ADVERTISEMENT

ന്യൂഡൽഹി∙ ഈ മാസം 15 മുതൽ ജമ്മു കശ്മീരിന് രാജ്യസഭയിൽ പ്രാതിനിധ്യമില്ല. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദടക്കം കശ്മീരിൽ നിന്നുള്ള 4 അംഗങ്ങളും ഈ മാസം വിരമിക്കും. സംസ്ഥാന പദവി എടുത്തു കളഞ്ഞ് കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ജമ്മു കശ്മീരിന് നിയമസഭ ഇല്ലാത്തതിനാൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്ക്കാനും കഴിയില്ല. 

നിലവിൽ ഗുലാംനബി ആസാദ്(കോൺഗ്രസ്), നാസിർ അഹമ്മദ് ലാവായ്, മിർ മുഹമ്മദ് ഫയാസ്(പിഡിപി), ഷംഷേർ സിങ്(ബിജെപി) എന്നിവരാണ് കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ. ഇവരിൽ ആസാദ്, ഫയാസ് എന്നിവരുടെ കാലാവധി ഫെബ്രുവരി 15നും മറ്റു രണ്ടുപേരുടെയും കാലാവധി 10നും അവസാനിക്കും. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു നടത്താനുള്ള സാഹചര്യം ഇതുവരെയും ആകാത്തതു കൊണ്ട് അതും നടന്നില്ല. അസംബ്ലിയില്ലാതെ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കാനാവില്ല.

സംസ്ഥാന പദവി തിരിച്ചു നൽകണമെന്നും തിരഞ്ഞെടുപ്പു നടത്തണമെന്നും സംസ്ഥാനത്തെ രാഷ്ട്രീയപ്പാർട്ടികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. പ്രതീക്ഷിച്ചപോലെ ക്രമസമാധാന നിലയിൽ മെച്ചമുണ്ടാകാത്തതാണു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2019 ഓഗസ്റ്റിനു ശേഷം സംസ്ഥാനത്ത് ഇന്റർനെറ്റ് സർവീസ് പുനഃസ്ഥാപിച്ചതു തന്നെ കഴിഞ്ഞയാഴ്ചയാണ്. 

കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾക്കായി ആഭ്യന്തര വകുപ്പു ചെലവിട്ടത് 1267 കോടി രൂപയാണ്. ജമ്മു കശ്മീർ പൊലീസിന്റെ ആധുനികീകരണത്തിനുള്ള 40.20 കോടി രൂപയ്ക്കു പുറമേയാണിത്. രാജ്യാന്തര തലത്തിലുള്ള തീവ്രവാദികളുടെ കടന്നു കയറ്റം 2019ൽ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ തടയാനായി എന്നു സർക്കാർ പറയുന്നു. എങ്കിലും ആഭ്യന്തര തീവ്രവാദം കൂടുതൽ ശക്തമായാതായാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ തീവ്രവാദത്തെ സഹായിക്കുന്നതും വളരാൻ അവസരമൊരുക്കുന്നതും തടയുന്നതിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നത്. 

സംസ്ഥാനത്ത് തിരഞ്ഞെടുപ്പു നടത്തണമെന്ന് കഴിഞ്ഞ ദിവസം രാഷ്ടപ്രതിയുടെ നന്ദി പ്രഖ്യാപനത്തിന്മേലുള്ള ചർച്ചയിൽ ഗുലാംനബി ആസാദും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ടൂറിസവും മറ്റു വികസനപ്രവർത്തനങ്ങളും അവതാളത്തിലാണെന്ന് ആസാദ് പറഞ്ഞു. സ്കൂളുകൾ പ്രവർത്തിക്കാത്തതു കൊണ്ട് വിദ്യാഭ്യാസം പാടേ തകർന്നു. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളും നടത്താനായില്ല. കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നതു പോലെയല്ല യഥാർഥ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. 

ആസാദിനെ സംബന്ധിച്ചും രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്. കോൺഗ്രസിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട ശേഷം നേതൃത്വത്തിന് അദ്ദേഹത്തോടു വലിയ താൽപര്യമില്ല. ആസാദിനെ എവിടെനിന്നു മത്സരിപ്പിക്കണം എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളും എടുത്തിട്ടില്ല. ഈ അവസരമുപയോഗിച്ച് ആസാദിനെ ഒഴിവാക്കാൻ ഗാന്ധി കുടുംബത്തോട് അടുത്തു നിൽക്കുന്ന വിഭാഗം ശ്രമിക്കുമെന്ന് മറുവിഭാഗത്തിന് ആശങ്കയുണ്ട്. 

ആസാദിനു പകരം മല്ലികാർജുൻ ഖർഗയെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് തീരുമാനിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

English Summary : Jammu and Kashmir set to lose representation in Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com