ADVERTISEMENT

ഉന്നാവ് ∙ ഉത്തർപ്രദേശിലെ ഉന്നാവില്‍ രണ്ടു ദലിത് പെൺകുട്ടികളെ പാടത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൃത്യത്തിലേക്കു നയിച്ചത്. പിടിയിലായ പ്രതി വിനയ് എന്ന ലംബുവിനെയും കൂട്ടാളിയേയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ചികിൽസയിലുള്ള പതിനേഴുകാരിയോടു മൊബൈൽ നമ്പർ ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്നാണ് ഇവർക്ക് വിഷം നൽകിയതെന്ന് വിനയ് മൊഴി നൽകി. വെള്ളത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു. ബന്ധുക്കളായ 13, 16 വയസ്സുള്ള പെൺകുട്ടികൾക്കൊപ്പം പാടത്തേക്ക് പോയതായിരുന്നു പതിനേഴുകാരി. വിഷം കലർത്തിയ വെള്ളം കുടിച്ചതിനെ തുടർന്ന് രണ്ടു പെൺകുട്ടികളും മരിച്ചിരുന്നു.

വിനയ്‍യുടെ ഉടമസ്ഥതയിലുള്ള പാടവും പെൺകുട്ടികളുടെ പാടവും അടുത്തടുത്തായിരുന്നു. ലോക്ഡൗണിനുശേഷം ഇവിടെ വച്ചാണ് വിനയ് പെൺകുട്ടിയെ സ്ഥിരമായി കണ്ടിരുന്നത്. ഇവർ എപ്പോഴാണ് പാടത്ത് എത്തുന്നത് എന്നതടക്കമുള്ള വിവരങ്ങൾ വിനയ് ശേഖരിച്ചിരുന്നു. പ്രണയം പറഞ്ഞ് വിനയ് പെൺകുട്ടിയെ സമീപിച്ചെങ്കിലും എതിർത്തു. പലതവണ സമീപിച്ചെങ്കിലും സമ്മതിച്ചില്ല. ഇതില്‍ പ്രകോപിതനായി വെള്ളത്തിൽ കീടനാശിനി ചേർത്ത് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മറ്റു രണ്ടു പെൺ‍കുട്ടികളും എങ്ങനെയാണ് വെള്ളം കുടിച്ചതെന്ന ചോദ്യത്തിന്, വിനയ് സുഹൃത്തുക്കളോട് കുറച്ചു സ്നാക്സ് വാങ്ങാൻ നിർദേശിച്ചിരുന്നു. ഇതേ കടയിൽനിന്നുതന്നെ പെൺകുട്ടികളും സ്നാക്സ് വാങ്ങി. തുടർന്ന് വിനയ്‍യുടെ സുഹൃത്തുക്കൾ ഇവരുമായി കുറച്ചുനേരം സംസാരിച്ചിരുന്നു. അപ്പോഴാണ് വിനയ് പെൺകുട്ടിക്ക് വിഷം കലർത്തിയ വെള്ളം നൽകിയത്. മറ്റു രണ്ടുപേരും ഇത് തട്ടിയെടുത്ത് കുടിക്കുകയായിരുന്നു – പൊലീസ് പറയുന്നു. അവരോട് വെള്ളം കുടിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടില്ലെന്നും വിനയ്‌‍ മൊഴി നൽകി.

വെള്ളം കുടിച്ചയുടൻ ഇവർ മയങ്ങി വീണിരുന്നു. വായിൽനിന്നും മൂക്കിൽനിന്നും നുരയും പതയും വന്നതോടെ ഭയന്ന പ്രതികൾ ഇവിടെനിന്ന് ഓടി രക്ഷപെട്ടു. പശുവിനു തീറ്റ തേടി പോയ 3 പെൺകുട്ടികളെയാണ് അവരുടെ വസ്ത്രങ്ങൾ കൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കുട്ടികൾ തിരികെ വരാത്തതിനെത്തുടർന്നു വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്. ഇവരിൽ രണ്ടുപേർ മരിച്ചനിലയിലും ഒരാൾ ഗുരുതരാവസ്ഥയിലുമായിരുന്നു.

English Summary: Unnao deaths: 28-yr-old held, police say poisoned girls on being ‘rejected’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com