ADVERTISEMENT

ന്ത്യ എന്ന വികാരത്തിനോട് ആരാധകർ എന്നും ചേർത്തുവയ്ക്കുന്ന പേരാണ് സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റ് എന്ന, ഇംഗ്ലിഷുകാരന്റെ ‘ജെന്റിൽമാൻ ഗെയി’മിലേക്ക് ഇന്ത്യൻ ജനതയെ അടുപ്പിക്കുന്നതിലും അതിലൂടെ ഇന്ത്യ എന്ന വികാരത്തെ ചേർത്തു വയ്ക്കുന്നതിലും സച്ചിൻ എന്ന ഇതിഹാസതാരത്തോളം മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്നു പോലും പറയാം.

എന്നാൽ കളിക്കളത്തിനപ്പുറത്ത് ‘സച്ചിന്റെ ഇന്ത്യ’ മിക്കപ്പോഴും വിവാദ വിഷയമായിട്ടുണ്ട്. ഒരിക്കലത് മുംബൈ വികാരത്തിനപ്പുറത്തേക്ക് ഇന്ത്യയെ ചേർത്തുവച്ചപ്പോഴായിരുന്നെങ്കിൽ ഇപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധങ്ങളിലൊന്നിൽ രാജ്യം അലയടിക്കുമ്പോൾ. അന്ന് സച്ചിൻ ഏറ്റുമുട്ടിയത് ശിവസേനാ നേതാവ് സാക്ഷാൽ ബാൽ താക്കറെയോട് ആയിരുന്നു. ഇന്ന്, ഉദ്ധവ് താക്കറെയുടെ തട്ടകത്തിൽ സച്ചിന് എന്താണു കാത്തുവച്ചിരിക്കുന്നതെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

ബാൽ താക്കറെയുടെ മുംബൈ, സച്ചിന്റെ ഇന്ത്യ

മഹാരാഷ്ട്രയിൽ മറാഠികൾ മാത്രം മതി തൊഴിലെടുക്കാൻ എന്ന വാദം (മറാഠ വാദം) ഉയർന്നു കേട്ട സമയം. അതിനെ എതിർത്ത് മുംബൈ എല്ലാവരുടേതുമാണെന്നു പറയാൻ ആർജവത്തോടെ മുന്നോട്ടു വന്നു സച്ചിൻ. തനിക്കെതിരെ മറാത്തികളുടെ വികാരം ഉയരുമെന്നോ രാഷ്ട്രീയ ശരങ്ങൾ തൊടുക്കപ്പെടുമെന്നോ ഭയമേതുമില്ലാതെയായിരുന്നു സച്ചിന്റെ അഭിപ്രായ പ്രകടനം. ഇന്ത്യയ്‌ക്കു വേണ്ടി കളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും മുംബൈ എല്ലാവരുടെയും മണ്ണാണെന്നുമായിരുന്നു 2009 ൽ മറാഠാ വാദമുയർത്തിയ വിവാദങ്ങൾക്കു മേൽ സച്ചിന്റെ പ്രസ്താവന. ‘‘മുംബൈ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെയാണ് ഞാനതിനെ കാണുന്നത്. ഞാൻ ഒരു മഹാരാഷ്ട്രക്കാരനാണ്, അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാൽ ആദ്യം ഞാനൊരു ഇന്ത്യക്കാരനാണ്’’ എന്നാണ് അന്ന് സച്ചിൻ പ്രതികരിച്ചത്.

‘സച്ചിന്റെ ഇന്ത്യ’ വാദത്തെ അന്ന് ശക്തമായി എതിർത്തു രംഗത്ത് വന്നത് ശിവസേനാ നേതാവായ ബാൽ താക്കറെയായിരുന്നു. സച്ചിനെതിരെ അതിരൂക്ഷമായ ഒരു ലേഖനം ശിവസേന മുഖപത്രമായ ‘സാമ്ന’യിൽ അദ്ദേഹമെഴുതി. ‘പ്രസ്‌താവനകളിലൂടെ സച്ചിൻ മറാഠികളുടെ മനസ്സിന്റെ പിച്ചിൽനിന്നു പുറത്തേക്കു പോകുകയാണെന്നു ലേഖനത്തിൽ താക്കറെ പറഞ്ഞു. മണ്ണിന്റെ മക്കൾക്കായുള്ള ശിവസേനയുടെ പോരാട്ടങ്ങളെയെല്ലാം വിസ്‌മരിച്ചാണു സച്ചിന്റെ അഭിപ്രായമെന്നും മറാഠികളുടെ അഭിമാനമുയർത്താൻ 105 പേർ രക്‌തസാക്ഷിത്വം വരിച്ചിട്ടുണ്ട്, സച്ചിനൊക്കെ ജനിക്കുന്നതിന് എത്രയോ കാലം മുൻപാണതെന്നും താക്കറെ ഓർമിപ്പിച്ചു.

ക്രിക്കറ്റ് പിച്ചിൽനിന്നു രാഷ്ട്രീയ പിച്ചിലേക്ക് സച്ചിൻ കയറിയെന്നായിരുന്നു താക്കറെയുടെ മറ്റൊരു പരാമർശം. എല്ലാ ഇന്ത്യക്കാർക്കും മുംബൈയിൽ ഒരേ അവകാശമാണെന്നു പറയാൻ സച്ചിനെന്താണ് അധികാരമെന്നു ചോദിച്ച താക്കറെ, സിക്സറും ഫോറും അടിക്കുമ്പോൾ നിങ്ങളെ പ്രകീർത്തിക്കുന്നവർ മറാഠികൾക്കെതിരെ സംസാരിച്ചാൽ ക്ഷമിക്കില്ലെന്ന മുന്നറിയിപ്പും നൽകി.

സച്ചിനെതിരായ രോഷം സച്ചിൻ ജീവശ്വാസമായി കാണുന്ന ക്രിക്കറ്റുമായുള്ള ബന്ധത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിയിരുന്നു. സച്ചിൻ കളിക്കുന്നത് രാജ്യത്തിനു വേണ്ടിയല്ല പണത്തിനു വേണ്ടിയാണെന്നു പോലും താക്കറെ ഒരു അഭിമുഖത്തിൽ പറഞ്ഞു. സച്ചിനെതിരെ അന്ന് ശിവസേനാഅംഗങ്ങൾ പരസ്യമായി രംഗത്തുവരികയും ചെയ്തു. സച്ചിനല്ല സുനിൽ ഗാവസ്കറാണ് യഥാർഥ മുംബൈക്കാരൻ എന്ന പരാമർശം പോലും വന്നു. എന്നാൽ താക്കറെയുടെ സിംഹഗർജനങ്ങൾക്കു മുന്നിൽ അന്ന് ഭയമേതുമില്ലാതെ നിന്ന സച്ചിനു പിന്തുണയുമായി ബിജെപിയും കോണ്‍ഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം ഇന്ത്യയിലെ ജനങ്ങളും നിന്നു. ഇന്ത്യയെ ഒന്നായി ചേർത്ത സച്ചിനെ അന്ന് കളിക്കളത്തിനു പുറത്തും ആരാധകരും ഏറ്റെടുത്തു.

sachin-tendulkar-world-childrens-day-with-hinna-riya

‘ഇന്ത്യ ടുഗദർ’ വീണ്ടും പ്രശ്നം

പത്തു വർഷങ്ങൾക്കിപ്പുറം ‘സച്ചിന്റെ ഇന്ത്യ’ വീണ്ടും ചർച്ചയാകുമ്പോൾ അന്ന് സച്ചിനൊപ്പം നിന്ന പലരും ഇന്ന് എതിർചേരിയിലാണ്. അന്ന് മറാഠ എന്ന വികാരത്തിന് അപ്പുറത്തേക്ക് ഇന്ത്യ എന്ന വിശാലതയെപ്പറ്റി സച്ചിൻ പറഞ്ഞപ്പോൾ കൂടെ നിന്നവർ ഇന്നു കണ്ടത് ‘പുറത്തുനിന്നുള്ളവർ ഇന്ത്യയിൽ കാഴ്ചക്കാരായി നിന്നാൽ മതി അഭിപ്രായം പറയേണ്ടെ’ എന്ന സച്ചിന്റെ വാദത്തിൽ ‘ചുരുങ്ങി’പ്പോയ ഇന്ത്യയെയാണ്.

ക്രിക്കറ്റ് ദൈവം ഇന്ത്യയെ ഒന്നായി കണ്ടപ്പോൾ പക്ഷേ, മണ്ണിൽ പണിയെടുക്കുന്ന കർഷകനെ വിസ്മരിച്ചുവെന്നാണ് സച്ചിന്റെ അഭിപ്രായത്തെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ സച്ചിൻ കർഷകരെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ഐക്യം മാത്രമാണ് വിഷയമാക്കിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

എന്തായാലും കർഷക പ്രതിഷേധത്തിൽ പോപ് താരം റിയാനയ്ക്ക് മറുപടി എന്നോണം സച്ചിനിട്ട ട്വീറ്റിനെപ്പറ്റി, ബാൽ താക്കറെയുടെ വീക്ഷണം ശരിയായിരുന്നു എന്ന വാദം പോലും ഉയരുന്നുണ്ട്. സച്ചിന്റെ ട്വീറ്റിനു പിന്നിൽ ബിജെപിയാണെന്നും പണത്തിനു വേണ്ടിയാണ് സച്ചിൻ കളിക്കുന്നതെന്ന് താക്കറെ അന്നേ മനസ്സിലാക്കിയിരുന്നെന്നുമാണ് സച്ചിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വാഗ്വാദങ്ങളിൽ ഉയരുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന്.

അന്ന് ബാൽ താക്കറെ, ഇന്ന് ഉദ്ധവ്

മറാഠ വികാരത്തിൽ സച്ചിനെതിരെ രംഗത്തുവന്നത് ബാൽ താക്കറെ ആയിരുന്നെങ്കിൽ ഇന്ന് കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ട്വീറ്റിൽ സച്ചിനുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ സർക്കാർ. ട്വീറ്റുകൾക്ക് ബാഹ്യസമ്മർദ്ദമുണ്ടോയെന്നാണ് അന്വേഷിക്കുക. റിയാനയുടെ ട്വീറ്റിന് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയതിനു പിന്നാലെയാണ് കേന്ദ്രത്തെ പിന്തുണച്ച് ട്വീറ്റുകൾ വന്നത്. ഒരു വ്യക്തിക്കോ സെലിബ്രിറ്റിക്കോ ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കണമെങ്കിൽ അതു ചെയ്യാം, എന്നാൽ ഇതിനു പിന്നിൽ ബിജെപിയാണോ എന്ന സംശയസാധ്യത നിലനിൽക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് അഭിപ്രായപ്പെട്ടത്. പലരുടെയും ട്വീറ്റിൽ ‘amicable’ എന്നതു പോലെ സമാനമായ പദങ്ങൾ ഉണ്ടായിരുന്നുവെന്നും സച്ചിൻ സാവന്ത് വ്യക്തമാക്കി. സാവന്തിന്റെ പരാതിയിലാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

സച്ചിൻ, ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ
സച്ചിൻ, ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ

ബാൽ താക്കറെ കടുത്ത വിമർശനം നടത്തിയപ്പോൾ സച്ചിനു പരസ്യപിന്തുണ നൽകിയ ബിജെപിയാണ് ഇന്ന് സച്ചിനടക്കമുള്ള താരങ്ങളുടെ വിവാദ പരാമർശങ്ങൾക്കു പിന്നിലെന്നാണ് ആരോപണം. ‘പണത്തിനു വേണ്ടി കളിക്കുന്നയാൾ’ എന്ന താക്കറെയുടെ വിമർശനം സച്ചിനെതിരെ സമൂഹമാധ്യമ ആക്രമണത്തിനു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് സച്ചിൻ ഇന്ന് ‘ആർക്കു വേണ്ടിയാണ് കളിക്കുന്നത്’ എന്നന്വേഷിക്കുമെന്ന് താക്കറെയുടെ പിൻഗാമികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary : Sachin's 'India together' controversy, from Bal Thackerey to Uddhav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com