കോവിഡ് കുത്തിവയ്പ്പിന് മടി തുടർന്ന് ആരോഗ്യപ്രവർത്തകർ, ‘വടിയെടുത്ത്’ ടീച്ചർ
Mail This Article
തിരുവനന്തപുരം∙ ആരോഗ്യവകുപ്പ് കർശനനിർദേശം നൽകിയിട്ടും കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പെടുക്കാൻ മടി തുടർന്ന് ആരോഗ്യപ്രവർത്തകർ. പ്രതിദിനം 45,000 പേർക്കു കോവിഡ് കുത്തിവയ്പെടുക്കാൻ സൗകര്യമൊരുക്കിയിട്ടും പല ദിവസങ്ങളിലും 70 ശതമാനത്തിൽ താഴെ പേർ മാത്രമാണ് എത്തുന്നത്. ദേശീയതലത്തിൽ തന്നെ കുത്തിവയ്പ് നിരക്കിൽ പിന്നിലാണ്. ഷെഡ്യൂൾ പ്രകാരം കുത്തിവയ്പിനെത്തണമെന്ന് ഇന്നലെ മന്ത്രി കെ.കെ.ശൈലജ കർശനനിർദേശം നൽകി.
സംസ്ഥാനത്ത് 450 ൽ ഏറെ വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ ശരാശരി 15,000 പേരാണ് പ്രതിദിനം കുത്തിവയ്പെടുക്കുന്നത്. അവധി ദിവസങ്ങളിൽ ഇതു പകുതിയിലേറെയായി കുറയുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് 15,033 പേരും ഫെബ്രുവരി ആറിന് 5,720 പേരുമാണ് കുത്തിവയ്പെടുത്തത്. ഫെബ്രുവരി നാലിന് 24,949 പേരും മൂന്നിന് 21,200 പേരും രണ്ടിന് 30,905 പേരും ഒന്നിന് 32,216 പേരും കുത്തിവയ്പെടുത്ത സ്ഥാനത്താണിത്.
ആകെ 4.16 ലക്ഷം ആരോഗ്യപ്രവർത്തകരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1.91 ലക്ഷം പേർ സർക്കാർ മേഖലയിലുള്ളവരും 2.25 ലക്ഷം പേർ സ്വകാര്യമേഖലയിലുള്ളവരുമാണ്. ഇതുവരെ കുത്തിവയ്പെടുത്തത് 2,95,382 പേർ മാത്രം.
വടിയെടുത്ത് ടീച്ചർ
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ തുടങ്ങേണ്ട സമയം അടുത്തതിനാൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നതിനായി കോവിൻ ആപ്പിൽ റജിസ്റ്റർ ചെയ്തവർ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈൽ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തണം. ചിലർ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവർത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്നേ ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കിൽ ആ വിവരം വാക്‌സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആദ്യഘട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ എന്നിവരടക്കം മുഴുവൻ ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. രണ്ടാംഘട്ട വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവർ ത്തകർ എല്ലാവരും വാക്‌സിൻ എടുക്കണം. വാക്‌സീൻ ലഭിക്കുവാനുള്ള അവസരം വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കുവാനായി മൊബൈലിൽ സന്ദേശം ലഭിച്ച ദിവസം തന്നെ വാക്‌സീൻ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
English Summary: Healthcare workers refuse to take COVID-19 vaccine