നടക്കാതെ പോയ ആ മുദ്രാവാക്യം; വിഎസും ഗൗരിയമ്മയുമില്ലാതെ ഈ തിരഞ്ഞെടുപ്പ്

1200-vs-gouri-amma
കെ.ആർ.ഗൗരിയമ്മ, വി.എസ്.അച്യുതാനന്ദൻ. ഫയൽ ചിത്രം∙ മനോരമ
SHARE

ആലപ്പുഴ ∙ കേരള രാഷ്ട്രീയത്തിൽ തലപ്പൊക്കമുള്ള രണ്ടുപേർ മത്സരിക്കാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാകും ഇത്തവണത്തേത് – കെ.ആർ.ഗൗരിയമ്മയും വി.എസ്.അച്യുതാനന്ദനും. 1957 ൽ കേരളം രൂപപ്പെട്ടതു മുതൽ ഇതുവരെ ഇവരിൽ ഒരാളെങ്കിലും നിയമസഭയിലേക്കു മത്സരിക്കാത്ത തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. 96–ാം വയസ്സിൽ, 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഗൗരിയമ്മ മത്സരക്കളം വിട്ടത്. 97–ാം വയസ്സിൽ, ഇത്തവണ വിഎസും തിരഞ്ഞെടുപ്പു മത്സരത്തിൽ നിന്നു പിന്മാറും.

∙ ഗൗരിയമ്മയുടെ 63 വർഷങ്ങൾ

പ്രായത്തിൽ ഗൗരിയമ്മയെക്കാൾ നാലു വയസ്സിന് ഇളപ്പമാണ് വിഎസ്. വിഎസ് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് 19 വർഷം മുൻപ് ഗൗരിയമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചു; ആദ്യ തിരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ഫലം.

സ്വാതന്ത്ര്യം ലഭിച്ച ശേഷം 2011 വരെ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച ഏക വ്യക്തിയാണ് ഗൗരിയമ്മ. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തി. കേരള നിയമസഭയിലേക്ക് 10 തവണയും തിരു–കൊച്ച‍ി നിയമസഭയിലേക്ക് രണ്ടു തവണയും വിജയിച്ചു കേരള രാഷ്ട്രീയത്തിന്റെ അമ്മ!

തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തോടെ 1948 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായിരുന്നു ഗൗരിയമ്മ. കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ മുഴുവൻ പരാജയപ്പെട്ടെങ്കിലും കെട്ടിവച്ച കാശ് തിരികെക്കിട്ടിയ നാലു കമ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു ഗൗരിയമ്മ. തിരു–കൊച്ചി സംസ്ഥാനം രൂപീകരിച്ചശേഷം 1952 ൽ നടന്ന തിരഞ്ഞെടുപ്പിൽ കന്നിവിജയം നേടിയ ഗൗരിയമ്മ 1954 ലും വിജയം ആവർത്തിച്ചു.

കേരള രൂപീകരണത്തിനു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ൽ ആയിരുന്നു. അന്നു മുതൽ 2011 വരെ നീണ്ട 54 വർഷം, 13 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗൗരിയമ്മ പരാജയപ്പെട്ടത് മൂന്നു തവണ മാത്രം. 1977 ൽ, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പുകാലം ഗൗരിയമ്മയ്ക്ക് വ്യക്തിപരമായി ഏറെ പ്രയാസം അനുഭവിക്കേണ്ടി വന്ന കാലം കൂടിയായിരുന്നു. ഏറെക്കാലം പിരിഞ്ഞു ജീവിച്ചെങ്കിലും ജീവന്റെ പാതിയായിരുന്ന ടി.വി.തോമസിനെ നഷ്ടമായത് അക്കാലത്താണ്. ആ തിരഞ്ഞെടുപ്പിലാണ് ഗൗരിയമ്മ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യമായി പരാജയപ്പെട്ടത്. പിന്നീട് 2006, 2011 വർഷങ്ങളിലും ജനവിധി ഗൗരിയമ്മയ്ക്കെതിരായി.

ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പിലും ചേർത്തലയിൽ നിന്നു വിജയിച്ച ഗൗരിയമ്മ പിന്നീട് എട്ടു തവണ അരൂരിൽ നിന്നാണു നിയമസഭയിലെത്തിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി, സിപിഎം, ജെഎസ്എസ് എന്നിങ്ങനെ മൂന്നു പാർട്ടികളുടെ എംഎൽഎയായിരുന്നു. സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട ശേഷം 1996 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെയാണ് സ്വന്തമായി രൂപീകരിച്ച ജെഎസ്എസിന്റെ സ്ഥാനാർഥിയായി അരൂരിൽ നിന്നു വൻവിജയം നേടിയത്.

1200-pinarayi-gouri-amma
പിണറായി വിജയൻ, കെ.ആർ.ഗൗരിയമ്മ. ഫയൽ ചിത്രം∙ മനോരമ

∙ വിഎസിന്റെ അരനൂറ്റാണ്ട്

1964 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ സ്ഥാപകരിലൊരാളായി മാറിയ വിഎസ്, 1967 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരരംഗത്തെത്തിയത്. കന്നിയങ്കത്തിൽ, ജന്മനാടായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ എ.അച്യുതനെ തോൽപ്പിച്ച് നിയമസഭയിലെത്തി. പിന്നീട് 1970 ൽ ആർഎസ്പിയിലെ കെ.കെ.കുമാരപിള്ളയെ തോൽപ്പിച്ചെങ്കിലും 1977 ലെ തിരഞ്ഞെടുപ്പിൽ കുമാരപിള്ളയാണ് വിജയിച്ചത്.

പരാജയത്തെത്തുടർന്ന് സിപിഎമ്മിന്റെ സംഘടനാ നേതൃത്വത്തിലേക്കു മാറിയ വിഎസ് 1991 ല്‍ ആണ് വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തെത്തിയത്. പിന്നീട് മൂന്നു പതിറ്റാണ്ട് വിഎസ് കേരളത്തിലെ രാഷ്ട്രീയ ചലനങ്ങളെ നിയന്ത്രിച്ചു. 1996 ൽ മാരാരിക്കുളത്ത്, സ്വന്തം പാർട്ടിയുടെ കാലുവാരലിൽ പരാജയപ്പെട്ട വിഎസ് പിന്നീട് കളം മലമ്പുഴയിലേക്കു മാറ്റി. തുടർച്ചയായി നാലു തവണ മലമ്പുഴയിൽ നിന്നു വിഎസ് തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതു തവണ നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിട്ട വിഎസ് ഏഴു തവണ വിജയം നേടി.

∙ ഗൗരിക്കു നഷ്ടമായതും വിഎസിനു ലഭിച്ചതും ആ കസേര

ആലപ്പുഴക്കാരാണ് എന്നതുൾപ്പെടെ ഗൗരിയമ്മയ്ക്കും വിഎസിനും ഒട്ടേറെ സാമ്യങ്ങളുണ്ട്. കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഇരുവരും ആദ്യമായി പരാജയപ്പെട്ടത് 1977 ൽ ആണ്. 1987 ലെ തിരഞ്ഞെടുപ്പിൽ കേരളമാകെ ഇടതു മുന്നണി ഏറ്റുവിളിച്ച മുദ്രാവാക്യം പ്രശസ്തമാണ്– 

‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും...’

1987 ലെ‍ തിരഞ്ഞെടുപ്പിൽ കെ.ആർ.ഗൗരിയമ്മയുടെ പ്രചാരണത്തിന്റെ തുടക്കം അരൂരിൽ നിന്നായിരുന്നു. അത് ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ.വാസുദേവൻനായരും കൂടിയാണ്. രണ്ട് സംസ്ഥാന നേതാക്കൾ വേദി പങ്കിട്ടതു മാത്രമല്ല പ്രത്യേകത. ആ വേദിയിൽ വച്ചാണ് ഇരുവരും കെ.ആർ.ഗൗരിയമ്മ ജയിച്ചാൽ അരൂരിനു മുഖ്യമന്ത്രിയെ ലഭിക്കുമെന്നു പ്രഖ്യാപിച്ചത്.

1200-vs-cpm-gouri
വിഎസിന്റെ മകൻ വി.എ.അരുൺ കുമാർ, വിഎസ്, ഗൗരിയമ്മ∙ ഫയൽ ചിത്രം

ഗൗരിയമ്മ അത്തവണ പാട്ടുംപാടി ജയിച്ചു. പക്ഷേ, പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് തർക്കങ്ങളും കാരണം ഗൗരിയമ്മയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്നതാണ് പിന്നീടു കണ്ടത്. അതിനു പിന്നിൽ അന്നു പാർട്ടിയുടെ താത്വികാചാര്യനായിരുന്ന ഇഎംഎസിന്റെ ചരടുവലികൾ ആയിരുന്നുവെന്ന് ഗൗരിയമ്മ പിൽക്കാലത്ത് ആരോപിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന സ്ഥാനം, കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവിന് അർഹമായ സ്ഥാനം നഷ്ടമാക്കാൻ എന്തായാലും അന്നത്തെ ഗ്രൂപ്പ് തർക്കങ്ങൾ കാരണമായി എന്നതു കേരള രാഷ്ട്രീയത്തിനു തന്നെ വലിയ നഷ്ടമായി. അത്തവണ ഇ.കെ.നായനാരാണ് മുഖ്യമന്ത്രിയായത്.

1200-vs-achuthanandan-cpm
വി.എസ്.അച്യുതാനന്ദൻ∙ഫയൽ ചിത്രം

പിൽക്കാലത്ത് വിഎസിനും സമാനമായ പ്രശ്നം നേരിടേണ്ടി വന്നു. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കോട്ടയായ മാരാരിക്കുളത്തു നിന്നു വിഎസ് മത്സരിക്കുമ്പോൾ വിജയം മാത്രമല്ല, മുഖ്യമന്ത്രിക്കസേര കൂടി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. എന്നാൽ, അതിനകം പാർട്ടിയിലെ വിഭാഗീയത ശക്തമായിരുന്ന മാരാരിക്കുളത്ത് വിഎസിന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറികളിലൊന്ന് നേരിടേണ്ടി വന്നു. പരാജയം പ്രതീക്ഷിച്ചു മത്സരിക്കാനെത്തിയ കോൺഗ്രസ് സ്ഥാനാർഥി പി.ജെ.ഫ്രാൻസിസ് ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാരാരിക്കുളത്തു വിജയിച്ചു.

വിഎസ് പരാജയപ്പെട്ടതോടെ, അമ്പലപ്പുഴയിൽ നിന്നു വിജയിച്ച സുശീല ഗോപാലൻ മുഖ്യമന്ത്രിയാകുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അത്തവണയും ഒരു വനിതയെ മുഖ്യമന്ത്രി സ്ഥാനത്തു പരീക്ഷിക്കാൻ സിപിഎം തയാറായില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിന്ന ഇ.കെ.നായനാരെ വീണ്ടും തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു; മുഖ്യമന്ത്രിയുമാക്കി.

വിഎസിന് പിന്നെയും 10 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു; മുഖ്യമന്ത്രിയാകാൻ.  അപ്പോഴേക്കും മുഖ്യമന്ത്രി കസേരയ്ക്കു മാത്രമല്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അദ്ദേഹത്തിനു വളരെ പൊരുതേണ്ടിയും വന്നതും ചരിത്രം.

English Summary: Kerala Assembly Elections 2021 without prominent leaders KR Gowriamma and VS Achuthanandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA