തിരഞ്ഞെടുപ്പ് ഹൽവ ഇക്കുറിയും ചുവപ്പോ? കോഴിക്കോട് ജില്ലയിൽ അങ്കത്തട്ട് ഒരുങ്ങുന്നു

SHARE

എന്തിനെയും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നവരുടെ നാടാണ് കോഴിക്കോട്. സാഹിത്യ, സാംസ്കാരിക വിഷയങ്ങളിലും രാഷ്ട്രീയത്തിലും ഇത് തെളിഞ്ഞുകാണാം. സംസ്ഥാന രാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും ജില്ല സാക്ഷിയായിട്ടുണ്ട്. ഇന്നും അതു തുടരുന്നു. ആ നാടിനെ പ്രതിനിധീകരിച്ച് ആരെല്ലാം സഭകളിൽ എത്തണമെന്നു തീരുമാനിക്കുന്നതിൽ കോഴിക്കോട്ടുകാരുടെ മനസ്സ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരമാണെന്ന് പറയാം. കഴിഞ്ഞ മൂന്നു തവണത്തെ ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ വ്യക്തമാക്കുന്നതും അതുതന്നെ. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു ചായ്‍വ് കാണിക്കുന്ന ജില്ല, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വലതുചേർന്നാണ് നടന്നത്. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൊത്തമുണ്ടായ ഇടതു ചായ്‍വ് കോഴിക്കോടും നിലനിർത്തി.

മേൽപറഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോടിന്റെ ഖൽബ് ആർക്കൊപ്പം നിൽക്കുമെന്ന് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്. സ്വർണക്കടത്ത് കേസും തദ്ദേശ തിരഞ്ഞെടുപ്പിലെ ചില നീക്കങ്ങളും നീക്കുപോക്കുമെല്ലാം ഉൾപ്പെട്ട കൊടുവള്ളി മണ്ഡലം ചർച്ചാ വിഷയമായിരുന്നു. വടകരയിലെ ആർഎംപിഐയുടെ നീക്കങ്ങളും മന്ത്രി ശശീന്ദ്രന് എതിരെ ഉയർന്ന ആരോപണങ്ങളും രാഷ്ട്രീയ ചിത്രത്തിൽ കോഴിക്കോടിനെ സംസ്ഥാന ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. സംസ്ഥാനത്തിന് ആകെ മാതൃകയാകുന്ന വിദ്യാഭ്യാസ രംഗത്തെ പല പരിഷ്കാരങ്ങള്‍ക്കും ജില്ല വഴികാട്ടിയായി.

13 ൽ പതിനൊന്നും നേടിയ ഇടത്

ചുവന്നു തുടുത്ത നല്ല കോഴിക്കോടൻ ഹൽവ പോലെയാണ് നിയമസഭ രാഷ്ട്രീയത്തിൽ ഈ നാട്. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, ബാലുശേരി എന്നിങ്ങനെ 13 നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 11 മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിന്നു; കുറ്റ്യാടിയും കോഴിക്കോട് സൗത്തും യുഡിഎഫിനൊപ്പവും.

കഴിഞ്ഞ മൂന്നു തിര‍ഞ്ഞെടുപ്പിലും ജില്ലയിൽനിന്ന് ഒരു കോൺഗ്രസ് പ്രതിനിധി പോലും നിയമസഭ കണ്ടിട്ടില്ല. കുറ്റ്യാടിയിൽ മുസ്‌ലിം ലീഗിന്റെ പാറക്കൽ അബ്ദുല്ലയും കോഴിക്കോട് സൗത്തിൽ എം.കെ.മുനീറുമാണ് ജനപ്രതിനിധികൾ. 2011 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 10 സീറ്റായിരുന്നു ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്; യുഡിഎഫിന് മൂന്നും. 2016 ൽ ഒരു സീറ്റുകൂടി അധികം നേടി ഇടതുപക്ഷം കരുത്തു കാണിച്ചു.

പിണറായി വിജയൻ സർക്കാരിലെ രണ്ടു മന്ത്രിമാരും കോഴിക്കോട് ജില്ലയിൽനിന്നാണ്. എ.കെ.ശശീന്ദ്രൻ (എൻസിപി), ടി.പി.രാമകൃഷ്ണൻ (സിപിഎം) എന്നിവർ. കുന്നമംഗലം മണ്ഡലത്തിൽ ജയിച്ച പി.ടി.എ. റഹീമും കൊടുവള്ളിയിൽ അപ്രതീക്ഷിതമായി ജയിച്ചു കയറിയ കാരാട്ട് റസാഖും സിപിഎം സ്വതന്ത്രരായിരുന്നു. ജില്ലയിലെ ഇടതുപക്ഷത്തിന്റെ കുതിപ്പിനു വേഗം നൽകിയ രണ്ടു ജയങ്ങളായിരുന്നു ഇത്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വടകരയിൽ ജനതാദൾ എസ്സിന്റെ സി.കെ. നാണുവാണ് എംഎൽഎ. നാദാപുരത്ത് ഇ.കെ. വിജയൻ, കൊയിലാണ്ടി: കെ. ദാസൻ, തിരുവമ്പാടി: ജോർജ് എം തോമസ്, ബേപ്പൂർ: വി.കെ.സി. മമ്മദ് കോയ, കോഴിക്കോട് നോർത്ത്: എ. പ്രദീപ് കുമാർ, ബാലുശേരി: പുരുഷൻ കടലുണ്ടി എന്നിവരാണ് സിപിഎം എംഎൽഎമാർ.

ലോക്സഭയിൽ ജയിച്ചു കയറി യുഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോടിന്റെ മനസ്സ് കഴിഞ്ഞ മൂന്നു വട്ടവും വലത്തോട്ടാണ്. 2009 ൽ കണ്ണൂരിൽനിന്നു കോഴിക്കോട്ടു വന്ന് മൽസരിച്ചു ജയിച്ച എം.കെ. രാഘവൻ 2014 ലും 19 ലും വിജയം ആവർത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോഴിക്കോട്ടുകാർ കാണിക്കുന്ന ഇടതു സ്നേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണുന്നില്ല എന്നതാണ് യാഥാർഥ്യം. 2019 ലെ തിരഞ്ഞെടുപ്പിൽ ജനകീയനും വികസന നായകനെന്ന പ്രതിച്ഛായയുമുള്ള എംഎൽഎ എ. പ്രദീപ് കുമാറിനെ രംഗത്തിറക്കിയെങ്കിലും കോഴിക്കോട്ടുകാർ എം.കെ. രാഘവനെത്തന്നെയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്.

India Elections

ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസനനേട്ടങ്ങളും ജനകീയ എംപിയെന്ന പ്രതിച്ഛായയും എം.കെ.രാഘവനു തുണയായി. എ. പ്രദീപ്കുമാർ പ്രതിനിധീകരിക്കുന്ന കോഴിക്കോട് നോർത്ത് ഉൾപ്പെടെ 7 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയാണ് രാഘവൻ ജയിച്ചത്. ഇതിനു മുൻപ് വിജയരാഘവനെയും പി.എ. മുഹമ്മദ് റിയാസിനെയും കളത്തിലിറക്കി കോഴിക്കോട് പിടിക്കാൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഒപ്പം നിന്ന് വടകരയും

പൂർണമായും കോഴിക്കോടു ജില്ലയോട് ചേർന്നു കിടക്കുന്നതല്ലെങ്കിലും കോഴിക്കോടിനോടൊപ്പം ചേർത്തുവയ്ക്കാവുന്ന ലോക്സഭാ മണ്ഡലമാണ് വടകര. കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട്ടെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് വടകര പാർലമെന്റ് മണ്ഡലം. കഴിഞ്ഞ മൂന്നു തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും വടകരക്കാർ യുഡിഎഫിനൊപ്പമായിരുന്നു. 2004 ൽ പി. സതീദേവിയാണ് അവസാനമായി ഇവിടെനിന്നു ജയിച്ച എൽഡിഎഫ് സ്ഥാനാർഥി.

മുപ്പതു വർഷം ഇടതു മുന്നണി കൈയടക്കിയ മണ്ഡലം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥിയായി വടകരയിൽ എത്തിയത്. എൽഡിഎഫിനെ തറ പറ്റിച്ച മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായും എംപിയായും പ്രവർത്തിച്ചു. 2014 ൽ വീണ്ടും വടകര ചോമ്പാല സ്വദേശിയായ മുല്ലപ്പള്ളി തന്നെ രംഗത്തു വന്നു. അന്ന് എ.എൻ. ഷംസീർ ആയിരുന്നു ഇടതുപക്ഷ സ്ഥാനാർഥി. എന്നാൽ, ഷംസീറിനും മുല്ലപ്പള്ളിയെ പിടിച്ചുകെട്ടാൻ സാധിച്ചില്ല.

2019 ൽ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ. മുരളീധരൻ അപ്രതീക്ഷിതമായി വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി. സിപിഎമ്മിന്റെ ശക്തനായ നേതാവ് പി. ജയരാജൻ ആയിരുന്നു എതിരാളി. പക്ഷേ, കേരളത്തിലുണ്ടായ യുഡിഎഫ് തരംഗത്തിൽ ജയരാജനും ജയിക്കാനായില്ല. എൺപതിനായിരത്തിലധികം വോട്ടിനാണ് മുരളീധരൻ ജയിച്ചുകയറിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം യുഡിഎഫിനു വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചില്ല. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒപ്പം നിൽക്കുമെന്നാണ് യുഡിഎഫ് ക്യാംപുകളിലെ വിശ്വാസം.

തദ്ദേശപ്പോരിലും ചുവന്നുതന്നെ; പക്ഷേ, ചാഞ്ചാട്ടം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നടന്ന തദ്ദേശപോരാട്ടത്തിലും കോഴിക്കോട് ജില്ല ഇടതു സ്നേഹം പ്രകടിപ്പിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വോട്ടു കണക്ക് അനുസരിച്ച് കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 10 എണ്ണവും എൽഡിഎഫിനൊപ്പമായിരുന്നു; മൂന്നെണ്ണം യുഡിഎഫിനും. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് കാര്യമായ മുന്നേറ്റം എവിടെയും കാഴ്ചവയ്ക്കാൻ സാധിച്ചില്ല.

1200-pinarayi-vijayan-ramesh-chennithala-k-surendran
പിണറായി വിജയൻ, രമേശ് ചെന്നിത്തല, കെ.സുരേന്ദ്രൻ

5246 വോട്ടിന്റെ ഭൂരിപക്ഷവുമായി തിരുവമ്പാടിയും 7931 വോട്ടിന്റെ ഭൂരിപക്ഷവുമായി കൊടുവള്ളിയും 2074 വോട്ടിന്റെ ഭൂരിപക്ഷവുമായി വടകരയുമാണ് യുഡിഎഫിനൊപ്പം നിൽക്കുന്നതെന്ന് പറയാം. തദ്ദേശതിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയ മണ്ഡലങ്ങൾ ഇവയാണ്: നാദാപുരം (1487 ഭൂരിപക്ഷം), കുറ്റ്യാടി (2437), ബാലുശേരി (3801), പേരാമ്പ്ര (10072), കൊയിലാണ്ടി (3071), എലത്തൂർ (10666), കോഴിക്കോട് നോർത്ത് (13361), കോഴിക്കോട് സൗത്ത് (9370), കുന്നമംഗലം (5107), ബേപ്പൂർ (15087).

കണക്കുകൾ ഇങ്ങനെയാണെങ്കിലും നിലവിലെ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് സൗത്തും കുറ്റ്യാടിയും എൽഡിഎഫിലേക്ക് മാറി. എൽഡിഎഫ് വിജയിച്ചിരുന്ന വടകര, കൊടുവള്ളി, തിരുവമ്പാടി സീറ്റുകൾ യുഡിഎഫിലേക്ക് ചായുകയും ചെയ്യുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്. പ്രാദേശിക വിഷയങ്ങള്‍ ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണ് നടന്നതെന്നു പറയുമ്പോഴും അഞ്ചു മണ്ഡലങ്ങൾ അവരുടെ മനസ്സ് ഉറപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഒടുവിൽ വന്ന തിരഞ്ഞെടുപ്പ് ഫലം. അതിനാൽ മുന്നണികൾക്കു കൃത്യമായി സംഘടനാ പ്രവര്‍ത്തനം നടത്താനും വോട്ട് അവരുടെ പെട്ടിയിൽ വീഴ്ത്താനും കഴിഞ്ഞാൽ അപ്രതീക്ഷിത മാറ്റങ്ങൾ കാണാമെന്നാണ് വിലയിരുത്തൽ.

2021 ൽ ആര് വരും? എന്തു സംഭവിക്കും?

തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞുവരുന്നതേയുള്ളൂവെങ്കിലും മൽസരരംഗത്ത് ആരൊക്കെയുണ്ടാകുമെന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കൊടുവള്ളി, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ രാഷ്ട്രീയപരമായ പല നീക്കങ്ങളും പ്രതീക്ഷിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ച് കൊടുവള്ളി. എന്നാൽ, വലിയ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ലെങ്കിൽ ഇടതു സ്വതന്ത്രനായി വീണ്ടും കാരാട്ട് റസാഖ് തന്നെ ഇവിടെ മൽസരിക്കും.

വടകരയിൽ ആർഎംപിഐയുടെ സാന്നിധ്യം യുഡിഎഫ് അനുകൂല ഘടകമായി കാണുന്നു. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപിഐ നേതാവുമായ കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ ഇവിടെനിന്നു മൽസരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേരിട്ട് ഈ സീറ്റിൽ മൽസരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇടതു മുന്നണിയിലെത്തിയ എൽജെഡിക്ക് വടകര സീറ്റ് നൽകാനുള്ള സാധ്യയുണ്ട്. സോഷ്യലിസ്റ്റുകൾക്ക് സ്വാധീനമുള്ള മേഖലയെന്ന പരിഗണനയും എൽജെഡിക്ക് വടകരയോടുള്ള താൽപര്യവും പരിഗണിക്കാനാണ് സാധ്യത. എൽഡിഎഫിന്റെ നിലവിലെ സിറ്റിങ് സീറ്റുകൂടിയാണിത്.

നാദാപുരത്ത് കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട കെപിസിസി സെക്രട്ടറി കെ. പ്രവീൺകുമാർ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് കരുതുന്നത്. സിപിഐയുടെ ഇ.കെ. വിജയൻ വീണ്ടും ഇവിടെനിന്നു ജനവിധി തേടും. കുറ്റ്യാടിയിൽ ലീഗിലെ പാറക്കൽ അബ്ദുല്ല വീണ്ടും മൽസരിക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടിയാകും സിപിഎമ്മിന്റെ സ്ഥാനാർഥിയെന്നാണ് സൂചന. കൊയിലാണ്ടിയിൽ സിപിഎമ്മിന്റെ കെ. ദാസൻ തന്നെ വീണ്ടും രംഗത്തിറങ്ങും. യുഡിഎഫിനായി എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ള കെപിസിസി സെക്രട്ടറിമാർ പരിഗണനയിലാണ്.

എലത്തൂരിൽ എൻസിപിയുടെ എ.കെ. ശശീന്ദ്രൻ തന്നെ വീണ്ടും എൽഡിഎഫിനായി മൽസരിക്കും. കഴിഞ്ഞ ദിവസം ചേർന്ന എൻസിപി യോഗത്തിൽ ഇതിനെതിരെ ഒരു വിഭാഗം ശബ്ദമുയർത്തിയെങ്കിലും കേരളത്തിലെ എൻസിപിയുടെ പ്രധാന നേതാവായ ശശീന്ദ്രനു പകരം ആരെയെങ്കിലും പരിഗണിക്കുമെന്നു കരുതാനാവില്ല. കോഴിക്കോട് സൗത്തിൽ മുസ്‍ലിം ലീഗിന്റെ എം.കെ. മുനീറാണ് നിലവിൽ എംഎൽഎ. അദ്ദേഹം തന്നെ യുഡിഎഫിനായി വീണ്ടും മൽസരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞതവണ ഐഎൻഎല്ലിന് ഇടതുപക്ഷം നൽകിയ സീറ്റായിരുന്നു ഇത്.

എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച മുന്നേറ്റം കണക്കിലെടുത്ത് സീറ്റ് സിപിഎം തിരിച്ചെടുക്കാനുള്ള സാധ്യതയുണ്ട്. മികച്ച സ്ഥാനാർഥിയെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ശ്രമം. സംവരണ മണ്ഡലമായ ബാലുശേരിയിൽ പുരുഷൻ കടലുണ്ടിക്കു പകരം എസ്എഫ്ഐ നേതാവ് കെ.എം. സച്ചിൻദേവിന്റെ പേരാണ് പരിഗണിക്കുന്നത്. യുഡിഎഫിൽ ചലച്ചിത്ര താരം ധർമജൻ ബോൾഗാട്ടിയുടെ പേര് ഉയർന്നുകേൾക്കുന്നതും ഇവിടെത്തന്നെ. ഇടതുകോട്ടയായ ബാലുശേരിയിൽ ധർമജനെ പോലൊരു ചലച്ചിത്ര താരത്തെയിറക്കി മണ്ഡലം പിടിക്കാനാണ് യുഡിഎഫ് ശ്രമം. എന്നാൽ സ്ഥാനാർഥിയാകുന്ന കാര്യം ധർമജനും പാർട്ടിയും സ്ഥിരീകരിച്ചിട്ടില്ല.

പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ വീണ്ടും എൽഡിഎഫ് സ്ഥാനാർഥിയാകും. എന്നാൽ, കേരള കോൺഗ്രസ് ഈ മണ്ഡലം വേണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, മന്ത്രിയായ ടിപിയുടെ സിറ്റിങ് സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ കുറ്റ്യാടി സീറ്റ് നൽകി ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനാകും ശ്രമം. ബേപ്പൂരിൽനിന്ന് വി.കെ.സി. മമ്മദ് കോയയും തിരുവമ്പാടിയിൽനിന്ന് ജോർജ് എം. തോമസും ഇത്തവണ ഇടതുപക്ഷത്തിനായി മൽസരിക്കാൻ സാധ്യതയില്ല.

കേരള കോൺഗ്രസ് എൽഡിഎഫിൽ എത്തിയതോടെ മലയോര മേഖലയിൽ കുറേക്കൂടി മുന്നേറ്റം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ജോസ് പക്ഷത്തിന് ഈ സീറ്റ് നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കുന്നമംഗലത്ത് പി.ടി.എ. റഹീം വീണ്ടും ഇടത് സ്വതന്ത്രനായി മൽസരിക്കും. മൂന്നു തവണ മൽസരിച്ചവർ മാറിനിൽക്കണമെന്നാണ് സിപിഎം ധാരണയെങ്കിലും മികച്ച പ്രവർത്തനങ്ങളും ജയസാധ്യതയും കണക്കിലെടുത്ത് കോഴിക്കോട് നോർത്തിൽ എ.പ്രദീപ് കുമാർ വീണ്ടും മൽസരിക്കും.

pta-assembly-elections-1465

യുവ സ്ഥാനാർഥികളെയാണ് യുഡിഎഫ് ഇവിടേയ്ക്ക് പരിഗണിക്കുന്നത്. കെഎസ്‍യു നേതാക്കളോ യൂത്ത് കോൺഗ്രസ് നേതാക്കളോ പ്രദീപിനെ നേരിടാൻ ഇറങ്ങുമെന്നാണ് സൂചന. ഇടതു ചേർന്ന് നിൽക്കുമ്പോഴും കോഴിക്കോടിന്റെ വോട്ടുചിത്രം ഇപ്പോഴും പൂർണമല്ല. സമകാലിക സംഭവങ്ങളും സർക്കാരിന്റെ ഇടപെടലുകളും അടിസ്ഥാന പ്രശ്നങ്ങളും വികസനവുമെല്ലാം തിരഞ്ഞെടുപ്പിൽ വിഷയമാകും. കോഴിക്കോടിന്റെ മനസ്സറിയാൻ കാത്തിരിക്കാം.

English Summary: Kerala Assembly Election 2021- Kozhikode district roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.