കൊച്ചി ∙ വിവാദമായ ഇഎംസിസി – ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ധാരണാപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പൊട്ടിത്തറിച്ച് ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസ്. മന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നു. ഇനിയെങ്ങനെയാണ് തുറന്നു പറയാതിരിക്കുക? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യംപോലും നിഷേധിക്കുകയാണ്– ഷിജു തുറന്നടിച്ചു.
അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ. നടക്കില്ലെങ്കില്‍ മുൻപേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയത്? നയമില്ലെങ്കില്‍ എന്തിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയത്. ആഴക്കടലിലുള്ള മത്സ്യം മുഴുവന്‍ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇഎംസിസി.
കേരളത്തില്‍ ഈ പദ്ധതി എത്തിക്കാന്‍ രണ്ടുവര്‍ഷം പ്രയത്നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാല്‍ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാമായിരുന്നു എന്നും ഷിജു വര്‍ഗീസ് പറഞ്ഞു. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് ധാരണാപത്രം റദ്ദാക്കിയത്. ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. 400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായിരുന്നു ധാരണാപത്രം.
English Summary: EMCC president Shiju Varghese against J Mercykutty Amma