വാഹന വകുപ്പിലെയും സി ഡിറ്റിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കരാർ സി ഡിറ്റിനു 3 വർഷം കൂടി നീട്ടി നൽകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബി.സതീശനും ജനറൽ സെക്രട്ടറി ആർ.ബി.ഷജിത്തും ആവശ്യപ്പെട്ടു.

English Summary: Motor Vehicle Department Move to Remove C-Dit from Contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com