അത്രവേഗത്തിലൊന്നും രാഷ്ട്രീയ മനസ്സു തുറക്കാത്ത ജില്ലയാണ് പത്തനംതിട്ട. ഇടത്തോട്ടാണോ വലത്തോട്ടാണ് അതോ മറ്റെന്തെങ്കിലും മനസ്സില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരും.
1982 ല്‍ കേരളപ്പിറവി ദിനത്തില്‍ രൂപീകൃതമായ സഹ്യന്റെ മടിത്തട്ടിലെ ഈ മലയോര ജില്ലയുടെ രാഷ്ട്രീയ ചായ്വു പരിശോധിച്ചാല്‍ എന്നും മലക്കംമറിയുന്ന പ്രവണതയാണു കാണാന്‍ കഴിയുന്നത്. വലത്തോട്ടാണു പത്തനംതിട്ടയെന്ന പൊതുധാരണ ഉണ്ടെങ്കിലും അത് പൂര്‍ണമായി ശരിയല്ല എന്നാണ് 2011, 2016 ലെ നിയമസഭ തിരഞ്ഞെടുപ്പുകളും 2019 ലെ ഉപതിരഞ്ഞെടുപ്പും സൂചിപ്പിക്കുന്നത്. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചർച്ചാവിഷയമായ ജില്ല എന്നി നിലയില്‍ ബിജെപിക്ക് മോഹം നല്‍കിയെങ്കിലും ഫലം വന്നപ്പോള്‍ രാഷ്ട്രീയ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ‘പിടികൊടുക്കാതെ’ തന്നെ നിന്നു.
ഗ്രാമപഞ്ചായത്തുകളില്‍ 31 പഞ്ചായത്തുകള്‍ എല്‍ഡിഎഫും 17 പഞ്ചായത്തുകള്‍ യുഡിഎഫും നേടിയപ്പോള്‍ മൂന്നെണ്ണം എന്‍ഡിഎയും നേടി. അതേസമയം നാലു മുനിസിപ്പാലിറ്റിയില്‍ രണ്ടെണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും ഒരെണ്ണം എന്‍ഡിഎയുമാണ് നേടിയത്. എട്ട് ബ്ലോക്കു പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ഒരെണ്ണം മാത്രമാണ് യുഡിഎഫിനെ തുണച്ചത്.
ഇടതും വലതുമായി അഞ്ചു മണ്ഡലങ്ങള്‍
തിരുവല്ല, റാന്നി, ആറന്മുള, അടൂര്‍, കോന്നി - എന്നിങ്ങനെ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിൽ. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല, റാന്നി, അടൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ കോന്നിയും ആറന്മുളയും യുഡിഎഫിനെ തുണച്ചു. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിലൂടെ ആറന്മുളയും സിപിഎം പിടിച്ചെടുത്തു. അപ്പോഴും 96 മുതല്‍ തുടര്‍ന്ന ശീലം കോന്നി മാറ്റിയില്ല. അടൂര്‍ പ്രകാശിലൂടെ 2016 ലും കോന്നി യുഡിഎഫ് നിലനിര്‍ത്തി. എന്നാല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ട തകര്‍ത്ത് കെ.യു. ജനീഷ് കുമാറിലൂടെ കോന്നിയും എല്‍ഡിഎഫ് പിടിച്ചെടുത്തു. വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ‘ചുവപ്പണിഞ്ഞ്’ നില്‍ക്കുകയാണ് പത്തനംതിട്ട.
2011, 2016, 2019.... കണക്കുകള്‍ ഇങ്ങനെ
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 46.44 ശതമാനം വോട്ടു നേടിയാണ് ജില്ലയിലെ മൂന്നു മണ്ഡലങ്ങള്‍ ഇടതുപക്ഷം പിടിച്ചത്. 45.87 ശതമാനം എന്ന നേരിയ വ്യത്യാസത്തില്‍ യുഡിഎഫ് രണ്ടു മണ്ഡലങ്ങളിലും ഭരണം ഉറപ്പിച്ചു. എന്‍ഡിഎയ്ക്ക് 5.78 ശതമാനം വോട്ടുവിഹിതം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ 1.91 ശതമാനം നേടി.
കേരളം ഇടത്തോട്ട് ചാഞ്ഞ 2016ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടുവിഹിതം കുറഞ്ഞെങ്കിലും ഒരു മണ്ഡലം കൂടി പിടിച്ചെടുത്താണ് ഇടതുമുന്നണി ജില്ലയില്‍ കരുത്തു തെളിയിച്ചത്. എല്‍ഡിഎഫ് 42% വോട്ടു നേടിയപ്പോള്‍ യുഡിഎഫിന്റെ വോട്ടുവിഹിതം 37.54 ശതമാനമായി കുറഞ്ഞു. 2011ല്‍ ഒരു ശതമാനം വ്യത്യാസമാണ് ഇരുമുന്നണികളും തമ്മില്‍ ഉണ്ടായിരുന്നതെങ്കില്‍ 2016 ല്‍ അത് അഞ്ചു ശതമാനത്തോളമായി. ഇടതു വലതു മുന്നണികള്‍ക്കും നഷ്ടപ്പെട്ട വോട്ടുകള്‍ പിടിച്ചെടുത്തത് എല്‍ഡിഎയാണ്. 5.78 ല്‍ നിന്ന് 19.09 ശതമാനമാക്കിയാണ് എന്‍ഡിഎ വോട്ടുവിഹിതം ഉയര്‍ത്തിയത്.
2011ല്‍ തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ 63,289 വോട്ടുകള്‍ നേടിയാണ് ജനതാദള്‍ (എസ്)ന്റെ മാത്യു ടി. തോമസ് വിജയിച്ചത്. 10,767 വോട്ടുകളുടെ ഭൂരിപക്ഷം. 2016 ല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായ ജോസഫ് എം പുതുശേരിയെ 8262 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മാത്യു ടി. തോമസ് മണ്ഡലം നിലനിര്‍ത്തി.
1996ല്‍ ഫിലിപ്പോസ് തോമസിനെ തോല്‍പ്പിച്ചു പിടിച്ചെടുത്ത റാന്നി മണ്ഡലം രാജു എബ്രഹാം തിരികെ നല്‍കിയിട്ടില്ല. 2011ല്‍ ഫിലിപ്പോസ് തോമസിനെ 6614 വോട്ടിനും 2016 ല്‍ മറിയാമ്മ ചെറിയാനെ 14,596 വോട്ടിനും പരാജയപ്പെടുത്തി രാജു എബ്രഹാം റാന്നിയില്‍ 25 വര്‍ഷമായി അപരാജിതനായി തുടരുകയാണ്.
ഇടതു വലതു മുന്നണികള്‍ മാറിമാറി വന്ന ആറന്മുളയില് 2011ല്‍ കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായര്‍ വിജയിച്ചു. 2016 ല്‍ എല്‍ഡിഎഫ് രംഗത്തിറക്കിയ പുതുമുഖവും മാധ്യമപ്രവര്‍ത്തകയുമായ വീണാ ജോര്‍ജ് ശിവദാസന്‍ നായരെ പരാജയപ്പെടുത്തി ആറന്മുള പിടിച്ചെടുത്തു. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണ ആറന്മുള എല്‍ഡിഎഫിനായി നേടിയത്.
1996 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി രാജു എബ്രഹാം റാന്നിയുടെ നായകനായതിനു സമാനമാണ് കോന്നിയിലും സംഭവിച്ചത്. അതുവരെ ഇടതു വലതു മുന്നണികളെ മാറി മാറി പിന്തുണച്ച കോന്നി 96 ല്‍ 805 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തതില്‍ പിന്നെ കോണ്‍ഗ്രസിനും അടൂര്‍ പ്രകാശിനും മണ്ഡലത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരോ വര്‍ഷവും ഭൂരിപക്ഷം വര്‍ധിപ്പിച്ച് സീറ്റ് നിലനിര്‍ത്തിയ അടൂര്‍ പ്രകാശ് 2011ല്‍ 6,511 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതെങ്കില്‍ 2016 ല്‍ 20,748 വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥിയായ ആര്.സനല്‍കുമാറിനെ തോല്‍പ്പിച്ചത്. എന്നാല്‍ അടൂര്‍ പ്രകാശ് ലോക്സഭയിലേക്കു പോയ ഒഴിവില്‍ 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.യു. ജനീഷ് കുമാറിലൂടെ മണ്ഡലം ഇടത്തേക്ക് ചാഞ്ഞു.
അഞ്ചാമത്തെ നിയോജക മണ്ഡലമായ അടൂരിനാകട്ടെ മറ്റൊരു ചരിത്രമാണ് പറയാനുള്ളത്. 91 മുതല്‍ നാലു തവണ കോണ്‍ഗ്രസിന്റെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിജയിച്ചു വന്ന മണ്ഡലം സംവരണ മണ്ഡലമായ ശേഷം 2011ല്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. 2011ല്‍ 607 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗോപകുമാര്‍ അടൂര്‍ പിടിച്ചതെങ്കില്‍ 2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ. ഷാജുവിനേക്കാള് 25,460 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് സീറ്റ് നിലനിര്‍ത്തിയത്.
നിയമസഭയല്ല ലോക്സഭ
പതിവുപോലെ ഇടതു വലതു പോരാട്ടമല്ല 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട കണ്ടത്. അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ചേരുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. പ്രളയവും ശബരിമല സ്ത്രീപ്രവേശനവും ആഞ്ഞടിച്ച ജില്ല ത്രികോണ പോരാട്ടത്തിനാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സാക്ഷ്യം വഹിച്ചത്. സിറ്റിങ് എംപി ആന്റോ ആന്റണിയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിലനിര്‍ത്തിയപ്പോള്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജിലൂടെ പത്തനംതിട്ട പിടിക്കാന്‍ ഇടതുപക്ഷവും കെ. സുരേന്ദ്രനെ ഇറക്കി മണ്ഡലം പിടിക്കാന്‍ ബിജെപിയും ശ്രമിച്ചു. നിയമസഭയുടെ കാറ്റ് ഇടത്തോട്ടായിരുന്നെങ്കില് ലോക്സഭയില്‍ വലത്തേക്ക് ദിശമാറ്റി. 44,613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണാ ജോര്‍ജിനെ മറികടന്ന് ആന്റോ ഹാട്രിക് വിജയം നേടി. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും ആന്റോ ഭൂരിപക്ഷം നേടിയെങ്കിലും അടൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.
2021 ൽ എന്താകും?
തിരുവല്ലയില്‍ മാത്യു ടി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫില്‍ ജോസഫ് വിഭാഗം തിരുവല്ല ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയുടെ ചരിത്രം മാറ്റിയ എ.യു. ജനീഷ് കുമാര്‍ തന്നെയാകും എല്‍ഡിഎഫിനെ വീണ്ടും പ്രതിനിധീകരിക്കുകയെന്നാണു സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശുമായുള്ള പിണക്കം തിരിച്ചടിയായതോടെ അദ്ദേഹത്തിന്റെ തീരുമാനമാകും കോന്നിയില്‍ ഇത്തവണ കോണ്‍ഗ്രസ് പരിഗണിക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന് പീറ്റര്‍ തന്നെ ഇക്കുറി സ്ഥാനാര്‍ഥിയായേക്കാം.
ഉപതിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വോട്ടു വിഹിതം മുന്‍നിര്‍ത്തി കെ.സുരേന്ദ്രന് വീണ്ടും കോന്നിയില്‍ എത്തുമോ എന്ന് വ്യക്തമായിട്ടില്ല. സുരേന്ദ്രന്റെ തീരുമാനം പരിഗണിച്ചാകും കോന്നിയിലെ ബിജെപിയുടെ സ്ഥാനാര്‍ഥിത്വം. രണ്ടു തവണ ഇടതുമുന്നണിയെ അധികാരത്തിലേറ്റിയ ചിറ്റയം ഗോപകുമാറിനെ തന്നെയാകും ഇത്തവണയും അടൂരില്‍ എല്‍ഡിഎഫ് ഇറക്കുക. യൂത്ത് കോണ്‍ഗ്രസിന് അടൂര്‍ വിട്ടു നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്‍ഡിഎയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
ആറന്മുളയില് വീണാ ജോര്‍ജിനെ തന്നെ എല്‍ഡിഎഫ് നിലനിര്‍ത്താനാണ് സാധ്യത. മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകള്‍ യുഡിഎഫ് ചര്‍ച്ചയില്‍ ഉയരുന്നുണ്ട്. ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജി. രാമന് നായര്‍ എന്നിവരുടെ പേരുകളാണ് ബിജെപി ഉയര്‍ത്തുന്നത്.
Content Highlights: Pathanamthitta, Kerala Assembly Elections 2021