ADVERTISEMENT

തമിഴ്നാട്ടിൽ എംജിആറും ജയലളിതയും ആന്ധ്രയിൽ എൻ.ടി. രാമറാവുവും സിനിമാരംഗത്തുനിന്ന് മുഖ്യമന്ത്രിയായിട്ടും കേരളത്തിലെന്തേ സിനിമാതാരങ്ങളാരും മുഖ്യമന്ത്രിയായില്ല? സമ്പൂർണസാക്ഷരതയെന്ന കുറിക്കുകൊള്ളുന്ന മറുപടി ഇതിനുത്തരമായി പറയുന്നവരുണ്ട്. സിനിമയിൽ തിളങ്ങിനിൽക്കുന്ന കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട നായകൻ പ്രേംനസീർ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയെങ്കിലും ഒരിക്കലും മത്സരിച്ചില്ല, മുഖ്യമന്ത്രിയുമായില്ല. മോഹൻലാലും മമ്മൂട്ടിയുമെല്ലാം പലതവണ ‘സ്ഥാനാർഥി ലിസ്റ്റിൽ’ ഉണ്ടെന്ന പ്രചാരണമുണ്ടായെങ്കിലും അവരെല്ലാം മത്സരത്തിനില്ലെന്ന നിലപാടെടുത്തു. ബിഗ് ബജറ്റ് സിനികളെടുക്കാൻ കേരളത്തിനുള്ള പരിമിതി പോലെ രാഷ്ട്രീയത്തിലെ പരിമിതികളും താരങ്ങൾ തിരിച്ചറിഞ്ഞിരിക്കാം.

suresh-gopi-01
സുരേഷ് ഗോപി (ഫയൽ ചിത്രം)

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിലും സിനിമാതാരങ്ങളുടെ പേരുകൾ സജീവം. നടൻ സുരേഷ് ഗോപി തിരുവനന്തപുരത്തു മത്സരിക്കുമെന്നാണ് പ്രചാരണം. താരത്തിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. മത്സരിക്കാൻ താൽപര്യമില്ലെന്നും സിനിമകളുടെ ചിത്രീകരണത്തിരക്കിലാണെന്നും നടൻ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തന്റെ നേതാക്കള്‍ മോദിയും അമിത്ഷായുമാണെന്ന് ആവർത്തിച്ചു പറയുന്ന സുരേഷ്ഗോപി, മൽസരത്തിനില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മാറ്റിയേക്കും.

dharmajan
ധർമജൻ (ഫയൽ ചിത്രം)

നടൻ ജഗദീഷിന്റെ പേരും ഉയർന്നു കേൾക്കുന്നു. ‘എന്തു തീരുമാനമെടുത്താലും മാധ്യമങ്ങളെ അറിയിക്കും. പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ അടിസ്ഥാന ആഗ്രഹം. അതു നടക്കുമോയെന്ന് ഉറപ്പില്ല, ശ്രമിക്കാം. പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാലല്ലേ ആഭ്യന്തരമന്ത്രിയെങ്കിലും ആകാന്‍ കഴിയൂ. അതിൽ കുറഞ്ഞ ഒന്നും താൽപര്യമില്ല’ – സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ജഗദീഷിന്റെ തമാശ കലർന്ന മറുപടി ഇങ്ങനെ. കോൺഗ്രസ് ആവശ്യപ്പെട്ടാൽ ഏതു മണ്ഡലത്തിലും മത്സരിക്കുമെന്നാണ് നടൻ ധർമജന്റെ നിലപാട്. ബാലുശേരിയിൽ ധർമജനെ പരിഗണിക്കുന്നതായി വാര്‍ത്തകൾ വന്നിരുന്നു.

മുഖ്യമന്ത്രിയായില്ലെങ്കിലും മന്ത്രിയും എംപിയും എംഎൽഎയുമായി കേരള രാഷ്ട്രീയത്തിൽ തിളങ്ങിയ സിനിമക്കാരുണ്ട്; മങ്ങിയവരും. സിനിമാരംഗത്തുനിന്ന് ആദ്യമായി മത്സരിക്കാനിറങ്ങിയത് സംവിധായകൻ രാമു കാര്യാട്ടാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയിൽ മത്സരിച്ച രാമു കാര്യാട്ട് വിജയിച്ചു. 1991ൽ സംവിധായകൻ ലെനിൻ രാജേന്ദ്രൻ കെ.ആർ. നാരായണനെതിരെ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാർഥിയായി മത്സരത്തിനിറങ്ങി. കെ.ആർ. നാരായണൻ 15,088 വോട്ടുകൾക്കു ലെനിൻ രാജേന്ദ്രനെ പരാജയപ്പെടുത്തി.

Ganesh-Kumar
കെ.ബി.ഗണേഷ് കുമാർ (ഫയൽ ചിത്രം)

വി.എസ്. അച്യുതാനന്ദനാണ് നടൻ മുരളിയോട് 1999ൽ ആലപ്പുഴ ലോക്സസഭാ മണ്ഡലത്തിൽ മത്സരിക്കാൻ നിർദേശിച്ചത്. എതിരാളി കോൺഗ്രസിലെ വി.എം.സുധീരൻ. 35,094 വോട്ടിനാണ് മുരളി പരാജയപ്പെട്ടത്. അതിനുശേഷം മുരളി രാഷ്ട്രീയത്തിൽ സജീവമായില്ല.

innocent-005
ഇന്നസെന്റ് (ഫയൽ ചിത്രം)

സിനിമാ താരങ്ങളിൽ മന്ത്രിയായത് കെ.ബി. ഗണേഷ് കുമാറാണ്. 2001ൽ 9931 വോട്ടുകൾക്കാണ് ഗണേഷ് സിപിഐയിലെ പ്രകാശ് ബാബുവിനെ പരാജയപ്പെടുത്തിയത്. 2001 മുതൽ 2003 വരെ ഗതാഗതമന്ത്രിയായി. 2011 മുതൽ 2013 വരെ വനം, സ്പോർട്സ്, സിനിമാ മന്ത്രിയായി. 2001 മുതൽ പത്തനാപുരം മണ്ഡലത്തിൽനിന്ന് തുടർച്ചയായി മത്സരിച്ചു വിജയിക്കുന്ന ഗണേഷ് സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ സജീവം. 2016ൽ ഗണേഷ് പത്തനാപുരത്ത് പരാജയപ്പെടുത്തിയത് കോൺഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗദീഷിനെ. കൊല്ലത്തുനിന്ന് നടൻ മുകേഷും എൽഡിഫ് പിന്തുണയോടെ നിയമസഭയിലെത്തി.

ആദ്യമായി ലോക്സഭയിലെത്തുന്ന മലയാള നടൻ ഇന്നസന്റാണ്. 2014ൽ ചാലക്കുടിയിൽ പി.സി. ചാക്കോയെയാണ് ഇന്നസന്‍റ് പരാജയപ്പെടുത്തിയത്. പക്ഷേ 2019 ൽ തവണ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. സുരേഷ് ഗോപി ബിജെപി എംപിയായി രാജ്യസഭയിലുണ്ട്. 2019 ൽ തൃശൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Kerala vote charitham part- 1 - വിഎസിന്റെ വീറില്‍ പാറിയതു ചെങ്കൊടി; ഇരമ്പും സ്മരണകള്‍, ആ മുഖത്തു തിളക്കം

Kerala vote charitham part- 2 - സഭയില്‍ കടന്നത് കരുണാകരന്റെ കാല്‍തൊട്ട്; ഗുരുത്വമെന്ന് ഗൗരിയമ്മ: ദുഃഖമായി ബാബു

English Summary: Kerala vote charitham part- 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com