എൻഗോസി; പെൺതലപ്പൊക്കത്തിൽ ലോക വ്യാപാര സംഘടന, തീയിൽ കുരുത്തവൾ
Mail This Article
ഒൻപതു വർഷം മുൻപുള്ള നൈജീരിയ. ഡോക്ടറും സോഷ്യോളജി പ്രഫസറുമായ കമെനെ ഒകോൻജോയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. രാജ്യത്തെ അഴിമതിക്കെതിരെ മകൾ നടത്തുന്ന ‘യുദ്ധം’ അവസാനിപ്പിച്ചാലേ, അമ്മയായ കമെനെയെ വിട്ടുതരൂ എന്ന് അക്രമികൾ.
പണം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകൽ നൈജീരിയയ്ക്കു പതിവുശീലമാണ്. അത്രയ്ക്കുണ്ട് അധോലോകത്തിന്റെ വാഴ്ച. പക്ഷേ, ഇക്കുറി അവരുടെ ആവശ്യം അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും പാവങ്ങളെ ചൂഷണം ചെയ്യലും രാജ്യം കുളംതോണ്ടലും തുടരാനുള്ള ലൈസൻസ് ആണ്; പണമല്ല. ഏതായാലും മകൾ വഴങ്ങിയില്ല. പൊലീസും പട്ടാളവും ഓരോ കോണും അരിച്ചുപെറുക്കി, നൂറുകണക്കിനു പേരെ പൊക്കി. അതോടെ, അക്രമികൾ വിരണ്ടുകാണണം– ഏതായാലും അഞ്ചാം ദിവസം റോഡരികിൽ കമെനെ ഒകോൻജോയെ ഇറക്കിവിട്ട് അവർ കടന്നുകളഞ്ഞു.
പല വെല്ലുവിളികളെയും നേരിട്ട കരുത്തോടെ ആ മകൾ ഡോ. എൻഗോസി ഒകോൻജോ ഐവേല ചിരിച്ചു, തീയിൽ കുരുത്ത ചിരി. ഇന്നലെയും ആ ചിരി ലോകം കണ്ടു, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ– ലോകവ്യാപാര സംഘടന) ഡയറക്ടർ ജനറലാകുന്ന ആദ്യ വനിതയായും ആദ്യ ആഫ്രിക്കൻ സ്വദേശിയായും അവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ.
രണ്ടുവട്ടം നൈജീരയിയിൽ ധനമന്ത്രി, ലോകമറിയുന്ന ഡെവലപ്മെന്റൽ ഇക്കണോമിസ്റ്റ്, ലോകബാങ്കിൽ 25 വർഷത്തെ പ്രവർത്തനപരിചയം, ലോകബാങ്ക് മേധാവിയുടെ തൊട്ടുതാഴത്തെ പദവിയിലേക്കു വരെ ഉയർന്ന ജോലി വൈഭവം, ട്വിറ്റർ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക്, വാക്സിൻ അലയൻസ് എന്നിവയുടെ ബോർഡ് അംഗം, ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രത്യേക പ്രതിനിധി, ഗ്ലോബൽ കമ്മിഷൻ ഓൺ ദി ഇക്കോണമി ആൻഡ് ക്ലൈമറ്റ് കോ–ചെയർ അങ്ങനെ രാഷ്ട്രീയവും തൊഴിൽപരവുമായ നേട്ടങ്ങൾ പലത്. ഫോബ്സ് മാഗസിന്റെ ആഫ്രിക്കൻ ഓഫ് ദി ഇയർ 2020, ലോകത്തിലെ 100 ശക്തരായ വനിതകളിൽ ഒരാൾ, ലോകത്തെ സ്വാധീനിച്ച 100 നേതാക്കളുടെ ടൈംസ് പട്ടികയിൽ ഇടം തുടങ്ങി ബഹുമതികൾ അതിലേറെ.
നൈജീരിയയിലെ ഇല്ലായ്മകളിൽ നിന്നാണു ഡോ. എൻഗോസി (66) പറന്നുയർന്നത്. ‘‘പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിൽ ആയിരുന്നു. എന്നാൽ, അതിനിടെ നൈജീരിയൻ ബിയാഫ്ര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അച്ഛനമ്മമാരുടെ അവസാന സമ്പാദ്യവും നഷ്ടപ്പെട്ടു. ഞാനുൾപ്പെടെ പലർക്കും ഒരു നേരം മാത്രമേ ഭക്ഷണം കിട്ടിയിരുന്നുള്ളൂ. കുഞ്ഞുങ്ങൾ പട്ടിണിയും രോഗവും കൊണ്ട് ചുറ്റും മരിച്ചു വീണ നാളുകളായിരുന്നു അത്. എന്റെ വിദ്യാഭ്യാസം രണ്ടു കൊല്ലം മുടങ്ങി. ആ കാലം എന്നെ ഏതു ചെറിയ സൗകര്യങ്ങളിലും ജീവിക്കാൻ പഠിപ്പിച്ചു. നോക്കൂ, മൺതറയിലും തഴപ്പായിലും ഞാൻ സുഖമായി ഉറങ്ങും. ഏതു സാഹചര്യത്തിലും തൃപ്തിയോടെ ജീവിക്കും,’ അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയുടെ ധാരാളിമയ്ക്കിടയിലും പരമ്പരാഗത ആഫ്രിക്കൻ വേഷത്തിലാണു ഡോ. എൻഗോസിയെ കാണാനാകുക. ലോകത്ത് എവിടെയായാലും നാടിനെ മറക്കില്ലെന്ന് അവർ പറയുന്നു.
1973ൽ കൗമാരകാലത്താണു ഹാർവഡിൽ പഠിക്കാൻ എൻഗോസി അമേരിക്കയിലെത്തിയത്. പിന്നീട് എംഐടിയിൽ ഉപരിപഠനം. ലോകബാങ്കിൽ ആയിരിക്കെ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി പദ്ധതികൾ നടപ്പാക്കി. ആഗോളമാന്ദ്യകാലത്ത് ഡോ. എൻഗോസിയുടെ നയങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ദാരിദ്ര്യം കൊണ്ടു വലഞ്ഞ മേഖലകളിൽ ഭക്ഷണമെത്തിക്കാനുള്ള പദ്ധതികൾക്കും മുൻകയ്യെടുത്തു.
നൈജീരിയയിൽ രണ്ടു വട്ടം ധനമന്ത്രിയായ സമയത്ത് ആദ്യം ‘അടുക്കിപ്പെറുക്കലും തൂത്തുവാരലുമാണ്’ ചെയ്തത്. അഴിമതിക്കാരെയെല്ലാം തൂത്തുവാരിക്കളഞ്ഞു, ഖജനാവ് ചോർത്തുന്ന അനാവശ്യ ചെലവുകളെല്ലാം ഒഴിവാക്കി, പുതിയ പദ്ധതികളിലൂടെ സാമ്പത്തിക ചുറ്റുപാടുകൾ അടുക്കിപ്പെറുക്കിയടുത്തു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി നൈജീരിയയ്ക്ക് ഫിച് റേറ്റിങ്ങും സ്റ്റാൻഡേഡ് ആൻഡ് പുവർ റേറ്റിങ്ങും അവർ നേടിയെടുത്തു. നൈജീരിയയിൽ ധനമന്ത്രിയായ ആദ്യ വനിതയാണവർ.
അമ്മയെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് ‘ഫൈറ്റിങ് കറപ്ഷൻ ഈസ് ഡേഞ്ചറസ്: ദ് സ്റ്റോറി ബിഹൈൻഡ് ദ് ഹെഡ്‍ലൈൻസ്’ എന്ന പുസ്തകത്തിൽ അവർ എഴുതി. – ‘അവർ എന്റെ സഹോദരനോട് പറഞ്ഞു, എന്റെ സാമ്പത്തിക അച്ചടക്ക നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടണമെന്ന്. അക്കാര്യം ഉറപ്പു നൽകി ഞാൻ ദേശീയ ടെലിവിഷനിൽ പ്രഖ്യാപനം നടത്തണമെന്ന്. ജനത്തെ വീണ്ടും ദുരിതത്തിലേക്കു തള്ളിവിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ഒരു രാജ്യം എന്ന നിലയിൽ നൈജീരിയയെ വീണ്ടും അധഃപതനത്തിലേക്ക് അയയ്ക്കാനും.’
ബീസ്റ്റ്സ് ഓഫ് നോ നേഷൻ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളിലൂടെ പ്രശസ്തനായ ഡോക്ടർ ഉസോദിൻമ ഐവേല അടക്കം നാലു മക്കളാണ് എൻഗോസി – ഇകെംബ ഐവേല ദമ്പതികൾക്ക്. ന്യൂറോ സർജനാണ് ഇകെംബ. യുഎസ് പൗരത്വം നേടിയ ഡോ എൻഗോസിയോട് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു, എന്താണു ജീവിതത്തിലെ മുദ്രാവാക്യം? അവർ പറഞ്ഞു, കീപ് ഇറ്റ് സിംപിൾ.
അതെ, ലളിതമായി ജീവിക്കുക, ലളിതമായ നയങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക, ലളിതമായ ചുവടുകളിലൂടെ ഉയരങ്ങളിലെത്തുക. മറ്റൊന്നുകൂടി അവർ പറഞ്ഞു, ചർച്ചകളിലൂം സംവാദങ്ങളിലും കൂടി ഉത്തരം കണ്ടെത്തുക. യുഎസ്– ചൈന വ്യാപാര യുദ്ധത്തിന്റെ സമയത്താണു ഡോ. എൻഗോസി ഡബ്ല്യുടിഒയുടെ ചുക്കാൻ പിടിക്കുന്നത്. ലളിതവും ശക്തവുമായ ചുവടുകളിലൂടെ, ചർച്ചകളിലൂടെ ഈ യുദ്ധത്തിനും അവർ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
English Summary: Nigeria's Ngozi Okonjo-Iweala Becomes First Female To Head World Trade Organisation