ADVERTISEMENT

ന്യൂഡൽഹി ∙ ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകൾ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന തുറന്നു സമ്മതിക്കുന്നത്. ഈ അഞ്ച് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകൾ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത്

സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് ഭാഗത്ത് നിരവധി ആൾനാശമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചൈന തയാറായിരുന്നില്ല. പിഎൽഎ കമാൻഡർ ക്വി ഫാബോവ, ചെൻ ഹോങ്ജുൻ, ചെൻ സിയാങ്റോങ്, സിയാവോ സിയുവാൻ, വാങ് ഴൗറാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

നിരവധി ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയെങ്കിലും ചൈന നിഷേധിച്ചിരുന്നു. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ നിരവധി സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെങ്കിലും ചൈന തുറന്നു സമ്മതിച്ചിരുന്നില്ല.

ഗൽവാന്‍ താഴ്‌വരയിലെ സംഘർഷം അപ്രതീക്ഷിതമല്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും ചൈന നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 15നു രാത്രി ഒരു മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും കയ്യിൽ ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

പട്രോൾ പോയിന്റ് 14ൽനിന്നു പിന്മാറുന്നതു സംബന്ധിച്ച ചർച്ചയ്ക്കായിരുന്നു വരവ്. ചൈനീസ് മേഖലയിലും സമാനമായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാൽ കാത്തിരുന്നത് ആണി തറച്ച ബേസ് ബോൾ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നുവെന്നും അവർ ആക്രമണം തുടങ്ങിയെന്നു റിപ്പോർട്ടിൽ പറയുന്നു.

പിന്നാലെ ഇന്ത്യൻ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു വരിച്ചു. കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ, യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാൾ മാരകമായ ആൾനാശമാണുണ്ടാക്കിയതെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സൈനികരിൽ പലരും കുത്തനെയുള്ള ചെരിവിലേക്കു വീണാണു വീരമൃത്യു വരിച്ചതെന്നും കഴിഞ്ഞ വർഷം പുറത്തു വന്ന റിപ്പോർട്ടിലുണ്ട്. ചൈനീസ് ഭാഗത്തും നിരവധി ആൾനാശമുണ്ടായെന്ന റിപ്പോർട്ട് ചൈന തള്ളിയിരുന്നു.

English Summary: In a first, China acknowledges casualties in Galwan; reveals names

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com