ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗമെന്ന് റിപ്പോർട്ടുകൾ. പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു സ്ഥിതി ചെയ്തിരുന്ന സൈനിക ക്യാംപുകൾ നീക്കം ചെയ്തതായി പുതിയതായി പുറത്തു വന്ന സാറ്റലൈറ്റ് ചിത്രത്തിൽ ദൃശ്യമാണ്.

മേഖലയിൽ നിന്ന് നൂറുകണക്കിനു ടെന്റുകളും ബങ്കറുകളും നീക്കം ചെയ്തായി സാറ്റലൈറ്റ് ചിത്രത്തിൽ വ്യക്തമാണ്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞ 10 മാസങ്ങൾക്കിടെ ചൈന നിർമ്മിച്ചവയാണ് വ്യാപകമായി പൊളിച്ചു മാറ്റുന്നത്. ഇതിന്റെ ദൃശ്യങ്ങളും സൈന്യം ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

ഇതിൽ മേഖലയിലെ ടെന്റുകളും ബങ്കറുകളും മണ്ണുമാന്തി യന്ത്രമുപയോഗിച്ചു നീക്കം ചെയ്യുന്നതു കാണാം. ചൈനീസ് സൈനികർ വാഹനങ്ങളിൽ സ്ഥലം വിടുന്നതും ടാങ്കുകൾ നീക്കുന്നതും സൈന്യം പുറത്തു വിട്ട ദൃശ്യങ്ങളിലുണ്ട്. സമാന രീതിയിലുള്ള പിൻമാറ്റം ഇന്ത്യയും നടത്തുന്നു. പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു നിന്നുള്ള സേനാ പിൻമാറ്റത്തിന്റെ പുരോഗതി ഇന്ത്യ, ചൈന സേനകൾ പരിശോധിച്ചു. വടക്കൻ കരസേനാ കമാൻഡ് മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷി അതിർത്തി മേഖലകൾ സന്ദർശിച്ചു.  ഏഴായിരത്തോളം സേനാംഗങ്ങളെ പ്രദേശത്തു നിന്നു ചൈന പിൻവലിച്ചതായാണു വിവരം.

1200-india-china-satellite-pics
പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു സ്ഥിതി ചെയ്തിരുന്ന സൈനിക ക്യാംപുകൾ നീക്കം ചെയ്തതായി സ്ഥിരികരിക്കുന്ന സാറ്റലൈറ്റ് ചിത്രം∙ Copyright: Maxar Technologies

തടാകത്തിന്റെ വടക്കൻ തീരത്തെ എട്ടാം മലനിരയ്ക്കപ്പുറത്തേക്കു (ഫിംഗർ 8) ചൈനീസ് സേനയും മൂന്നാം മലനിരയ്ക്കു സമീപമുള്ള ധാൻ സിങ് ഥാപ്പാ പോസ്റ്റിലേക്ക് ഇന്ത്യൻ സേനയും പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇന്ത്യയും ചൈനയും സംഘർഷഭൂമിയായ കിഴക്കൻ ലഡാക്കിൽ നിന്ന് പിന്മാറ്റം തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ കൈവശമുള്ള തന്ത്രപ്രധാനമേഖലകളിൽ നിന്ന് ഇന്ത്യ പിന്മാറിയെന്നും ചൈന കയ്യടക്കിയതിനെക്കുറിച്ച് കേന്ദ്രസർക്കാർ മിണ്ടുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. 

1200-india-china-satellite
പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു സ്ഥിതി ചെയ്തിരുന്ന സൈനിക ക്യാംപുകൾ നീക്കം ചെയ്തതായി സ്ഥിരികരിക്കുന്ന സാറ്റലൈറ്റ് ചിത്രം∙ Copyright: Maxar Technologies

ഇന്ത്യ പട്രോളിങ് നടത്തിയിരുന്ന ഫിംഗർ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതാണ് കഴിഞ്ഞ വർഷം മേയിൽ സംഘർഷത്തിനു തുടക്കമിട്ടത്. ജൂൺ 14ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികൾ വീരമൃത്യു വരിച്ചിരുന്നു.

English Summary: New Satellite Images Show China Vacating Military Camps At Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com