കുറഞ്ഞ വിലയ്ക്ക് സ്റ്റുഡന്റ് ലാപ്‌ടോപ്: ഇനിയും അവസരം, എങ്ങനെ വാങ്ങാം?

student-laptop-kerala
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീയിൽ ഇതുവരെ 1.23 ലക്ഷം പേർ ഭാഗമായെങ്കിലും ഇനിയും റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്കു മാത്രമേ ഈ പദ്ധതിയിൽ ചേരാൻ കഴിയൂ. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് മൂന്നു മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. ഈ പദ്ധതിയിൽ ചേരുന്ന രീതിയും വ്യവസ്ഥകളും ഇങ്ങനെയാണ്

ആർക്കൊക്കെ?

സിഡിഎസിൽ അഫിലിയേറ്റ് ചെയ്ത് ആറു മാസം പൂർത്തിയാക്കിയ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമായിരിക്കും പദ്ധതിയിൽ ചേരാൻ സാധിക്കുക. വായ്പാ കുടിശിക ഉണ്ടാകരുത്. 

ചിട്ടിയെങ്ങനെ?

പ്രതിമാസം 500 രൂപ വീതം 30 തവണ കൊണ്ട് അവസാനിക്കുന്ന 15,000 രൂപ അടങ്കൽ തുകയുള്ള പദ്ധതിയാണിത്. ഒരു അയൽക്കൂട്ട അംഗത്തിന് ഒരു വിദ്യാശ്രീ അപേക്ഷ മാത്രമേ നൽകാൻ കഴിയൂ. തവണ സംഖ്യകൾ മുടക്കം കൂടാതെ അടയ്ക്കുന്ന അംഗങ്ങൾക്ക് ഇളവ് ലഭിക്കും. ഒന്നു മുതൽ 9 വരെയുള്ള തവണസംഖ്യ മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് പത്താമത്തെ തവണ സംഖ്യയും ഒന്നു മുതൽ 19 വരെയുള്ള തവണസംഖ്യ മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കും. പുതിയതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ തവണ സംഖ്യയായി 500 രൂപ വരവ് വച്ച് കൊടുക്കും.

പദ്ധതിയിൽ ചേരുന്ന അയൽക്കൂട്ടങ്ങൾക്ക് ചിട്ടി അടവിന്റെ രണ്ടു ശതമാനം കമ്മിഷനായി നൽകും. ലാപ്ടോപ്പിനുള്ള  വാങ്ങുന്നതിന് മുൻകൂർ പണം അനുവദിക്കാനുള്ള വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാലു ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. മുടക്കം വരുത്തുന്ന തിരിച്ചടവ് തുകയ്ക്ക് മേൽ 12 ശതമാനം പിഴപലിശ കെഎസ്എഫ്ഇ ഈടാക്കും.

30 മാസം കൊണ്ട് 15,000 രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 750 കമ്മിഷൻ കഴിച്ച് 14,250 രൂപയാണ് അംഗങ്ങൾക്ക് ലഭിക്കുക. തിരഞ്ഞെടുക്കുന്ന ലാപ്ടോപ്പിന് അധിക തുകയാകുമെങ്കിൽ അത് ഗുണഭോക്താവ് അടയ്ക്കണം. അധിക തുക പല തവണകളായിട്ടു വേണോ എന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല. പട്ടികജാതി–പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ ലഭിക്കും. അർഹരായവർക്ക് പിന്നാക്ക–മുന്നാക്ക കോർപറേഷനുകൾക്ക് അവരുടെ ഫണ്ടിൽ നിന്ന് സബ്സിഡി നൽകും. 

ലാപ്ടോപ് ആവശ്യമില്ലാത്തവർക്ക്

ലാപ്ടോപ് ആവശ്യമില്ലാത്തവർക്കു വിദ്യാശ്രീ ചിട്ടിയുടെ ഭാഗമാകാം. 13–ാം തവണ മുതൽ ആവശ്യാനുസരണം ചിട്ടിത്തുക ലഭ്യമാക്കാം. ഈ തുകയ്ക്ക് ചിട്ടിത്തുകയുടെ മേൽ കാലാകാലങ്ങളിൽ നൽകിവരുന്ന നിക്ഷേപ പലിശ ലഭിക്കും. നിലവിലിത് 7.5 ശതമാനമാണ്. 

laptop

ലാപ്ടോപ് മോഡലുകൾ ഇവ

പൊതുവായ ഫീച്ചറുകൾ: റാം: 4 ജിബി ഡിഡിആർ4എസ്ഡി, സ്റ്റോറേജ്: 128 ജിബി എസ്എസ്ഡി, സ്ക്രീൻ റെസല്യൂഷൻ: 1366x768, യുഎസ്ബി 2.0 (1), യുഎസ്ബി 3.0 (1), വെബ്ക്യാം, മൈക്രോഎസ്ഡി കാർഡ് റീഡർ, എച്ച്ഡിഎംഐ പോർട്ട്, 3 വർഷം വാറന്റി. ഓപ്പറേറ്റിങ് സിസ്റ്റം: ലിനക്സ് 18.04 (കൈറ്റ് ഗ്നു/ലിനക്സ് ലൈറ്റ്)

∙ കൊക്കോണിക്സ് CNBIC-EAN1 (14,990 രൂപ)– ഇന്റൽ സെലറോൺ (ആർ) എൻ4000 പ്രോസസർ, ക്ലോക് സ്പീഡ്: 1.10 GHz, 11.6 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ

∙ ഏയ്സർ ട്രാവൽമേറ്റ് B311–31 (17,883 രൂപ)– ഇന്റൽ സെലറോൺ (ആർ) എൻ4020 പ്രോസസർ, ക്ലോക് സ്പീഡ്: 1.10 GHz, 11.6 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

∙ എച്ച്പി 245 G8 (17,990 രൂപ)– എഎംഡി 302ഇ വിത്ത് Radeon graphics CPU, ക്ലോക് സ്പീഡ്: 1.2 GHz, 14 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

∙ ലെനോവോ ഇ41–55 (18,000 രൂപ)– എഎംഡി അത്‍ലോൺ (Athlon) 3045ബി വിത്ത് Radeon graphics CPU, ക്ലോക് സ്പീഡ്: 2.3 GHz, 14 ഇഞ്ച് ആന്റിഗ്ലെയർ ഡിസ്പ്ലേ.

അപേക്ഷിക്കേണ്ടത്

നിങ്ങൾ ഭാഗമായ അയൽക്കൂട്ടം വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓരോ അയൽക്കൂട്ടവും അപേക്ഷകൾ ശേഖരിച്ച് സംസ്ഥാന മിഷനിലേക്ക് സമർപ്പിക്കും. ഓരോ തദ്ദേശസ്ഥാപനത്തെയും പ്രതിനിധീകരിച്ച് ഒരു കെഎസ്എഫ്ഇ ശാഖയെ നിശ്ചയിച്ചിട്ടുണ്ട്. അതത് ശാഖകളിൽ നിന്ന് അപേക്ഷാഫോമുകൾ വാങ്ങാം. അല്ലെങ്കിൽ കുടുംബശ്രീ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പും സഹിതം അയൽക്കൂട്ട ഭാരവാഹിയെ ഏൽപ്പിക്കുക. കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാൻ താൽപര്യമുള്ള അംഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള അയൽക്കൂട്ടത്തിന്റെ പേരിൽ 100 രൂപ മിനിമം ബാലൻസുള്ള ഒരു സുഗമ സേവിങ്സ് അക്കൗണ്ട് തുടങ്ങുകയും അംഗങ്ങളുടെ തുക അതിൽ അടയ്ക്കുകയും വേണം. ഓരോ അയൽക്കൂട്ടവും എല്ലാ മാസവും നിശ്ചിത തീയതിക്കു മുൻപായി അംഗങ്ങളിൽ നിന്ന് തവണ ശേഖരിച്ച് സുഗമ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഈ അക്കൗണ്ടിൽ നിന്ന് കെഎസ്എഫ്ഇ പണം പിൻവലിക്കും.

ലാപ്ടോപ് തിരഞ്ഞെടുക്കൽ

ചിട്ടിയിൽ ചേർന്ന് 3 തവണ പണം അടച്ച ശേഷം അയൽക്കൂട്ടം വഴി തന്നെ നാലു മോഡലിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അയൽക്കൂട്ടം പ്രവർത്തകർ അത് vidyashree.kerala.gov.in എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾക്ക് പർച്ചേസ് ഓർഡർ ലഭ്യമാക്കും. വിവരങ്ങൾക്ക്: www.kudumbashree.org/pages/871

English Summary: All about KSFE Kudumbashree Vidyashree Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA