ADVERTISEMENT

ന്യൂഡൽഹി∙  കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിലുടെ രംഗത്തു വന്ന പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് തുടങ്ങിയവരെ കേന്ദ്രത്തിന് അനുകൂലമായി സെലിബ്രിറ്റികളെ നിരത്തി പ്രതിരോധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ.

സർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ പെരുമാറ്റം കൊണ്ടും ധാർഷ്ട്യം കൊണ്ടും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ്ക്ക് സംഭവിച്ച നാശം ഒരു ക്രിക്കറ്റ് താരത്തിന്റെയും ട്വീറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതല്ലെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുമായുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്നും ശശി തരൂർ പറഞ്ഞു. 

‘നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ചു സംസാരിക്കാത്തത്?’– എന്ന ശീർഷകത്തോടെ പോപ്പ് ഗായിക റിയാന ട്വിറ്ററിൽ പങ്കുവച്ച കർഷക പ്രക്ഷോഭവേദികളിൽ ഇന്റർനെറ്റ് റദ്ദാക്കിയ വാർത്തയോടെയാണ് ചേരിതിരിഞ്ഞുള്ള ട്വിറ്റർ പോര് ആരംഭിച്ചത്. റിയാനയെ വിഡ്ഢിയെന്നു വിശേഷിപ്പിച്ച ബോളിവുഡ് നടി കങ്കണ റനൗട്ട്, പ്രക്ഷോഭം നടത്തുന്നവർ കർഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരരാണെന്നും കുറ്റപ്പെടുത്തി. 

റിയാന പങ്കുവച്ച വാർത്ത ഏറ്റുപിടിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചു. ഇതോടെ, റിയാന, ഗ്രേറ്റ എന്നിവർക്കെതിരെ കേന്ദ്ര മന്ത്രിമാരും ബോളിവുഡ്, കായിക താരങ്ങളും രംഗത്തുവന്നു.  

പ്രക്ഷോഭം തീർക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ മനസ്സിലാക്കാതെ പ്രമുഖ വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾ നിരുത്തരവാദപരമാണെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് വസ്തുതകൾ മനസ്സിലാക്കണമെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇതു ട്വിറ്ററിൽ പങ്കുവച്ചും വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടാണെന്നു കുറിച്ചും ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, അനുപം ഖേർ, സംവിധായകൻ കരൺ ജോഹർ തുടങ്ങിയവർ രംഗത്തുവന്നു. 

മന്ത്രിമാരായ നിർ‌മല സീതാരാമൻ, ഹർദീപ് സിങ് പുരി തുടങ്ങിയവരും വാർത്താക്കുറിപ്പ് പങ്കുവച്ചു. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമത്തിൽ സച്ചിൻ അടക്കമുള്ള താരങ്ങൾ നേരിട്ടത്. 

English Summary: "Embarrassing": Shashi Tharoor On Celebs Tweeting After Rihanna's Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com