ADVERTISEMENT

ഇരിക്കൂർ∙ ‘നിങ്ങൾക്ക് അറിയുമോ, അങ്ങ് ഇറ്റലിയിലെ അടുക്കളയിൽ പോലും ചർച്ചയാകുന്നത് പിണറായി വിജയനും ഇവിടുത്തെ സർക്കാരുമാണ്..’ എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയിൽ ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിണറായി വിജയനെ വാനോളം വാഴ്ത്തി കൊണ്ടുള്ള പ്രസംഗത്തിൽ അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങളും ചില കണക്കുകളുമാണ് വിഡിയോ വൈറലാകാൻ കാരണം.

‘ഇറ്റലിയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകയോട് ഞാൻ ചോദിച്ചു. നിങ്ങൾക്ക് സോണിയാ ഗാന്ധിയെ അറിയുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞു, കേട്ടിട്ടുണ്ട്. അവരുടെ മക്കളെ കുറിച്ച് അറിയുമോ എന്ന് ചോദിച്ചു. ഒരുപിടിയും ഇല്ല എന്നായിരുന്നു അവരുടെ മറുപടി. പിന്നെ ‍ഞാൻ ചോദിച്ചു. നിങ്ങൾ എന്തിനാണ് ഈ കോവിഡ് സമയത്ത് കേരളത്തിലേക്ക് വന്നതെന്ന്. അവർ പറഞ്ഞത് ഞാൻ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു. 

ഇറ്റലിയിലെ അടുക്കളയിൽ പോലും കേരളം ചർച്ചയാണ്. പിണറായി ആണ് ഇപ്പോൾ ലോകത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും മികച്ചത്. ഞങ്ങളെ നാട്ടിലെ പ്രസിദ്ധീകരണങ്ങളിൽ എല്ലാം അദ്ദേഹം നിറയുന്നു.’ എന്നാൽ ഈ മാധ്യമപ്രവർത്തകയുടെ പേരോ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചോ നേതാവ് പറഞ്ഞില്ല എന്നും സൈബർ ഇടത്തിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

നിപ്പയെ കുറിച്ചുള്ള കണക്കുകളാണ് പിന്നെ അദ്ദേഹത്തിന് പിഴച്ചത്. ‘നിപ്പ രോഗത്തിന്റെ വകഭേദം ഉത്തരാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടു. ഒരു മാസത്തിൽ അവിടെ 12,000 പേർ മരിച്ചുവീണു. പക്ഷേ കേരളത്തിൽ വെറും 36 പേരാണ് മരിച്ചത്.’ അദ്ദേഹം പ്രസംഗിച്ചു. എന്നാൽ കേരളത്തിൽ നിപ്പ ബാധിച്ച് മരിച്ചത് 17 പേരാണെന്ന് കണക്കുകൾ പറയുന്നു. ഇതിനൊപ്പം ആഫ്രിക്കയിൽ ഇത്തരത്തിൽ നിപ്പ പൊട്ടിപുറപ്പെട്ട് 12,000 പേർ ഒരുമാസത്തിൽ മരിച്ചുവെന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

English Summary: Kasim Irikkur Speech goes viral in Social Media 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com