2016ല്‍ ബിജെപി ഏഴിടത്ത് രണ്ടാമത്; ഇക്കുറി എത്തുമോ ഒന്നാമത്? കനക്കും പോരാട്ടം

modi-surendran-amit-shah
നരേന്ദ്ര മോദി, കെ. സുരേന്ദ്രന്‍, അമിത് ഷാ
SHARE

കോട്ടയം∙ മോദി തരംഗത്തിന്റെ മാത്രം പിന്‍ബലത്തില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളില്‍ ഇക്കുറി ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമോ എന്നതാണ് ബിജെപി സംസ്ഥാനഘടകത്തിനു മുന്നില്‍ കേന്ദ്രനേതൃത്വം വച്ചിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ശബരിമല വിഷയം, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയാകുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍, സിറ്റിങ് സീറ്റായ നേമം ഉള്‍പ്പെടെ എട്ടു മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്ന കടമ്പയാണ് ബിജെപിക്കുള്ളത്. 2016-ല്‍ നേമത്ത് ഒ. രാജഗോപാലിലൂടെയാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ കേരളത്തിലെത്തി പങ്കെടുത്ത നേതൃതല ചര്‍ച്ചയിലും ഈ ഏഴ് മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിരുന്നു.

2016 ല്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവച്ച എന്‍ഡിഎ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. 2016 ല്‍ മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരം. കപ്പിനും ചുണ്ടിനും ഇടയില്‍ വെറും 89 വോട്ടുകള്‍ക്കാണ് ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്. തുടര്‍ന്ന് നിയമപോരാട്ടത്തിനിറങ്ങിയെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് ലീഗിലെ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ട് ലഭിച്ചു. കെ. സുരേന്ദ്രന്‍ 56,781 വോട്ട് നേടിയപ്പോള്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു 42,565 വോട്ടാണു നേടിയത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ സി.കൃഷ്ണകുമാറും കാസര്‍കോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി. ചെങ്ങന്നൂരില്‍ അട്ടിമറി പ്രതീക്ഷ നല്‍കിയിരുന്ന അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള 42,628 വോട്ടുകളാണ് കരസ്ഥമാക്കിയത്. ചെങ്ങന്നൂരില്‍ 2011ലെ തിരഞ്ഞെടുപ്പില്‍ 65,156 വോട്ടുകള്‍ നേടിയ കോൺഗ്രസിന്റെ പി. സി. വിഷ്ണുനാഥിന് 2016 ല്‍ 44,897 വോട്ടുകളാണ് ലഭിച്ചത്.

1200-flag-bjp

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് 43,700 വോട്ടും വിജയിച്ച കെ. മുരളീധരന് 51,322 വോട്ടുകളുമാണ് ലഭിച്ചത്. മുരളീധരന് 2011 ലെ തെരഞ്ഞെടുപ്പില്‍ 16,167 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചെങ്കില്‍ 2016 ല്‍ അത് 7622 വോട്ടായി ചുരുങ്ങിയിരുന്നു. കഴക്കൂട്ടത്ത് സിപിഎം സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ 50,079 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ വി. മുരളീധരന് 42,732 വോട്ട് ലഭിച്ചു. കോൺഗ്രസിന്റെ എം.എ.വാഹിദ് 38,602 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

മലമ്പുഴയില്‍ വി. എസ്. അച്യുതാനന്ദനെ നേരിട്ട ബിജെപിയുടെ കൃഷ്ണകുമാര്‍ 46,157 വോട്ട് നേടിയാണ് രണ്ടാമതെത്തിയത്. 35,333 വോട്ട് നേടിയ കോണ്‍ഗ്രസിന്റെ വി.എസ്. ജോയി ഏറെ പിന്നിലായി. 2011 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ലതികാ സുഭാഷ് 54,095 വോട്ടുകൾ മലമ്പുഴയില്‍ നേടിയിരുന്ന സ്ഥാനത്തായിരുന്നു ഇത്.

ഇത്തവണ ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് 40,076 വോട്ടുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. വിജയിച്ച കോണ്‍ഗ്രസിലെ ഷാഫി പറമ്പലിന് 57,559 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിലെ എന്‍.എന്‍. കൃഷ്ണ ദാസിന് 38,675 വോട്ടു ലഭിച്ചു. കാസര്‍കോട്ട് ബിജെപിയുടെ രവീശ തന്ത്രി 56,120 വോട്ട് നേടിയാണു രണ്ടാമതെത്തിയത്. ലീഗിലെ എന്‍എ നെല്ലിക്കുന്നിന് 64,727 വോട്ട് ലഭിച്ചു. എല്‍ഡിഎഫിലെ എഎ അമീന് 21,615 വോട്ടാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. കൊല്ലം ചാത്തന്നൂരില്‍ ബിജെപിയിലെ ബിബി ഗോപകുമാര്‍ 33199 വോട്ട് നേടി രണ്ടാമതെത്തി.

2016 ലെ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ നാല്‍പതിനായിരത്തിലേറെ വോട്ടും 27 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലധികം വോട്ടും ബിജെപി സ്വന്തമാക്കി. നേമത്ത് ഒ രാജഗോപാലാണ് ഏറ്റവും കൂടുതല്‍ വോട്ടു നേടിയത്– 67,813. മഞ്ചേശ്വരം (കെ. സുരേന്ദ്രന്‍-56,781), കാസര്‍കോട് (രവീശ തന്ത്രി-56,120), മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍ (46,157), വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ (43,700), കഴക്കൂട്ടത്ത് വി.മുരളീധരന്‍ (42,732), ചെങ്ങന്നൂരില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള (42,489), പാലക്കാട്ട് ശോഭ സുരേന്ദ്രന്‍ (40,076) എന്നിങ്ങനെയായിരുന്നു വോട്ട്‌നില. തിരുവനന്തപുരം സെന്‍ട്രലില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് മൂന്നാമതായെങ്കിലും രണ്ടാമതെത്തിയ ആന്റണി രാജുവുമായി വളരെക്കുറച്ച് വോട്ടുകളുടെ വ്യത്യാസമേയുള്ളു. ഇവിടെ ആന്റണി രാജുവിന് 35,569 വോട്ടും ശ്രീശാന്തിന് 34,764 വോട്ടും ലഭിച്ചു. ജയിച്ച ശിവകുമാറിന് 46,474 വോട്ടുകളാണ് ലഭിച്ചത്.

English Summary: 2016 Kerala Assembly election BJP attained second position in 7 seat, what now.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA