പ്രമേഹമുണ്ടോ? ക്ഷയരോഗ സാധ്യത മൂന്നിരട്ടി, മരണനിരക്ക് നാലു മടങ്ങ്

HIGHLIGHTS
  • കേരളം ആസ്പദമാക്കിയ പഠനം പ്ലോസ് വൺ (PLoS ONE) ജേണലിൽ
tuberculosis
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ ക്ഷയരോഗം വരാനുള്ള സാധ്യത പ്രമേഹരോഗികളിൽ രണ്ടു മുതൽ മൂന്നിരട്ടി കൂടുതൽ. പ്രമേഹം ബാധിച്ച ക്ഷയരോഗിയിലെ മരണനിരക്ക് പ്രമേഹബാധിതരല്ലാത്ത ക്ഷയരോഗികളേക്കാൾ നാലു മടങ്ങ് കൂടുതലാണെന്നും കേരളത്തിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ക്ഷയരോഗം ബാധിച്ചവരിൽ ഏതാണ്ട് 44 ശതമാനത്തോളം പേരും പ്രമേഹ രോഗികളാണ്. അതിൽ തന്നെ പകുതിയോളം പേരുടെയും പ്രമേഹം തിരിച്ചറിയാനും വൈകുന്നു. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തിൽ ഈ അപായസാധ്യതയുടെ ആഴം ഏറെ ഗൗരവകരമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഐസിഎംആറിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ പ്രമേഹ രോഗികളുടെ നിരക്ക് 20 ശതമാനത്തിനു മുകളിലാണ്. ഇത് പ്രമേഹരോഗികളിലെ ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികവും. വർഷം തോറും കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തിൽ നിർണായകമായ വർധനയുണ്ടാകുന്നുണ്ട്. മാത്രമല്ല നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ള ക്ഷയരോഗികളിൽ ക്ഷയരോഗ ചികിത്സയുടെ ദൈർഘ്യവും നീണ്ടുപോകാം. ഈ അവസ്ഥയിലാണ് പ്രമേഹവും ക്ഷയരോഗവും ഒരുമിച്ചുവരുന്നതിന്റെ അപകടം ഗൗരവതരമാകുന്നതെന്ന് സ്റ്റേറ്റ് ടിബി–കോമോർബിഡിററി നോഡൽ ഓഫിസറും പൾമണോളജിസ്റ്റുമായ (സ്റ്റേറ്റ് ടിബി ട്രെയിനിങ് ആൻഡ് ഡെമോൺസ്ട്രേഷൻ സെന്റർ) ഡോ.എം. എസ്. മനു പറയുന്നത്.

ക്ഷയരോഗത്തിനു സാധാരണ നൽകുന്ന ‘ഒന്നാം നിര’(ഫസ്റ്റ് ലൈൻ) മരുന്നുകൾകൊണ്ടുള്ള ചികിത്സയും  പ്രമേഹത്തിന്റെ അനിയന്ത്രിത സാന്നിധ്യം തകിടം മറിക്കാം. അതിന്റെ ഫലമായി, സാധാരണ മരുന്നുകൾ ഫലിക്കാത്ത ഡ്രഗ്‌ റസിസ്റ്റന്റ് ടിബിയായി പരിണമിക്കാനുള്ള സാധ്യതയും പ്രമേഹ രോഗികളിൽ കൂടുതലാണ്. മാത്രമല്ല ഒരിക്കൽ ക്ഷയരോഗം ചികിത്സിച്ചു മാറിയവരിൽ ടിബി വീണ്ടും വരാനുള്ള സാധ്യതയും (റിലാപ്സ്) പ്രമേഹരോഗികളിൽ കൂടുതലാണെന്നും ഡോ. മനു വ്യക്തമാക്കുന്നു. പ്രമേഹ–ക്ഷയ രോഗ കൂട്ടുകെട്ട് ഇത്തരം സങ്കീർണതകൾക്കൊപ്പം ചികിത്സാ ചെലവിൽ വലിയ വർധനയും ഉണ്ടാക്കും.

എന്തുകൊണ്ട് പ്രമേഹ രോഗിയിൽ?

പ്രമേഹ രോഗികളിൽ ക്ഷയരോഗം വരാനുള്ള സാധ്യതയും മറിച്ച് ക്ഷയരോഗികളിൽ പ്രമേഹം കൂടി പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ‘‘പ്രമേഹം അൽപം കൂടുതലാണെങ്കിൽ പോലും അത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂട്ടും, പ്രത്യേകിച്ചും ശ്വാസകോശത്തെ ബാധിക്കുന്ന രോഗാണുബാധകൾ. കോവിഡ് മുതൽ ക്ഷയരോഗം വരെയുള്ളവ ആ പട്ടികയിലുണ്ട്.’’–  പ്രമേഹരോഗ വിദഗ്ധൻ ഡോ. ജോതിദേവ് കേശവദേവ് പറയുന്നു.

‘‘സമൂഹത്തിൽ നല്ലൊരു വിഭാഗം അളുകളുടെ ശരീരത്തിലും ക്ഷയരോഗാണു കടന്നു കൂടിയിട്ടുണ്ട്. ക്ഷയരോഗാണു ശരീരത്തിലുണ്ടെങ്കിലും ഇവർ ക്ഷയരോഗികളല്ല. ഇതിനെയാണ് ലേറ്റന്റ് ടിബി എന്നു പറയുന്നത്. ഇവരിൽ കുറച്ചുപേര്‍ക്ക് പലവിധ കാരണങ്ങളാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെടുന്ന അവസരങ്ങളിൽ ഈ ക്ഷയരോഗാണുക്കൾ വിപുലമായ തോതിൽ വർധിച്ച് ക്ഷയരോഗിയാക്കും. പ്രമേഹം നിയന്ത്രണ വിധേയമല്ലാതിരിക്കുന്നവരിൽ ശരീരപ്രതിരോധം കുറയും. ഇതാണ് പ്രമേഹ രോഗികളിൽ ക്ഷയരോഗം കൂടുതലായി വരുന്നതിന്റെ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രതിരോധിക്കാൻ കേരള മാതൃക

കേരളത്തിലെ ക്ഷയരോഗികളിലെ പ്രമേഹ സാന്നിധ്യത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനം പ്ലോസ് വൺ (PLoS ONE) ജേണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത്തരം പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും വെളിച്ചത്തിൽ രാജ്യത്തിനു തന്നെ മാതൃകയാവുന്ന ചുവടുവയ്പാണ് കേരളത്തിൽ നടപ്പിലാക്കിയിരിക്കുന്നതെന്ന് ‌‌‌പഠനത്തിനു നേതൃത്വം നൽകിയ, സ്റ്റേറ്റ് ടിബി ഓഫിസർ ഡോ. എം സുനിൽകുമാർ പറഞ്ഞു  സർക്കാർ ആശുപത്രികളിലെ, പ്രമേഹമുള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുടെ (NCD-നോൺ കമ്മ്യൂണിക്കബിൾ ഡിസീസ്) ക്ലിക്കുകളിൽ എത്തുന്നവരിൽ ക്ഷയരോഗസൂചനകൾ കണ്ടാൽ അവരെ ക്ഷയരോഗ പരിശോധനകളിലേക്കും നയിക്കും.

ക്ഷയരോഗികളെ എൻസിഡി ക്ലിനിക്കുകളിലേക്ക് അയച്ച് പ്രമേഹം പോലുള്ള രോഗങ്ങളുടെ സാന്നിധ്യം കൂടി  പരിശോധിക്കുന്ന സംവിധാനം കേരളം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.  അനിയന്ത്രിത പ്രമേഹമുള്ള ക്ഷയരോഗികളിൽ, വിലയേറിയ ഇൻസുലിൻ പേനയും ഇൻസുലിൻ കാട്രിജുകളും സൗജന്യമായി നൽകി പ്രമേഹ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി വരികയാണ്. അത് ക്ഷയരോഗ ചികിത്സാഫലം മെച്ചപ്പെടുത്തുന്നതുന്നുണ്ട്. അധിക മരണനിരക്ക് കുറയ്ക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ. എം. എസ് മനു പറഞ്ഞു.

English Summary: Higher risk of developing active TB among diabetics patients in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA