കോവിഡ് ഭീതിയിൽ മുങ്ങി മഹാരാഷ്ട്ര; പ്രതിദിന രോഗബാധ ഏഴായിരത്തിലേക്ക്

INDIA-HEALTH-VIRUS
മുംബൈ റെയിൽവേ സ്റ്റേഷനിലെ കോവിഡ് പരിശോധന. PHOTO- Indranil MUKHERJEE / AFP'
SHARE

മുംബൈ ∙ പിന്നിട്ട വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കെടുതി അനുഭവിച്ച സംസ്ഥാനമായ മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപനഭീഷണിയുടെ നിഴലിൽ. കോവിഡ് കുത്തനെ കുറഞ്ഞ രണ്ടു മാസത്തിനു ശേഷം വീണ്ടും കുതിച്ചുയരുകയാണ് കേസുകൾ. രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതർ 2500 ആയിരുന്നത് ഇപ്പോൾ 7000ൽ എത്തിനിൽക്കുന്നു.

മഹാരാഷ്ട്രയിലെ ആകെ പോസിറ്റീവ് കേസുകൾ 21 ലക്ഷം പിന്നിട്ടിരിക്കെ, മരണം അൻപത്തിരണ്ടായിരത്തോട് അടുക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗ സൂചനകൾക്കിടെ, വീണ്ടുമൊരു ലോക്ഡൗണിനുള്ള സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 

ആദ്യഘട്ടത്തിൽ ധാരാവി അടക്കമുള്ള ചേരികളാണ് നെഞ്ചിടിപ്പു കൂട്ടിയതെങ്കിൽ ഇപ്പോൾ മുംബൈയും പുണെയും അടക്കമുള്ള നഗരമേഖലകളിലെ കെട്ടിട സമുച്ചയങ്ങളിലും, ഗ്രാമീണ ജില്ലകളിലുമാണ് കോവിഡ് വർധന. മുംബൈയിൽ നിന്ന് 700 കിലോമീറ്റർ അകെലയുള്ള അമരാവതി, യവത്‌മാൾ, അകോള തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് കോവിഡ് കുതിച്ചുയർന്നത്.

അടുത്തിടെ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ഗ്രാമങ്ങളിലെ കോവിഡ് വർധനയ്ക്കു കാരണമായി കരുതുന്നത്. മുംബൈയിൽ ലോക്കൽ ട്രെയിൻ എല്ലാവർക്കും ഭാഗികമായി തുറന്നുകൊടുത്തതോടെ തിരക്കു കൂടിയതും, ആളുകള്‍ മാനദണ്ഡങ്ങൾ അവഗണിച്ചതുമാണ് നഗരമേഖലകളിലെ കോവിഡ് കുതിപ്പിനു കാരണം. 

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 80 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയ മേഖലകളുണ്ട്. അമരാവതി ജില്ലയിലെ തിവ്സ താലൂക്ക് കനത്ത പോളിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നാണ്. ഇവിടെ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയപ്പോൾ മൂന്നിൽ ഒരാൾക്ക് എന്ന കണക്കിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം അടക്കമുള്ള ആഘോഷങ്ങൾ കഴിഞ്ഞ വർഷം മാറ്റിവച്ചത് ഇൗ വർഷം പുനരാരംഭിച്ചതാണ് കോവിഡ് വ്യാപനത്തിന്റെ മറ്റൊരു കാരണായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

നിയന്ത്രണങ്ങളിൽ ചെറിയ ഇളവു വരുത്തിയതോടെ 500 പേർ വരെ പങ്കെടുക്കുന്ന വിവാഹങ്ങൾ പലയിടങ്ങളിലും സാധാരണയായി. ഇതിപ്പോൾ  50 പേരിലേക്കു വീണ്ടും ചുരുക്കിയിരിക്കുകയാണു സർക്കാർ. നിയന്ത്രണങ്ങൾ കുറഞ്ഞതോടെയും വാക്സീൻ വന്നതോടെയും കോവിഡ് ഭീഷണി അകന്നുവെന്ന വിധത്തിലായിരുന്നു ജനങ്ങളുടെ പെരുമാറ്റം. പലരും മാസ്ക് ഉപേക്ഷിച്ചു. കടകളിലും സ്ഥാപനങ്ങളിലും സാനിറ്റൈസർ വച്ചിരുന്നത്  അപ്രത്യക്ഷമായി.  സാമൂഹിക അകലം എവിടെയുമില്ല. ഫലമോ, മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ 21ലും കോവിഡ് കേസുകൾ വീണ്ടും വർധിച്ചു.

ജനത്തിരക്ക് വില്ലൻ

മുംബൈയും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുന്ന വിശാല മുംൈബയിലെ ജനസംഖ്യ രണ്ടു കോടിയിലേറെയാണ്. മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യ 12 കോടിയും. ആയിരത്തിൽ താഴെയാണ് ഇപ്പോൾ മുംബൈയിലെ പ്രതിദിന കോവിഡ് കേസുകൾ. മഹാരാഷ്ട്രയിൽ ഏഴായിരത്തോളമാണിത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇതു കുറവെങ്കിലും തീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സംബന്ധിച്ച സംശയങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു. പുതിയ വകഭേദം സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാധ്യതകൾ തള്ളാനാകില്ല.

ഏറ്റവും കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ എത്തുന്ന നഗരങ്ങളിലൊന്നാണ് മുംബൈ. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനുപേരാണ് പ്രതിദിനം മുംബൈയില്‍ വന്നിറങ്ങുന്നത്. പല രാജ്യങ്ങളിലും സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ പോക്കുവരവു വർധിച്ചിരിക്കെയാണ് മുംൈബയിലെ ലോക്കൽ ട്രെയിൻ നിശ്ചിത സമയങ്ങളിൽ  എല്ലാവർക്കുമായി തുറുന്നുകൊടുത്തതും. പ്രതിദിനം 37 ലക്ഷം  പേർ ഇപ്പോൾ ലോക്കൽ ട്രെയിൻ ഉപയോഗിക്കുന്നതായാണു കണക്ക്. ഇതെല്ലാം കോവിഡിന്റെ വ്യാപനത്തിനു കാരണമായെന്നാണ് ആരോഗ്യവകുപ്പു പറയുന്നത്.

ലോക്ഡൗൺ മുന്നറിയിപ്പ്

വിദർഭ മേഖലയിലെ അമരാവതി, യവത്‌മാൾ ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സര്‍ക്കാർ മൂന്നു സമീപ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുണെയിലും നാസിക്കിലും നിശാ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. സാഹചര്യം വഷളായാൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ അനുമതി നൽകി. 

നിലവിലെ നിയന്ത്രണങ്ങൾ:

∙ മത, സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങൾക്കും കൂടിച്ചേരലുകൾക്കും വിലക്ക്

∙ വിവാഹത്തിന് 50 പേരിൽ കൂടുതൽ പാടില്ല

∙ മുംബൈയിൽ ഒരു കെട്ടിടത്തിൽ 5 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചാൽ കെട്ടിടം സീൽ ചെയ്യും.

∙ മുംബൈയിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ കയ്യിൽ ക്വാറന്റീൻ മുദ്ര പതിക്കും.

∙ മാസ്ക് ധരിക്കാത്തവർക്കും മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും പിഴ കർശനമാക്കി. 

∙ കേരളത്തിൽ നിന്ന് വിമാന, ട്രെയിൻ, റോഡ് മാർഗം മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ്  (ആർടി -പിസിആർ) റിപ്പോർട്ട് നിർബന്ധം.

∙ മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർക്ക് കർണാടകയും കോവിഡ് നെഗറ്റീവ് റിപ്പോർട്ട് (ആർടി -പിസിആർ) നിർബന്ധമാക്കിയിട്ടുണ്ട്. 

തയാറെടുപ്പുകൾ

കോവിഡ് വർധിക്കവെ സംസ്ഥാനത്തെ പഴയ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ വീണ്ടും സജ്ജമാക്കാനുള്ള ആലോചനയിലാണ് സർക്കാർ. കോവിഡ് വർധിക്കുന്ന പ്രദേശങ്ങളിൽ വ്യാപന സാധ്യത മുന്നിൽക്കണ്ടുള്ള തയാറെടുപ്പ് നടത്താനാണു നിർദേശം. വെന്റിലേറ്ററുകൾ, ഒാക്സിജൻ സംവിധാനങ്ങൾ, അഗ്നിശമന ക്രമീകരണങ്ങൾ, മരുന്ന്, ആരോഗ്യപ്രവർത്തകർ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ വീണ്ടും സജ്ജമാക്കാനാണു നിർദേശം. സർക്കാർ, സ്വകാര്യ ചികിൽസാകേന്ദ്രങ്ങളിലായി 11,968 ഐസലേഷൻ കിടക്കകളാണ് മുംബൈയിലുളളത്. ഇതിൽ 9000 എണ്ണവും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്.

English Summary: Maharashtra imposes fresh restrictions as Covid-19 numbers spike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA