ഞാനും കുടുംബവും വീട്ടുതടങ്കലിൽ; പുതിയ കശ്മീർ ഇങ്ങനെ: ഒമർ അബ്ദുല്ല
Mail This Article
ന്യൂഡൽഹി∙ തന്നെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ‘2019 ഓഗസ്റ്റിനുശേഷമുള്ള പുതിയ ജമ്മു കശ്മീർ ഇങ്ങനെയാണ്. വിശദീകരണമില്ലാതെ ഞങ്ങളെ വീടുകളിൽ തടങ്കലിലാക്കിയിരിക്കുകയാണ്. സിറ്റിങ് എംപി കൂടിയായ എന്റെ അച്ഛനെയും എന്നെയും ഞങ്ങളുടെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്റെ സഹോദരിയും കുട്ടികളെയും അവരുടെ വീട്ടിലും തടങ്കലിലാക്കിയിരിക്കുകയാണ്’– അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ, പുൽവാവ ആക്രമണത്തിന്റെ വാർഷികം കണക്കിലെടുത്ത് സുരക്ഷ കൂട്ടിയതുമാത്രമെന്നാണ് പൊലീസിന്റെ വിശദീകരണം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച 2019 ഓഗസ്റ്റ് മുതൽ അബ്ദുല്ല വീട്ടുതടങ്കലിലായിരുന്നു.
പിതാവും മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരെയും നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളെയും തടങ്കലിൽ പാർപ്പിച്ചിരുന്നു. കോവിഡിനെ തുടർന്ന് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മിക്കവരും പുറത്തുവന്നത്.
English Summary: Omar Abdullah Says His Whole Family "Locked Up In Home" In "New J&K"