ഇഎംസിസി കരാർ ഒപ്പിട്ടത് മത്സ്യബന്ധന നയത്തിലെ പഴുതുകൾ മുതലെടുത്ത്

pinarayi-vijayan-01
മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ യുഎസ് കമ്പനി ഇഎംസിസി സർക്കാരുമായി ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ധാരണാപത്രം ഒപ്പിട്ടത് മത്സ്യബന്ധന നയത്തിലെ പഴുതുകൾ മുതലെടുത്താണെന്നു വ്യക്തമാകുന്നു. 2019ൽ ഇടതുസർക്കാർ പുറത്തിറക്കിയ മത്സ്യബന്ധന നയത്തിൽ കോർപറേറ്റുകളുടെ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നയത്തിലെ തന്നെ മറ്റു ചില പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇഎംസിസി പദ്ധതിയുടെ അനുമതിക്കായി സമ്മർദ്ദം ചെലുത്തിയതും ധാരണാപത്രം ഉൾപ്പെടെയുള്ള കടമ്പകൾ കടന്നതും.

വിദേശ ട്രോളറുകൾക്കോ തദ്ദേശ കോർപറേറ്റുകളുടെ യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താതിരിക്കാനുള്ള അനുമതി നൽകാതിരിക്കാനും ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ അവരെ പ്രവേശിപ്പിക്കാതിരിക്കാനും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് നയത്തിന്റെ 2–ാം അധ്യായത്തിലെ 2–ാം ഖണ്ഡികയിൽ പറയുന്നു.

മത്സ്യബന്ധനയാനങ്ങളുടെ പരമാവധി എണ്ണം നിയന്ത്രിക്കുമെന്നും തീരക്കടലിൽ യന്ത്രവൽകൃത യാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും തുടർന്നുള്ള ഭാഗങ്ങളിലുണ്ട്. പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മാത്രമേ നൽകൂ എന്നും യാനങ്ങൾ എണ്ണത്തിൽ കൂടുതലാണെങ്കിൽ പുനർവിന്യസിക്കുകയോ പിൻവലിക്കുകയോ ചെയ്യുമെന്നും നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഇതേ അധ്യായത്തിൽ 2(9) ഖണ്ഡികയിൽ പറയുന്നത് ഇങ്ങനെ– അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കോണ്ടിനെന്റൽ ഷെൽഫ് ഏരിയയിൽ നിലവിലെ മത്സ്യബന്ധന സമ്മർദം കോണ്ടിനെന്റൽ സ്ലോപ് ഏരിയയിലേക്കു മാറ്റാൻ പുറംകടലിൽ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോൽസാഹനം നൽകും. തീരക്കടലിന്റെ വ്യാപ്തിയും ആഴവുമായി ബന്ധപ്പെട്ട ഈ സാങ്കേതിക അവ്യക്തത മുതലെടുത്താണ് പദ്ധതിക്ക് അനുമതി നൽകണമെന്ന് ഇഎംസിസി സർക്കാരിനോട് ആവശ്യപ്പെട്ടതും ധാരണാപത്രങ്ങൾ ഒപ്പിട്ടതും. ഇക്കാര്യം ബോധ്യപ്പെടുത്തി മറ്റു വകുപ്പുകളെ പദ്ധതിയിൽ നിന്നു പിന്തിരിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ശ്രമിച്ചതുമില്ല.

കെഎസ്ഐഎൻസി കണക്കിലെടുത്തത് മുൻ കരാർ

മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻലാൻഡ് നാവിഗേഷനുമായുള്ള ധാരണാപത്രം ട്രോളറുകളുടെ നിർമാണവുമായി മാത്രം ബന്ധപ്പെട്ടതാണ്. ഏകദേശം 2 കോടി രൂപയാണ് ട്രോളറിന്റെ നിർമാണച്ചെലവ്. കരാറിൽ നിന്നുള്ള വരുമാനവും തൊഴിലവസരവുമാണ് കോർപറേഷൻ പരിഗണിച്ചത്. കെഎസ്ഐഡിസിയുമായി 2020 ഫെബ്രുവരി 28ന് ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളർ നിർമാണത്തിനുള്ള കരാർ കെഎസ്ഐഎൻസി ഏറ്റെടുത്തത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ രേഖകളും ഫിഷറീസ് വകുപ്പിനു സമർപ്പിച്ച പദ്ധതിയുടെ രൂപരേഖയും അതിന്മേൽ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രസർക്കാരിനു കത്തെഴുതിയതുൾപ്പെടെയുള്ള രേഖകളും ഇഎംസിസി കെഎസ്ഐഎൻസിക്കു സമർപ്പിച്ചിരുന്നു.

Content Highlights: EMCC, Fisheries Policy, Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA