‘ശബരിമലയിൽ പെൺപിള്ളേരെ കയറ്റിയത് തെറ്റി; സിപിഐയിലെ എന്റെ യാത്ര തടസപ്പെടുത്തി’

HIGHLIGHTS
  • ഉദ്യോഗാർഥി സമരം വേഗം തീർക്കണം
  • രണ്ടാമതും മന്ത്രിയാകുമെന്ന് പലരും കരുതി
  • പിഎസ്‌സി അംഗത്വം രാഷ്ട്രീയ സൗജന്യം
C-Divakaran-Interview-1
സി. ദിവാകരൻ (ഫയൽ ചിത്രം)
SHARE

കേരളത്തിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളുടെ ഒരു പട്ടിക എടുക്കാൻ പറ‍ഞ്ഞാൽ അതിൽ സി.ദിവാകരനെ മാറ്റി നിർത്താൻ കഴിയില്ല. വിഎസ് സർക്കാരിന്റെ കാലത്ത് സിപിഐ നിയമസഭാകക്ഷിയെ നയിച്ച ഈ മുൻ മന്ത്രി ആരെയും കൂസാത്ത രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ വക്താവാണ്. ഒരു ഘട്ടത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയിൽ ഇടം പിടിച്ച ദിവാകരൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനു തൊട്ടടുത്തു വരെ എത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ പേയ്മെന്റ് സീറ്റ് വിവാദത്തിൽ പെട്ടത് പാർട്ടിയിലെ അദ്ദേഹത്തിന്റെ ആരോഹണത്തിനു തടസം സൃഷ്ടിച്ചു. എങ്കിലും സിപിഐയുടെ പൊതു രംഗത്തെ സജീവമായ മുഖങ്ങളിൽ ഒന്നായി ദിവാകരൻ തുടരുന്നു. സ്വാഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിക്കാത്ത ‘സിഡി’ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിലും’ആ സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുന്നു.

∙നിയമസഭാ തിരഞ്ഞെടുപ്പിന്റെ  ഒരുക്കങ്ങൾ തുടങ്ങി. മുതിർന്ന ഇടതുമുന്നണി നേതാവ് എന്ന നിലയിൽ എന്താണ് പ്രതീക്ഷ?

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു ലീഡ് ലഭിച്ചു എന്നതു വസ്തുതയാണ്. എന്നാൽ കേരളത്തിന്റെ വോട്ടിങ് പാറ്റേൺ ഓരോ തിരഞ്ഞെടുപ്പിലും ഓരോ രീതിയാണ്. നമ്മുടെ വോട്ടർമാർ വളരെ ബുദ്ധിമാന്മാരാണ്. എപ്പോൾ, എന്തു തീരുമാനം എടുക്കുമെന്നു പറയാൻ കഴിയില്ല. ഇപ്പോഴത്തെ ഒരു ട്രെൻഡ് നോക്കിയാൽ തുടർഭരണത്തിനുള്ള സാധ്യതയാണ് കൂടുതൽ. അതേസമയം സർക്കാരിനും മുന്നണിക്കും  പ്ലസും മൈനസുമായ കാര്യങ്ങളുണ്ട്.

∙ ആ രണ്ടു ഘടകങ്ങളും വിശദമാക്കാമോ?

സമൂഹത്തിനു ചെയ്യുന്ന നല്ല കാര്യങ്ങളാണ് പ്ലസ് പോയിന്റ്. അടിസ്ഥാന വർഗം എന്നു ‍ഞങ്ങൾ വിളിക്കുന്ന വിഭാഗത്തിനായി ഒരു പാട് കാര്യങ്ങൾ‍ ഈ സർക്കാർ ചെയ്തു. ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതെ നിൽക്കുന്ന വിഭാഗങ്ങൾക്കായി  ചെയ്ത കാര്യങ്ങളുടെ ഗുണഫലം  മുന്നണിക്കു നിശ്ചയമായും ലഭിക്കും. അതേ സമയം ജനങ്ങൾക്കിടയിലേക്ക് ഇക്കാര്യങ്ങൾ എത്തിക്കുന്നതിൽ പോരായ്മകൾ ഉണ്ടായതു മൈനസ് പോയിന്റാണ്. മാധ്യമങ്ങളും പിആർ പ്രവർത്തനവും അല്ലാതെ അണികൾ ഇറങ്ങി ജനങ്ങളുമായി സംവദിക്കുന്ന ഒരു വലിയ പരിശ്രമത്തിന്റെ അഭാവം ഞാൻ കാണുന്നു. ടിവി, പത്ര പരസ്യങ്ങൾ  കൊണ്ടു മാത്രം  കാര്യമില്ല. അതെല്ലാം ബൂർഷ്വാ പ്രചാരണ രീതിയാണ്. ഒരു അർഥത്തിൽ പേയ്മെന്റ് രീതി. അതു വേണ്ട എന്നല്ല. പക്ഷേ നമ്മുടെ സന്ദേശവുമായി ഗ്രാമങ്ങളിലേക്ക് ആളുകൾ പോകണം.അതു കുറച്ചു കുറവാണ്.

C Divakaran
സി.ദിവാകരൻ

∙  ശക്തമായ സംഘടനാ സംവിധാനമുള്ള ഇടതു പാർട്ടികൾക്ക് അതു വെല്ലുവിളി അല്ലല്ലോ?

കേഡർ പാർട്ടികളായ സിപിഎമ്മും സിപിഐയും അതു ചെയ്യേണ്ടതാണ്. ഇതൊന്നുമില്ലെങ്കിലും ജയിക്കും എന്ന ആത്മവിശ്വാസം മൂലമാകും. യുഡിഎഫിലെ തമ്മിലടിയും മറ്റും കാരണം ഒരു ഭീഷണി അവർക്കു തോന്നുന്നുണ്ടാകില്ല. അമിതമായ ആത്മവിശ്വാസം, പക്ഷേ അപകട സൂചനയാണ്. അണികൾ നേരിട്ടു ബൂത്തിലേക്ക് പോകണം, ജോലി ചെയ്യണം.

∙തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം തിരിച്ചു വന്നു തുടങ്ങി  എന്നാണല്ലോ  പ്രതിപക്ഷം ഇപ്പോൾ അവകാശപ്പെടുന്നത്?‌

അതിന് അവർക്കു സാധിക്കുമെന്നു തോന്നുന്നില്ല. സമരങ്ങൾ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ അവർക്കു കഴിഞ്ഞിട്ടില്ല. ആരാണ് കേരളത്തെ നയിക്കേണ്ടത് എന്നു ജനം ചിന്തിക്കുമ്പോൾ ഒരു വശത്ത് നട്ടെല്ലും തന്റേടവുമുള്ള നേതാവായ പിണറായി വിജയനുണ്ട്. അദ്ദേഹത്തെ  നേരിടാൻ  ആരാണ് അപ്പുറത്ത്? അതാണ് ചോദ്യം. അവർക്കുളളതിൽ മെച്ചപ്പെട്ട ഒരു നേതാവ് രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സഭയിൽ  നല്ല പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അതിനിടയിലാണ് ഉമ്മൻചാണ്ടിയെ ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നത്. അത് അവർക്കിടയിൽ‍ ആശയക്കുഴപ്പമുണ്ടാക്കി. നിയമസഭയിൽ അഞ്ചു കൊല്ലം പ്രതിപക്ഷത്തെ നയിച്ച ആളാണോ, അതോ അഞ്ചു വർഷം അവിടെ നിശബ്ദനായി ഇരുന്ന ആളാണോ നമ്മുടെ നേതാവ് എന്ന ചിന്താക്കുഴപ്പത്തിലാണ്  യുഡിഎഫ് അണികൾ.

∙ശബരിമല ഒരു തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്നിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു സ്ഥാനാർഥി കൂടിയായിരുന്ന  ശേഷം താങ്കൾ  തോറ്റ ശേഷം പറഞ്ഞത് അതു ജനങ്ങളെ സ്വാധീനിച്ചുവെന്നും  തിരുത്തൽ വേണമെന്നുമാണ്. അതേ നിലപാടാണോ ഇപ്പോഴും?

ആ അഭിപ്രായം ഇപ്പോഴുമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ എടുത്ത വ്യഗ്രത ആണ് തെറ്റിദ്ധരിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാർ അമ്പലം തകർക്കുന്നവരാണ്  എന്ന പ്രതീതിക്ക് അതു വഴിവച്ചു. സുപ്രീംകോടതിയിൽ നിന്ന് ഒരു വടി കിട്ടി, അതു വച്ചു ചെയ്യാൻ പോകുന്നു എന്ന സ്ഥിതിയുണ്ടായി. രണ്ടു പെൺപിള്ളേരെ അവിടെ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ഉറങ്ങിക്കിടന്ന ബിജെപിക്കും സംഘപരിവാറിനും അങ്ങോട്ട് കൊണ്ടു കൊടുത്തതാണ്. അങ്ങനെ ഒരുപാട് ബിജെപി നേതാക്കളെ തന്നെ സൃഷ്ടിച്ചു. അക്കാര്യത്തിൽ ഒരു പുനരാലോചന വേണമെന്നാണ് അന്നും ഇന്നും എന്റെ നിലപാട്. ഇപ്പോൾ അതിലേക്കു കാര്യങ്ങൾ വന്നല്ലോ. ഭക്തരെ ഒരു തരത്തിലും വേദനിപ്പിക്കാൻ പാടില്ല. ഒരു ജനതയുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എല്ലാം പൊടുന്നനെ തകർക്കാൻ നോക്കരുത്. വിശ്വാസവും യുക്തിയും തമ്മിൽ ഒരു ബന്ധവുമില്ല. ഇപ്പോൾ ശബരിമല അടഞ്ഞ അധ്യായമാണ്. അവിടം വളരെ ശാന്തമാണ്. ആരെയും കയറ്റാനും  ഇറക്കാനും ഒന്നും നോക്കുന്നില്ല. അതു കൊണ്ടു യുഡിഎഫിന്റെ ശ്രമം നടക്കില്ല.

∙സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നുവരുന്ന ഉദ്യോഗാർഥികളുടെ സമരത്തോടുള്ള സർക്കാർ  സമീപനം പാളിപ്പോയോ? 

രണ്ടു ഭാഗത്തും തെറ്റു പറ്റിയിട്ടുണ്ട്. ഞാൻ സമരങ്ങളിൽ കൂടി വളർന്നു വന്ന ആളാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരമുഖങ്ങൾ എന്നും  പ്രിയപ്പെട്ടതാണ്. സമരം സാമൂഹിക ജീവിതത്തിന്റെ പ്രധാനഘടകമാണ്. ജീവിതം തന്നെ ഒരു  സമരമല്ലേ. അങ്ങനെ മാത്രമെ സമരത്തെ രാഷ്ട്രീയ നേതൃത്വവും സർക്കാരും കാണാവൂ. സമരങ്ങളെ കൈകാര്യം ചെയ്യാം എന്ന ഒരു ധാരണയിൽ പോകാൻ പാടില്ല. സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളും യാഥാർഥ്യ ബോധം ഉള്ളവരായിരിക്കണം.സർക്കാരിനു ചെയ്തുകൊടുക്കാൻ പറ്റാത്ത ആവശ്യങ്ങൾ ഉന്നയിച്ചിട്ടു കാര്യമില്ല. ‘സൈക്കിൾ ഓടിക്കാൻ പഠിച്ച്, അതിൽ കയറിയാൽ മാത്രം പോരാ,  ഇറങ്ങാനും കൂടി പഠിക്കണം’ എന്ന് ടി.വി.തോമസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

∙ഇതു പ്രതിപക്ഷത്തിന്റെ സ്പോൺസേഡ് സമരമാണ് എന്ന ചില സിപിഎം നേതാക്കളുടെ വാദഗതിയോടു യോജിക്കുന്നുണ്ടോ? 

പ്രതിപക്ഷം എല്ലാ കാലത്തും  ഇത്തരം അവസരങ്ങൾ ഉപയോഗിക്കാറില്ലേ?  ഞങ്ങളാണെങ്കിലും ചെയ്യാറില്ലേ? അതിനു പ്രതിപക്ഷത്തെ കുറ്റം പറയാൻ കഴിയില്ല. ‘നിങ്ങൾക്കെന്താണ് ജോലി’ എന്നു ജനം പ്രതിപക്ഷത്തോടു ചോദിക്കില്ലേ? ഒന്നുകിൽ അവർ അതിനെ തള്ളിപ്പറയണം, ഇല്ലെങ്കിൽ പിന്തുണയ്ക്കണം. അങ്ങനെയേ അതിനെ കാണാവൂ.

∙ സർക്കാർ നേരത്തെ ചർച്ചയ്ക്കു സന്നദ്ധമാകേണ്ടിയിരുന്നു എന്നു തോന്നുന്നുണ്ടോ?

സർക്കാർ  അനുകൂലമായി ചില  കാര്യങ്ങൾ ചെയ്യുന്നു എന്നു തോന്നിയാൽ തന്നെ അവർ സമരം അവസാനിപ്പിക്കും. അത് ഒരു ചെറിയ പ്രശ്നമാണ്. അതിനെ വഷളാക്കി. ഇവിടെ ഒരുപാട് മന്ത്രിമാരില്ലേ? അവരിൽ ആരെങ്കിലും അവരെ വിളിച്ച് സംസാരിക്കാമായിരുന്നു. ഈ മന്ത്രിമാരെല്ലാം സമര വിരോധികളൊന്നുമല്ല. അവരെല്ലാം സമരത്തിൽ കൂടി വന്നതാണ്. തിരുവനന്തപുരത്തു തന്നെ കടകംപള്ളി സുരേന്ദ്രനില്ലേ? ഞങ്ങൾ ഒരുമിച്ച് എത്രയോ സമരങ്ങൾ  ചെയ്തിരിക്കുന്നു. സുരേന്ദ്രൻ വിളിച്ചു സംസാരിച്ചാലും  മതിയായിരുന്നു. പകരം ചില യുവജന നേതാക്കളെയെല്ലാം പറഞ്ഞയച്ചത് കൂടുതൽ പ്രശ്നമായി. ഇപ്പോഴെങ്കിലും ചർച്ച നടത്തി തീർക്കുകയാണ് സർക്കാരിനും ഇടതുപക്ഷത്തിനും നല്ലത്. 

C Divakaran CPI
സി.ദിവാകരൻ

∙താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലൂടെയും  സർക്കാർ എതിർപ്പ് ക്ഷണിച്ചു വരുത്തിയില്ലേ? 

ആ തീരുമാനത്തോട് എനിക്ക് യോജിപ്പാണുള്ളത്. പക്ഷേ ആറുമാസം മുൻപ് ചെയ്യാമായിരുന്നു. തിരഞ്ഞെടുപ്പ് തൊട്ടു മുന്നിൽ വന്നു നിൽക്കുന്ന സമയത്ത് ഇതു ചെയ്യാൻ ആരാണ് ഉപദേശിച്ചത് എന്ന് അറിയില്ല. ഇതു പോലെ ഉള്ള ഒരു വിവാദപരമായ തീരുമാനമെടുക്കാൻ പറ്റിയ സമയം ആയിരുന്നില്ല ഇത്.

∙പിഎസ്‌സിക്കെതിരെ താങ്കൾ ചില കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നല്ലോ? തൊഴിൽ രഹിതരോട് കരുണയില്ലാത്ത സമീപനമാണോ അവരുടേത്? 

ഈ പിഎസ്‌സി ചെയർമാനും അംഗങ്ങളും എങ്ങനെയാണ് ആ പദവിയിൽ വന്നത്? എന്തെങ്കിലും പരീക്ഷയോ അഭിമുഖമോ പാസായിട്ട് ആണോ? ഞങ്ങൾ രാഷ്ട്രീയകക്ഷികളുടെ സൗജന്യത്തിൽ വന്നവരല്ലേ? നോമിനേറ്റഡ് അല്ലേ അവരെല്ലാം. ‘സാർ ഇവിടെ എങ്ങനെയാണ് വന്നത്’ എന്ന് ഒരു ഉദ്യോഗാർഥി തിരിച്ചു ചോദിച്ചാലോ? അവർക്കു ചില അധികാരങ്ങളുണ്ട് എന്നതു ശരിയാണ്. പക്ഷേ അത്ര മാത്രം  ആധികാരികതയുള്ളവരാണോ ഇന്ന് ആ പദവിയിലേക്കു വരുന്നത്? എം.കെ. കുമാരനെയും തിരുവനല്ലൂർ കരുണാകരനെയും പോലുള്ളവർ ഇരുന്ന സ്ഥലമാണ് അത്. അങ്ങനെ ഉള്ളവർ പിഎസ്‌സിയിൽ വന്നപ്പോൾ ആ സ്ഥാപനത്തിനായിരുന്നു അലങ്കാരം. അത്തരക്കാരാണോ ഇപ്പോഴുള്ളത്? ഒഴിവുകൾ  കൃത്യമായി റിപ്പോർട്ട് ചെയ്യുന്നു എന്നത് ഉറപ്പാക്കേണ്ടത്  പിഎസ്‌സിയുടെയും കർത്തവ്യമാണ്. പിഎസ്‌സി തന്നെ ഉടച്ചു വാർക്കണം.. ഈ ഉദ്യോഗാർഥികൾ ഇങ്ങനെ അനാഥരാകാൻ ഒരു കാരണക്കാർ പിഎസ്‌സി കൂടിയാണ്. സാമൂഹിക ഉത്തരവാദിത്തം അവർ നിർവഹിക്കണം.

∙മൂന്നു തവണ മത്സരിച്ചവരെ ഇനി മത്സരരംഗത്തു വേണ്ടെന്നു സിപിഐ തീരുമാനിച്ചു. അതിന്റെ ഭാഗമായി താങ്കളും ഇനി സ്ഥാനാർഥിയാവില്ല. മാറി നിൽക്കുന്നതിൽ പ്രയാസമുണ്ടോ? 

ഇങ്ങനെ ഒരു തീരുമാനം വേണമെന്നാണ് വ്യക്തിപരമായി ഞാൻ താൽപ്പര്യപ്പെട്ടത്. ഒരു തരത്തിൽ പറഞ്ഞാൽ നിയമസഭയിലെ എന്റെ അഞ്ചു കൊല്ലം കൊണ്ടു പ്രയോജനമില്ലാതായി പോയി. കാരണം അവിടെ എനിക്ക് പ്രത്യേകിച്ച് ഒരു റോളുമില്ലായിരുന്നു. അടുത്ത കാലത്തു ജയിച്ചു വന്ന പിള്ളേരുടെ കൂട്ടത്തിൽ അവിടെ ഇരിക്കാം, വോട്ടു ചെയ്യാം, പ്രസംഗം നടത്താം എന്നല്ലേയുള്ളൂ. എംഎൽഎ ആയാൽ പ്രതിപക്ഷത്തു നല്ല റോൾ വഹിക്കാൻ കഴിയണം. അതിന് എനിക്കു സാധിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ ഭാഗമാണെങ്കിൽ മന്ത്രിയാകണം. അപ്പോൾ എന്തെങ്കിലും ജനങ്ങൾക്കു വേണ്ടി ചെയ്യാൻ കഴിയും. ഇതു രണ്ടുമല്ലാതെ എന്നപ്പോലെ മുതിർന്ന ഒരു നേതാവിന് എംഎൽഎ ആയി ഇരുന്നു വലിയ സംഭാവനകളൊന്നും ചെയ്യാനില്ല. അതുകൊണ്ടു നാലു കൊല്ലം കഴിഞ്ഞപ്പോൾ തന്നെ മതിയാക്കണമെന്നു തോന്നി. ഈ നിർദേശം വന്നപ്പോൾ തന്നെ മത്സരിക്കാനില്ല എന്നു പാ‍ർട്ടിക്കുള്ളിൽ  പറഞ്ഞു.സന്തോഷത്തോടെ തീരുമാനം സ്വീകരിച്ചു.

∙പുതുമുഖങ്ങൾക്കൊപ്പം  അനുഭവസമ്പത്തിനും പ്രാധാന്യം കൊടുക്കേണ്ടതല്ലേ? 

ശരിയാണ്. ഞങ്ങളെല്ലാം ആരാധിക്കുന്നത് എം.എൻ. ഗോവിന്ദൻനായരെയും ടി.വി. തോമസിനെയും പോലുള്ള വമ്പന്മാരെ അല്ലേ? എത്രയോ കാലത്തെ അനുഭവ സമ്പത്താണ് അവർക്കുള്ളത്. എത്രയോ തവണ മന്ത്രിയും എംഎൽഎയും എല്ലാം ആയി.

∙അപ്പോൾ മൂന്നു തവണ കഴിഞ്ഞാൽ മാറണം എന്ന നിബന്ധന തുടർന്നാൽ ആ അനുഭവ സമ്പത്തുള്ള നിയമസഭാ കക്ഷി നേതൃത്വം സിപിഐയ്ക്ക് അന്യമാകില്ലേ? 

തീരുമാനങ്ങൾ അങ്ങനെ സുസ്ഥിരമായി പോകാനൊന്നും പറ്റില്ല.രാഷ്ട്രീയ കാലാവസ്ഥയിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാം. ഇപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഈ നിലപാടിൽ എത്തി. സിപിഐ എടുത്ത ആ തീരുമാനം മറ്റുള്ളവർക്കും പിന്തുടരാവുന്നതാണ്. 

C Divakaran
സി.ദിവാകരൻ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ.

∙ മന്ത്രിമാർ നാലു പേരും പുതുമുഖങ്ങൾ മതി എന്നു പാർട്ടി തീരുമാനിച്ചപ്പോൾ  രണ്ടാമതു  മന്ത്രിയാകാനുള്ള അവസരം ഇത്തവണ  ഇല്ലാതായി. ഇപ്പോൾ വീണ്ടും മത്സരിക്കാനുള്ള സാധ്യതയും.പാർട്ടി നിബന്ധനകൾ തുടർച്ചയായി താങ്കൾക്ക് കരിയറിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടോ? 

അതെല്ലാം  പൊതുതീരുമാനമല്ലേ. എന്നെ മാത്രം ബാധിക്കുന്നതല്ല.എന്നെ മാത്രം ബാധിക്കുന്നതാണെങ്കിൽ ഞാൻ വിടുന്ന ജാതിയല്ല. ഒരു നിബന്ധന പാർട്ടി പൊതുവിൽ കൊണ്ടുവരുമ്പോൾ  എനിക്കു ബുദ്ധിമുട്ടാകുമെങ്കിലും അംഗീകരിക്കുകയാണല്ലോ വേണ്ടത്. ഇതിലും വലിയ പരീക്ഷണങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. പാർട്ടിയുടെ തണലിൽ തന്നെ നിൽക്കാനാണ്  അപ്പോഴും ശ്രമിച്ചത്.

∙ കഴിഞ്ഞ തവണ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായ തിരിച്ചടി ആയിരുന്നോ? 

ഞാൻ വീണ്ടും മന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. നെടുമങ്ങാട് ഞാൻ മത്സരിച്ചപ്പോഴുണ്ടായ പ്രചാരണവും അതു തന്നെ ആയിരുന്നു. അതു കുറച്ചു പ്രയാസം ഉണ്ടാക്കി. എല്ലാവരോടും  മറുപടി പറയേണ്ടി വന്നു. എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു എന്നു പാർട്ടിയോടല്ല, വ്യക്തികളോടാണ് ചോദിക്കുന്നത്. പുതിയ ആളുകൾ വരട്ടെ, നല്ല കാര്യമാണ് എന്നു പറഞ്ഞ്  നിസാരവത്കരിക്കുകയാണ് ചെയ്തത്.

∙പിണറായി മന്ത്രിസഭയിൽ സി.ദിവാകരനുണ്ടായിരുന്നുവെങ്കിൽ സിപിഎമ്മിന്റെ ‘വല്യേട്ടൻ കളി’ ഇതുപോലെ നടക്കുമായിരുന്നില്ല എന്നു കരുതുന്നവരുണ്ടല്ലോ? 

ഞാൻ എന്റെ വ്യക്തിത്വം എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വിഎസ് മന്ത്രിസഭയുടെ  കാലത്ത് രണ്ടു രൂപയ്ക്ക് അരി കൊടുത്തതും വെറ്ററിനറി സർവകലാശാല കൊണ്ടുവന്നതുമെല്ലാം പൊരുതി  നേടിയതാണ്. അതു ജന്മസിദ്ധമായ രീതിയാണ്. ആർക്കും അങ്ങനെ കീഴടങ്ങാറില്ല. അങ്ങനെയുള്ളവരൊക്കെ  വേണ്ടതാണ് എന്നത് ആളുകളുടെ  പ്രതീക്ഷയാകാം. അല്ലെങ്കിലും കാര്യങ്ങൾ നടക്കും. എതിർത്തും യോജിച്ചും എല്ലാം പോകാമല്ലോ.

C Divakaran
സി.ദിവാകരൻ

∙ഒരുഘട്ടത്തിൽ സിപിഐയുടെ അടുത്ത സംസ്ഥാന സെക്രട്ടറി എന്ന പരിവേഷത്തിലേക്കു വരെ താങ്കൾ വന്നതാണ്. ദേശീയ നിർവാഹകസമിതിയിലും ഇടംപിടിച്ചു. പെട്ടെന്ന് ആ പ്രാധാന്യം നഷ്ടപ്പെട്ടു. പാർട്ടിക്കത്ത് താങ്കളുടെ ആരോഹണം തടയാൻ  ബോധപൂർവമായ നീക്കങ്ങൾ ഉണ്ടായോ? 

സംഭവങ്ങളുടെ ഒരു ഗതി നോക്കുമ്പോൾ എവിടെയോ, ആരൊക്കെയോ, എന്തൊക്കെയോ രീതിയിൽ എന്റെ യാത്രയെ തടയുന്നു എന്നു തോന്നി. ഇന്നു നടക്കുന്നതിലും വലിയ ജാഥകളെല്ലാം നടത്തിയ ആളാണ് ഞാൻ. പിണറായിയുടെ ജാഥയിൽ ഞാൻ വൈസ് ക്യാപ്റ്റൻ ആയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ ശക്തമായ നിലപാട് എപ്പോഴും എടുത്തിട്ടുണ്ട്. അതെല്ലാം ചിലപ്പോൾ... മനുഷ്യരല്ലേ, കൂടെ നിൽക്കുന്ന ചിലർക്ക് ബുദ്ധിമുട്ടുകൾ‍ ഉണ്ടാക്കിക്കാണും. ഞാൻ ആരുടെയും മുഖം നോക്കി നിലപാട് എടുത്തിട്ടില്ല. എന്റെ വഴിയേ പോകും. അതു കൊണ്ട് എന്റെ യാത്രയിൽ ചില തടസങ്ങൾ ഉണ്ടായി എന്നത് ഒരു രാഷ്ട്രീയ യാഥാർഥ്യമാണ്. അത് എവിടെ നിന്ന്, എങ്ങനെ ആരാണ് എന്നൊന്നും പറയാൻ സമയമായിട്ടില്ല. മത്സരരംഗത്തു നിന്നു മാറിയാലും സംഘടനാരംഗത്ത് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ എനിക്ക് കേരളത്തിൽ ഒരു ഇടമുണ്ട്.

∙ബെന്നറ്റ് ഏബ്രഹാമിനു തിരുവനന്തപുരം സീറ്റ്  നൽകാനുള്ള തീരുമാനം എടുത്തതിലെ പ്രധാന കണ്ണി എന്ന കുറ്റം ചുമത്തിയാണ് സിപിഐയിൽ താങ്കൾക്കെതിരെ നടപടികളുണ്ടായത് ആ പേയ്മെന്റ് സീറ്റ് വിവാദത്തിൽ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നു പറയാമോ? 

ഇനി അതിനു വലിയ പ്രസക്തിയില്ല. അത് അടഞ്ഞ അധ്യായമല്ലേ? അതേ തിരുവനന്തപുരം മണ്ഡലത്തിൽ  ഞാൻ തന്നെ  സ്ഥാനാർഥി ആയല്ലോ. ആരാണോ ആരോപണം ഉന്നയിച്ചത് അവർ തന്നെ എനിക്കായി ജനങ്ങളോടു വോട്ടും തേടി. 

∙സിപിഎമ്മിന്റെ ഒരു ‘ബി’ടീമായി കേരളത്തിൽ സിപിഐ മാറിയെന്നു വിമർശിക്കുന്നവരുണ്ടല്ലോ? 

ഇന്ത്യയുടെ പൊതു രാഷ്ട്രീയ സ്ഥിതി നോക്കിയാൽ സിപിഎം–സിപിഐ ഉരസൽ സാധ്യമല്ല. ‘ബി ടീം’  ആക്ഷേപം ഉണ്ട്. പക്ഷേ അതിന് ഇപ്പോൾ മറുപടി പറയുന്നില്ല. സമയമാകുമ്പോൾ  പറയാം. ഇപ്പോൾ ഒന്നിച്ചു നിൽക്കുന്നതിനാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.

English Summary: Crossfire Exclusive Political interview with CPI leader C.Divakaran on Assembly Elections Kerala 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA