‘കൈ’യിൽനിന്നു പോയ 5 ജില്ലകളിൽ ഇക്കുറി വിജയക്കൊടി നാട്ടണം; ഒരുങ്ങി കോൺഗ്രസ്

SHARE

രണം നേടാൻ അരയുംതലയും മുറുക്കി രംഗത്തിറങ്ങുമ്പോഴും കോൺഗ്രസിനു വെല്ലുവിളിയുയർത്തി നിൽക്കുകയാണ് 5 ജില്ലകൾ. കേരളത്തിൽ തങ്ങളുടെ ഒരു എംഎൽഎ പോലുമില്ലാത്ത 5 ജില്ലകളുണ്ടെന്നതു പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിനു വലിയ ക്ഷീണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു കേളികൊട്ടുയരുമ്പോൾ, ഇവിടങ്ങളിലും ജനപ്രതിനിധികളെ നേടി, നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു പാർട്ടിയുടെ പ്രവർത്തനങ്ങൾ. പരമാവധി പുതുമുഖങ്ങളെ അവതരിപ്പിച്ചും ജനങ്ങളുമായി അടുപ്പമുണ്ടാക്കിയും നേട്ടമുണ്ടാക്കാനാണു ശ്രമം.

2016ലെ തിരഞ്ഞെടുപ്പിൽ കാസർകോട്, കോഴിക്കോട്, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് എംഎൽഎമാരെ ജയിപ്പിക്കാനായില്ല. 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ പരാജയപ്പെട്ടതോടെ ഈ പട്ടികയിലേക്കു പത്തനംതിട്ടയും കൂടി; പതിനാലിൽ അഞ്ചു ജില്ലകളിൽ കോൺഗ്രസിനു നിയമസഭാ പ്രാതിനിധ്യം ഇല്ലെന്ന അവസ്ഥയായി. ഈ സ്ഥിതിവിശേഷം ഹൈക്കമാൻഡും ദേശീയ നേതാക്കളും ഗൗരവത്തോടെയാണു കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 0ൽ 19 സീറ്റും നേടി ദേശീയ തലത്തിൽതന്നെ മികച്ച പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

ഹൈക്കമാൻഡ് നേരിട്ടു നടത്തിയ രഹസ്യ സർവേകളിൽ ഈ ജില്ലകളിലെ തിരിച്ചുവരവിന് വേണ്ടതെന്താണ് എന്നതിനും ഊന്നലുണ്ടായിരുന്നു. ഗ്രൂപ്പ് പരിഗണനകളും സ്ഥിരം മുഖങ്ങളും ഇനിയും തോൽക്കാനേ ഇടയാക്കൂ എന്നാണു പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. യുഡിഎഫിന് ഒരംഗം പോലുമില്ലാത്ത രണ്ടു ജില്ലകളും ഇക്കൂട്ടത്തിലുണ്ട്– കൊല്ലവും പത്തനംതിട്ടയും. അതിനാൽ ഐക്യജനാധിപത്യ മുന്നണിക്കും അഭിമാനപ്പോരാട്ടമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഒടുവിൽ ജയിച്ചത് 2001ൽ ആണ് എന്നതടക്കമുള്ള യാഥാർഥ്യങ്ങൾ ഉൾക്കൊള്ളണമെന്നും നേതൃനിരയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

∙ കാസർകോട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളയാത്രയ്ക്കു തുടക്കമിട്ട ജില്ലയാണെങ്കിലും കാസർകോട്ട് കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ല. ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ മൂന്നിലും ഇടതുപക്ഷമാണ്. യുഡിഎഫിനു രണ്ടു സീറ്റുണ്ട്, മുസ്‍ലിം ലീഗിന്റെ കയ്യിലുള്ള മഞ്ചേശ്വരവും കാസർകോടും. എം.സി.കമറുദ്ദീനും എൻ.എ.നെല്ലിക്കുന്നും യഥാക്രമം ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നു. ഉദുമയിൽ കെ.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരൻ, തൃക്കരിപ്പൂരിൽ എം.രാജഗോപാൽ എന്നിവരാണ് ഇടതു പ്രതിനിധികൾ.

kottayam-ramesh-chennithala
കേരള യാത്രയ്ക്കിടെ രമേശ് ചെന്നിത്തല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാറ്റ് മാറി വീശി. കാസർകോട്ട് 35 വർഷത്തിനുശേഷം രാജ്മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫിനു വിജയം. എൽഡിഎഫ് സ്ഥാനാർഥി കെ.പി.സതീഷ് ചന്ദ്രനെയാണ് ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലപാതകം നടന്ന ലോക്സഭാ മണ്ഡലത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായി ഫലം. പെരിയ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ ഉദുമയിൽ യുഡിഎഫ് മികച്ച ലീഡ് നേടി. സിപിഎം ശക്തികേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു.

∙ കോഴിക്കോട്

നിയമസഭയിലേക്കു കോഴിക്കോട് ജില്ലയിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥി ഒടുവിൽ ജയിച്ചത് 2001ൽ. കോഴിക്കോട് ഒന്നാം മണ്ഡലത്തിൽ എ.സുജനപാലും കൊയിലാണ്ടിയിൽ പി.ശങ്കരനുമാണ് 2001 ൽ ജില്ലയിൽനിന്നു വിജയിച്ചത്. അന്ന് ഇരുവരും മന്ത്രിമാരായെങ്കിലും പിന്നീട് കോഴിക്കോട്ടുനിന്ന് കോൺഗ്രസിന് ഒരു എംഎൽഎ പോലുമുണ്ടായില്ല. 2016 ലെ പോരാട്ടത്തിൽ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ പതിനൊന്നിലും എൽഡിഎഫിനായിരുന്നു ജയം. യുഡിഎഫ് വിജയിച്ച രണ്ടിടത്ത് ലീഗിന്റെ സാരഥികളാണ്.

കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുല്ലയും കോഴിക്കോട് സൗത്തിൽ എം.കെ.മുനീറുമാണു ലീഗിനായി മത്സരിച്ചു ജയിച്ചത്. എൽഡിഎഫിന്റെ കൈവശം വടകര (സി.കെ.നാണു), നാദാപുരം (ഇ.കെ.വിജയൻ), കൊയിലാണ്ടി (കെ.ദാസൻ), പേരാമ്പ്ര (ടി.പി.രാമകൃഷ്ണൻ), ബാലുശേരി (പുരുഷൻ കടലുണ്ടി), എലത്തൂർ (എ.കെ.ശശീന്ദ്രൻ), കോഴിക്കോട് നോർത്ത് (എ.പ്രദീപ് കുമാർ), ബേപ്പൂർ (വി.കെ.സി. മമ്മദ് കോയ), കുന്നമംഗലം (പി.ടി.എ. റഹീം), കൊടുവള്ളി (കാരാട്ട് റസാഖ്), തിരുവമ്പാടി (ജോർജ് എം.തോമസ്) എന്നീ മണ്ഡലങ്ങളാണുള്ളത്.

1200-ramesh-chennithala-pala

കോൺഗ്രസിനായി പറഞ്ഞുകേൾക്കുന്ന സ്ഥാനാർഥികളിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുതൽ കെഎസ്‌യു നേതാക്കൾ വരെയുണ്ട്. 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വടകര മണ്ഡലത്തിൽനിന്നു മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടി നൽകിയ മികച്ച ലീഡ് ചൂണ്ടിക്കാട്ടിയാണ് ചർച്ചകളിൽ അദ്ദേഹത്തിന്റെ പേര് ഉയരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ അക്രമ രാഷ്ട്രീയത്തിനെതിരായ വോട്ടുകളുടെ ഏകീകരണം കോൺഗ്രസ് വിജയത്തിനു മാറ്റുകൂട്ടിയെന്നാണു വിലയിരുത്തൽ.

കെ.മുരളീധരന്റെ സ്ഥാനാർഥിത്വം ഉയർത്തിയ ആവേശവും ആർഎംപിയുടെ പിന്തുണയും അനുകൂലമായി. ആർഎംപി യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള കാരണം ജയരാജന്റെ സ്ഥാനാർഥിത്വമായിരുന്നു. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ ഒപ്പമുണ്ടായിരുന്ന എൽജെഡി മറുപക്ഷത്തായതു വിജയത്തെ ബാധിച്ചില്ല. എൽജെഡിയുടെ ശക്തികേന്ദ്രമായ വടകരയും കൂത്തുപറമ്പും ഉൾപ്പെടെ 6 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നേടി. തലശ്ശേരിയിൽ മാത്രമാണു എൽഡിഎഫിനു മേൽക്കൈ. മുരളീധരൻ കൊയിലാണ്ടിയിൽ നേടിയ 21,045 വോട്ടിന്റെ ഭൂരിപക്ഷവും പ്രതീക്ഷ നൽകുന്നതാണ്.

∙ പത്തനംതിട്ട

ജില്ലയിലെ അഞ്ചിൽ നാലിടത്താണ് 2016ൽ ഇടതുപക്ഷം ജയിച്ചത്. ഒരിടത്ത്, കോന്നിയിൽ, കോൺഗ്രസിന്റെ അടൂർ പ്രകാശിനായിരുന്നു വിജയം. അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി ജയിച്ചതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. സിറ്റിങ് സീറ്റിൽ കോൺഗ്രസ് നിയോഗിച്ച പി.മോഹൻരാജിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ യുവനേതാവ് കെ.യു.ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുത്തു. പത്തനംതിട്ടയിൽനിന്നു കോൺഗ്രസിനും യുഡിഎഫിനും നിയമസഭയിൽ പ്രാതിനിധ്യമില്ലാതായി. മാത്യു ടി.തോമസ് (തിരുവല്ല), രാജു എബ്രഹാം (റാന്നി), വീണാ ജോർജ് (ആറന്മുള), ചിറ്റയം ഗോപകുമാർ (അടൂർ) എന്നിവരാണ് ജില്ലയിലെ ഇടതു പ്രതിനിധികൾ.

യുഡിഎഫിനൊപ്പം നിന്നിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട. പക്ഷേ പതിയെപ്പതിയെ മണ്ഡലങ്ങൾ കൈവിടുന്നതു പാർട്ടിക്കു നോക്കിനിൽക്കേണ്ടി വന്നു. ജില്ലയിലെ കരുത്തു തിരിച്ചുപിടിക്കാന്‍ ഉചിതമായ രാഷ്ട്രീയ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നാണ് ഇവിടെയെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയത്. കോന്നി, ആറന്മുള, അടൂര്‍, റാന്നി മണ്ഡലങ്ങളില്‍ കോൺഗ്രസാകും മത്സരിക്കുക; തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മും. ഇത്തവണ ജോസ് കെ.മാണി വിഭാഗം ഇല്ലാത്തതിനാൽ സീറ്റ് ഏറ്റെടുക്കണമെന്നു കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്. മാറിയ സാഹചര്യത്തിൽ സാമുദായിക സമവാക്യങ്ങൾ അനുകൂലമാകുമെന്നാണു കണക്കുകൂട്ടൽ.

∙ ഇടുക്കി

ഹൈറേഞ്ച് മിടുക്കിയായ ഇടുക്കിയുടെ മനസ്സ് നിറയെ കോൺഗ്രസും യുഡിഎഫും ആണെങ്കിലും വോട്ടുകണക്കിൽ ഇടതോരത്താണു നിൽപ്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നാലും ഇടതുപക്ഷത്തിനൊപ്പം. ദേവികുളത്ത് എസ്.രാജേന്ദ്രൻ, ഉടുമ്പൻചോലയിൽ എം.എം.മണി, പീരുമേട്ടിൽ ഇ.എസ്.ബിജിമോൾ എന്നിവരാണ് 2016 ൽ ഇടതിനുവേണ്ടി വിജയിച്ചത്. കേരള കോൺഗ്രസ് പ്രതിനിധികളായി തൊടുപുഴയിൽ വിജയിച്ച പി.ജെ.ജോസഫും ഇടുക്കിയിൽ ജയിച്ച റോഷി അഗസ്റ്റിനും അന്നു യുഡിഎഫിന്റെ ഭാഗമായിരുന്നു.

എന്നാൽ, റോഷി അഗസ്റ്റിൻ ജോസ് കെ.മാണിക്കൊപ്പം ഇടതുപക്ഷത്തു പോയതോടെ പി.ജെ.ജോസഫ് മാത്രമായി ജില്ലയിലെ യുഡിഎഫിന്‍റെ ഏക നിയമസഭാംഗം. 2006 മുതലാണ് എൽഡിഎഫിനാണു ജില്ലയിൽ മുൻതൂക്കം കിട്ടുന്നത്. അന്ന് അഞ്ചില്‍ നാലുസീറ്റായിരുന്നു നേട്ടം. തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ്-3, യുഡിഎഫ്-2 എന്നായിരുന്നു സ്കോർബോർഡ്. 1991ല്‍ അഞ്ചു സീറ്റും നേടിയ പ്രതാപകാലത്തേക്കു മടങ്ങാനാണു യുഡിഎഫ് ആഗ്രഹിക്കുന്നത്. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ വരവോടെ പ്രകടനം മോശമാകില്ലെന്ന എൽഡിഎഫ് ആത്മവിശ്വാസത്തെ തകർക്കുകയാണു യുഡിഎഫിന്റെ ലക്ഷ്യം.

Oommen Chandy, Mullappally Ramachandran, Ramesh Chennithala
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല

പ്രളയാനന്തര പുനരധിവാസത്തിലെ സർക്കാരിന്റെ വീഴ്ചകളും കർഷക ആത്മഹത്യകളോടുള്ള അവഗണനയും പ്രതിഷേധക്കൊടുങ്കാറ്റായപ്പോൾ ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനു ലോക്സഭയിലേക്കു റെക്കോർഡ് വിജയമായിരുന്നു, സിറ്റിങ് എംപി കൂടിയായ സിപിഎം സ്വതന്ത്രൻ ജോയ്സ് ജോർജിനെ 1,71,053 വോട്ടുകൾക്കാണു ഡീൻ പരാജയപ്പെടുത്തിയത്. 1984ൽ കോൺഗ്രസ് സ്ഥാനാർഥി പി.ജെ.കുര്യന്റെ 1,30,624 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡീൻ മറികടന്നത്. 7 നിയമസഭാ മണ്ഡലങ്ങളിലും ഡീൻ മുന്നിലെത്തി. ഈ കണക്കുകളാണു യുഡിഎഫും കോൺഗ്രസും അണികൾക്കു മുന്നിൽ നിരത്തുന്നത്.

∙ കൊല്ലം

2016 ൽ കോൺഗ്രസിനു മാത്രമല്ല, യുഡിഎഫിനും ഒരു സീറ്റു പോലും ലഭിക്കാത്ത ജില്ലയായിരുന്നു കൊല്ലം. 11 മണ്ഡലങ്ങളും ഇടതുപക്ഷം തൂത്തുവാരി. 2011 ൽ കയ്യിലുണ്ടായിരുന്ന 2 സീറ്റും യുഡിഎഫിനു നഷ്ടപ്പെട്ടു. കരുനാഗപ്പള്ളി- ആർ.രാമചന്ദ്രൻ, കുന്നത്തൂർ- കോവൂർ കുഞ്ഞുമോൻ, കുണ്ടറ- ജെ.മേഴ്സികുട്ടിയമ്മ, കൊല്ലം- എം.മുകേഷ്, കൊട്ടാരക്കര- അയിഷ പോറ്റി, പത്തനാപുരം- കെ.ബി.ഗണേഷ് കുമാർ, പുനലൂർ- കെ.രാജു, ചടയമംഗലം- മുല്ലക്കര രത്നാകരൻ, ഇരവിപുരം- എം.നൗഷാദ്, ചാത്തന്നൂർ– ജി.എസ്.ജയലാൽ എന്നിവരാണു ജില്ലയിലെ നിയമസഭാ അംഗങ്ങൾ. എൻ.വിജയൻപിള്ളയുടെ നിര്യാണത്തെ തുടർന്നു ചവറ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും അനുകൂലമല്ലെങ്കിലും ആഞ്ഞുപിടിച്ചാൽ ചില മണ്ഡലങ്ങൾ വലത്തോട്ടു ചായുമെന്നു കോൺഗ്രസ് കരുതുന്നു. ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് കൊടുക്കേണ്ടി വരും. ആര്‍എസ്പിയും കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ട്. കൊല്ലത്തു മത്സരിക്കാൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ താൽപര്യപ്പെടുന്നു. അഡ്വ. ബേബിസണിന്റെ പേരാണു പക്ഷേ ഹൈക്കമാൻഡിന്റെ രഹസ്യ ഏജൻസികളുടെ ലിസ്റ്റിലുള്ളതെന്നാണു സൂചന.

മറ്റു മണ്ഡലങ്ങളിലേക്കു തൊടിയൂർ രാമചന്ദ്രൻ, പി.സി.വിഷ്ണുനാഥ്, ആർ.ചന്ദ്രശേഖരൻ, ജ്യോതികുമാർ ചാമക്കാല, സി.ചന്ദ്രബോസ്, കല്ലട രമേശ്, നെടുങ്ങോലം രഘു തുടങ്ങിയ പേരുകളും കേൾക്കുന്നു. ആർഎസ‌്പിയുടെ എൻ.കെ.പ്രേമചന്ദ്രൻ 1,49,772 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൊല്ലം പാർലമെന്റ‌് മണ്ഡലം നിലനിർത്തിയത് യുഡിഎഫിന് ആശ്വാസമാണ്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയിരുന്നു.

കശുവണ്ടി തലസ്ഥാനമാണു കൊല്ലം. മുൻ സർക്കാരിന്റെയത്ര പോലും തൊഴിൽ കശുവണ്ടി തൊഴിലാളികൾക്കു നൽകാൻ പിണറായി വിജയൻ സർക്കാരിനായില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ പൊതുവെയും, സാന്നിധ്യമില്ലാത്ത ഈ 5 ജില്ലകളിലും അനുകൂലക്കാറ്റ് ഉറപ്പായും വീശുമെന്നാണു കോൺഗ്രസ് കരുതുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ള എഐസിസി നേതൃത്വം നേരിട്ടിടപെടുന്നതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടിയെ തൃപ്തിപ്പെടുത്തില്ലെന്നു സംസ്ഥാന നേതൃത്വവും മനസ്സിലാക്കുന്നു.

*പത്തനംതിട്ടയിൽ കോൺഗ്രസ് പോസ്റ്ററുകൾ പതിച്ച ഓട്ടോറിക്ഷയിൽ പോകുന്ന പ്രവർത്തകൻ. ഫയൽചിത്രം: ARUN SANKAR / AFP

English Summary: Congress and UDF face tight fight in 5 districts, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.